| Saturday, 5th September 2026, 4:54 pm

മമ്മൂക്കയുടെ കൂടെ ഹാഷിര്‍, ലാലേട്ടന്റെ കൂടെ അജിന്‍... വാഴയിലൂടെ പിള്ളേരുടെ റേഞ്ച് മാറിയെന്ന് സിനിമാപേജുകള്‍

അമര്‍നാഥ് എം.

അതിമനോഹരത്തിന് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകനായ വിഷ്ണു മോഹനാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്മാരാണ് അണിനിരക്കുന്നത്.

റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന്റെ സമയത്ത് ഉക്രെയ്‌നില്‍ പെട്ടുപോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സേനയുടെ ദൗത്യമാണ് ഓപ്പറേഷന്‍ ഗംഗയുടെ കഥ. ബോളിവുഡ് താരം അര്‍ജുന്‍ റാംപാല്‍, തെലുങ്ക് താരം ഭാഗ്യശ്രീ ബോര്‍സെ, തമിഴ് താരം പാര്‍ത്ഥിപന്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്.

എന്നാല്‍ ചിത്രത്തില്‍ പലരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത് അജിന്റെ സാന്നിധ്യമാണ്. വാഴ 2ലൂടെ മുന്‍നിര താരമായി മാറിയ അജിന്‍ ഓപ്പറേഷന്‍ ഗംഗയുട ഭാഗമാണെന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ കടന്നുവന്ന താരം ഇന്ന് മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നിന്റെ ഭാഗമായതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ ഹാഷിറും ടീമും വാഴയില്‍ ചെറിയ റോളിലൂടെ സിനിമാലോകത്തേക്ക് കടന്നുവരികയായിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ വാഴ 2ലൂടെ ഇവര്‍ പ്രധാനവേഷത്തിലെത്തുകയും ചെയ്തു. ഹാഷിറിന്റെ സംഘത്തിലെ ഓരോരുത്തരെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ബോക്‌സ് ഓഫീസില്‍ 200 കോടിയിലേറെ നേടി കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറുകയും ചെയ്തു.

വാഴ 2ന് ശേഷം ഓരോ പ്രൊജക്ടും ശ്രദ്ധയോടെ തെരഞ്ഞെടുക്കുകയാണ് ഹാഷിറും സംഘവും. മോഹന്‍ലാലിന്റെ സിനിമയില്‍ അജിന്‍ വേഷമിടുമ്പോള്‍ മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പോവുകയാണ് ഹാഷിര്‍. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹാഷിറും ഭാഗമാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഡസ്ട്രി ഹിറ്റടിച്ച ടീം ഇപ്പോള്‍ ബിഗ് എംസിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നത് അവരുടെ വളര്‍ച്ചയെ സൂചിപ്പിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.

ഇന്‍ഡസ്ട്രി ഹിറ്റ് കോമ്പോ ഒന്നിക്കുന്ന അതിമനോഹരം കഴിഞ്ഞദിവസം പാക്കപ്പായിരുന്നു. ഇതിന് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഷൂട്ട് ജോര്‍ജിയയില്‍ ആരംഭിച്ചിരിക്കുകയാണ്. ഈ മാസം പകുതിയോടെ മോഹന്‍ലാല്‍ ഈ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധുരന്ധറിനായി സംഗീതമൊരുക്കിയ ശാശ്വത് സച്ച്‌ദേവാണ് ഓപ്പറേഷന്‍ ഗംഗയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്. അടുത്തവര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Ajin going to share screen with Mohanlal in Operation Ganga movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more