| Thursday, 25th December 2025, 2:40 pm

ഓസ്‌ട്രേലിയ ഒരിക്കല്‍ മാത്രം കൈവിട്ട മെഡല്‍; രഹാനെയുടെ നേട്ടമാവര്‍ത്തിക്കാന്‍ ഏത് ഇംഗ്ലണ്ട് താരത്തിനാകും?

ആദര്‍ശ് എം.കെ.

ആഷസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം മത്സരം നാളെ ബോക്‌സിങ് ഡേയില്‍ അരങ്ങേറും. വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് ഈ പോരാട്ടത്തിന് വേദിയാകുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച കങ്കാരുക്കള്‍ ഇതിനോടകം തന്നെ ആഷസ് കിരീടം നിലനിര്‍ത്തിയിട്ടുണ്ട്.

ഓരോ ബോക്‌സിങ് ഡേ ടെസ്റ്റുകളും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മത്സരമാണ്. ഇക്കാരണം കൊണ്ട് തന്നെ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ കങ്കാരുക്കളെ സംബന്ധിച്ച് അഭിമാനപ്പോരാട്ടവുമാണ്.

ഈ മത്സരത്തിലെ കളിയിലെ താരത്തിന് ഒരു സ്‌പെഷ്യല്‍ പുരസ്‌കാരവും കാത്തിരിക്കുന്നുണ്ട്. 1868ലെ ഓസ്‌ട്രേലിയയുടെ യു.കെ പര്യടനത്തിലെ നായകനായ ജോണി മുല്ലാഗിനോടുള്ള ബഹുമാനസൂചകമായി അവതരിപ്പിച്ച മുല്ലാഗ് മെഡലാണ് ബോക്സിങ് ഡേ ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചിന് സമ്മാനിക്കുക.

ജോണി മുല്ലാഗ്. Photo: Wikipedia

1968 മുതല്‍ക്ക് തന്നെ കങ്കാരുക്കള്‍ ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ കളിക്കുന്നുണ്ടെങ്കിലും 2020 മുതലാണ് മുല്ലാഗ് മെഡല്‍ സമ്മാനിക്കാനാരംഭിച്ചത്.

മുല്ലാഗ് മെഡല്‍. Photo: Cricket Australia

ഇതുവരെ നാല് താരങ്ങളാണ് ഈ ബഹുമതിക്ക് അര്‍ഹരായിട്ടുള്ളത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് നോണ്‍ ഓസ്‌ട്രേലിയന്‍ ബോക്‌സിങ് ഡേ ടെസ്റ്റിലെ താരത്തിനുള്ള ഈ മെഡല്‍ സ്വന്തമാക്കിയത്, അതും മെഡല്‍ അവതരിപ്പിച്ച 2020ല്‍ തന്നെ!

2020ലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയാണ് പ്രഥമ മുല്ലാഗ് മെഡല്‍ ജേതാവായത്. കങ്കാരുക്കള്‍ ഒടുവില്‍ ഒരു ബോക്‌സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെടുന്നതും ഈ മത്സരത്തിലാണ്.

അജിന്‍ക്യ രഹാനെ

ശേഷം 2021ബോക്സിങ് ഡേ ടെസ്റ്റില്‍ കളിയിലെ താരമായതോടെ സ്‌കോട്ട് ബോളണ്ടിനെയും 2022ല്‍ ഡേവിഡ് വാര്‍ണറിനെയും ഈ പുരസ്‌കാരം തേടിയെത്തി. 2021ലും ഇംഗ്ലണ്ടും 2022ല്‍ സൗത്ത് ആഫ്രിക്കയുമായിരുന്നു ഓസ്‌ട്രേലിയയുടെ എതിരാളികള്‍.

സ്‌കോട്ട് ബോളണ്ട് | ഡേവിഡ് വാര്‍ണര്‍

തുടര്‍ന്ന് നടന്ന രണ്ട് ബോക്‌സിങ് ഡേ ടെസ്റ്റിലും നായകന്‍ പാറ്റ് കമ്മിന്‍സാണ് ഈ പുരസ്‌കാരത്തിനര്‍ഹനായത്. 2023ല്‍ പാകിസ്ഥാനെതിരെ ടെന്‍ഫറും 2024ല്‍ ഇന്ത്യയ്‌ക്കെതിരെ ഓള്‍റൗണ്ട് പ്രകടനവും പുറത്തെടുത്താണ് കമ്മിന്‍സ് ബോക്‌സിങ് ഡേ ടെസ്റ്റിന്റെ താരമായത്.

പാറ്റ് കമ്മിന്‍സ്

ഇപ്പോള്‍, ഓസ്‌ട്രേലിയ മറ്റൊരു ബോക്‌സിങ് ഡേ ടെസ്റ്റിനിറങ്ങുമ്പോള്‍ ഈ മെഡല്‍ ആര് കഴുത്തിലണമിയുമെന്ന ചോദ്യമാണ് ഉയരുന്നത്. സൂപ്പര്‍ പേസര്‍ സ്‌കോട്ട് ബോളണ്ട് വീണ്ടും ഈ മെഡല്‍ നേടി ഒന്നിലധികം തവണ ഈ പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാമത് താരമെന്ന നേട്ടത്തിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ബോളണ്ട് അല്ലെങ്കില്‍ മത്സരത്തില്‍ കളത്തിലിറങ്ങുന്ന 21 പേരില്‍ മറ്റാരും തന്നെ ഈ പുരസ്‌കാരം സ്വന്തമാക്കിയാലും മെഡലിന് പുതിയ അവകാശിയും പിറവിയെടുക്കും.

പരമ്പരയില്‍ കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ഇംഗ്ലണ്ട് വരും മത്സരങ്ങളില്‍ രണം അല്ലെങ്കില്‍ മരണം എന്ന മനോഭാവത്തിലായിരിക്കും കളത്തിലിറങ്ങുക. അങ്ങനെയെങ്കില്‍ ഒരിക്കല്‍ മാത്രം ഓസ്‌ട്രേലിയക്ക് നഷ്ടപ്പെട്ട ഈ മെഡല്‍ ഇത്തവണ ഏതെങ്കിലും ഇംഗ്ലീഷ് താരത്തിന് അലങ്കാരമാകുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Ajinkya Rahane is the only non Australian to win the Mullagh Medal

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more