| Sunday, 11th October 2026, 11:14 am

സിനിമ കാണാതെ റിവ്യൂ ചെയ്യുന്നവര്‍ ഒരു ദിവസം ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൂടെ വര്‍ക്കിന് നിന്നാല്‍ അറിയാം ഞങ്ങളുടെ അധ്വാനം: അജയന്‍ ചാലിശ്ശേരി

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമാ മേഖലയിലെ അറിയപ്പെടുന്ന കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമാണ് അജയന്‍ ചാലിശ്ശേരി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാംസംവിധായകനായി അരങ്ങേറ്റം കുറിച്ച അജയന്‍ ഒട്ടനവധി ചിത്രങ്ങളുടെ പിന്നണിയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. മഹേഷിന്റെ പ്രതികാരം, പറവ, ട്രാന്‍സ്, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Photo: X.com

2024ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിലെ ഗുണ കേവ്‌സും അതിന്റെ പശ്ചാത്തലവും സെറ്റിട്ട അജയന്‍ ചാലിശ്ശേരിയുടെ വര്‍ക്കിന് വലിയ കൈയടിയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ വിജയത്തില്‍ അദ്ദേഹത്തിന്റെ വര്‍ക്കിന് വലിയ പങ്കുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂസിടുന്നവരെ കുറിച്ച് അജയന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ദി ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനം റിവ്യൂ ചെയ്യുന്നവര്‍ മനസിലാക്കണമെന്ന് അജയന്‍ ചാലിശേരി പറഞ്ഞത്.

‘ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അതില്‍ നമ്മള്‍ ചെയ്ത വര്‍ക്കും കാണാതെ പോകുകയാണ്. നമ്മള്‍ എത്ര കാലം വര്‍ക്ക് ചെയ്തു എന്നത് ബാധകമല്ല. നല്ല സിനിമകളായിരിക്കണം, നന്നായി വര്‍ക്ക് ചെയ്യാന്‍ പറ്റണം, ആ സിനിമയിലൂടെ പ്രൊഡസ്യൂര്‍ ഇറക്കിയ പണം തിരിച്ച് കിട്ടണം തുടങ്ങി നമുക്കതിന്റെ മാക്‌സിമം ചെയ്ത് കൊടുക്കാന്‍ കഴിയണം എന്നാണ് നമ്മളെല്ലാവരും വിചാരിക്കുന്നത്.

അജയന്‍ ചാലിശ്ശേരി. Photo: X.com

ചിലര്‍ റിവ്യൂ എല്ലാം ചെയ്യുന്നത് കാണാറില്ലേ. അങ്ങനെ മോശം റിവ്യൂ ചെയ്യുന്ന ആള്‍ക്കാര്‍ എല്ലാം ഒരു ദിവസം ഞങ്ങളുടെ കൂടെ വര്‍ക്കിന് നിന്നാല്‍ മതി. ആര്‍ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൂടെ ഒരുദിവസം ജോലിക്ക് നിന്നാല്‍ ഇവരുടെ റിവ്യൂ എല്ലാം ചെയ്യുന്നത് തീരും. ചിലര്‍ പടം കാണുക പോലും ചെയ്യാതെയാണ് പടം മോശമാണെന്നെല്ലാം പറയുന്നത്,’ അജയന്‍ പറഞ്ഞു.

Content Highlight: Ajayan Chalissery talks about negative reviews

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more