ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും സൂപ്പര്‍ താരം അജിന്‍ക്യാ രഹാനെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രഹാനെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രക്കാണ് വിരാമമിട്ടിരിക്കുന്നത്. ഇന്ത്യക്കായി ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്നും 2962 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രഹാനെ നേടിയിട്ടുണ്ട്.
അജിന്‍ക്യാ രഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററും ക്യാപ്റ്റനുമാണ് അദ്ദേഹം. എന്നാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്നേ വരെ ഒരു ഇന്ത്യക്കാരനും സ്വന്തമാക്കിയിട്ടില്ലാത്ത സ്‌പെഷ്യല്‍ നേട്ടവും കൈപ്പിടിയിലാക്കിയാണ് രഹാനെ ക്രിക്കറ്റ് കരിയറില്‍ നിന്ന് പടിയിറങ്ങുന്നത്. പ്രശസ്ത മുല്ലാങ് മെഡല്‍ നേടുന്ന ഏക ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രഹാനെയ്ക്കുള്ളത്.
മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ ജോണി മുല്ലാഗിനോടുള്ള ബഹുമാനസൂചകമായി ബോക്‌സിങ് ഡേ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് നല്‍കുന്നതാണ് ഈ മെഡല്‍. നിലവില്‍ മുല്ലാഗ് മെഡല്‍ സ്വന്തമാക്കിയത് രഹാനെയടക്കം അഞ്ച് താരങ്ങള്‍ മാത്രമാണ്.
2020ലാണ് പ്രഥമ മുല്ലാഗ് അവാര്‍ഡ് ആദ്യമായി പ്രഖ്യാപിച്ചത്. അന്ന് നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ക്യാപ്റ്റനായിരുന്ന രഹാനെയാണ് ഈ നേട്ടം ആദ്യം കരസ്ഥമാക്കിയത്. പിന്നാലെ നടന്ന നാല് ബോക്‌സിങ് ഡേ ടെസ്റ്റിലും കങ്കാരുക്കള്‍ തന്നെയാണ് ഈ അവാര്‍ഡ് തങ്ങളുടെ അക്കൗണ്ടിലെത്തിച്ചത്. 2026ല്‍ ഈ നേട്ടം സ്വന്തമാക്കിയത് ഇംഗ്ലണ്ട് താരം ജോഷ് ടങ്ങാണ്.
ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. അന്ന് 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളിലെ 144 ഇന്നിങ്സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് രഹാനെയുടെ അക്കൗണ്ടില്‍ ഉള്ളത്. ടി-20യില്‍ 20 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 375 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയാണ് രഹാനെ ഇന്ത്യക്ക് വേണ്ടി കുട്ടിക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.
Content Highlight: Ajinkya Rahane is the only Indian player to win the prestigious Mullagh Medal