| Sunday, 19th April 2026, 1:15 pm

സഞ്ജു വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ ജോസേട്ടനെ വെട്ടാന്‍ രഹാനെ; വേണ്ടത് വെറും എട്ട് റണ്‍സ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ഇന്ന് നടക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സസും ഏറ്റുമുട്ടാനിരിക്കുകയാണ്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

മത്സരത്തിനിറങ്ങുമ്പോള്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയെ കാത്തിരിക്കുന്ന ഒരു തകര്‍പ്പന്‍ നേട്ടമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റായല്‍സും തമ്മിലുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് രഹാനെയ്ക്ക് സാധിക്കുക. മുന്‍ രാജസ്ഥാന്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ രണ്ടാം സ്ഥാനം നേടാന്‍ രഹാനെയ്ക്ക് വെറും എട്ട് റണ്‍സ് മാത്രമാണ്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ രാജസ്ഥാന്‍ താരം ജോസ് ബട്‌ലറാണ്.

 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റായല്‍സും തമ്മിലുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്

സഞ്ജു സാംസണ്‍ – 413

ജോസ് ബട്‌ലര്‍ – 393

അജിന്‍ക്യാ രഹാനെ – 386

ഷെയ്ന്‍ വാട്‌സണ്‍ – 304

അതേസമയം സീസണില്‍ ഇതുവരെ ആറ് മത്സരത്തില്‍ നിന്ന് ഒരു വിജയം പോലും നേടാന്‍ അജിന്‍ക്യ രഹാനെയ്ക്കും സംഘത്തിനും സാധിച്ചിട്ടില്ല. പഞ്ചാബിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ പങ്കിട്ടെടുത്ത ഒരു പോയിന്റ് മാത്രമാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടിലുള്ളത്.

അതുകൊണ്ടുതന്നെ ഏഴാം മത്സരത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും കൊല്‍ക്കത്ത പ്രതീക്ഷിക്കുന്നില്ല. ഇരുവരും ഐ.പി.എല്ലില്‍ 32 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതില്‍ 16 മത്സരങ്ങളില്‍ കൊല്‍ക്കത്ത വിജയിച്ചപ്പോള്‍ 14 മത്സരങ്ങളില്‍ രാജസ്ഥാനും വിജയം കണ്ടു. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല.

ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ പ്രതിസന്ധി തന്നെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് നേരിടുന്നത്. ക്യാപ്റ്റന്‍ രഹാനെയുള്‍പ്പെടെ ഫോം മങ്ങിയത് ടീമിന് തിരിച്ചടിയാണ്. കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയത് പ്രതീക്ഷ നല്‍കുന്നതാണ്.

ബൗളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി പ്രതീക്ഷിച്ച പ്രകടനത്തിലെത്താത്തതു കൊല്‍ക്കത്തയ്ക്ക് വെല്ലുവിളിയാണ്. സൂപ്പര്‍ പേസര്‍ മതീശ പതിരാന ടീമിലെത്തിയത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമാണെങ്കിലും താരം ഇന്ന് കളത്തിലിറങ്ങുമോ എന്ന് കണ്ടറിയണം.

അതേസമയം തുടര്‍ വിജയങ്ങളുമായി മുന്നേറിയ രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇന്ന് വിജയവഴിയില്‍ ഇറങ്ങാന്‍ കച്ചകെട്ടിയാകും റിയാന്‍ പരാഗും സംഘവും കളത്തിലെത്തുന്നത്. യുവ താരം വൈഭവും യശസ്വി ജെയ്‌സ്വാളും പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയാല്‍ കൊല്‍ക്കത്തയ്ക്ക് വിജയം സ്വപ്നം കാണാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്.

Content Highlight: Ajinkya Rahane Need 8 Runs To Surpass Jos Buttler

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more