| Wednesday, 10th September 2025, 8:53 pm

നേതാക്കന്മാരെ ചീത്ത വിളിച്ച് ലൈക്ക് വാങ്ങി ഒരാളും രക്ഷപ്പെടുമെന്ന് ധരിക്കേണ്ട; വിമര്‍ശനവുമായി അജയ് തറയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍.

നേതാക്കളെ തെറി പറഞ്ഞ് ആരെയും വെള്ള പൂശാമെന്ന് കരുതേണ്ടെന്ന് അജയ് തറയില്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

‘നിങ്ങള്‍ ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകുന്നു. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആരെയെങ്കിലും വെള്ളപൂശാന്‍ നിങ്ങള്‍ നടത്തുന്ന പാഴ്‌വേല കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്താന്‍ മാത്രമേ കഴിയൂ,’ അജയ് തറയില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാക്കന്മാരെ ചീത്ത വിളിച്ച് ലൈക്കും ഷെയറും വാങ്ങി ഒരാളും ഇവിടെ രക്ഷപ്പെടുമെന്ന് ധരിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കന്മാര്‍ക്കും എ.ഐ.സി.സിക്കും ഉത്തമ ബോധ്യമുള്ളതും ‘ബഹുജന മധ്യത്തില്‍ തുറന്നുപറയുവാന്‍ കഴിയാത്തതുമായ തെറ്റുകള്‍’ എന്താണെന്ന് മനസിലാകാതെ നടത്തുന്ന ഈ സൈബര്‍ പോര് കോണ്‍ഗ്രസിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും അജയ് തറയില്‍ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് നേതാക്കളെ ചീത്ത വിളിക്കുന്നതും ആക്ഷേപിക്കുന്നതും അവസാനിപ്പിച്ച്, പിണറായി വിജയനെയും ഇടതുപക്ഷ ഗവണ്‍മെന്റിനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിക്കാന്‍ ആ സമയം വിനിയോഗിച്ചാല്‍ പെയ്ഡ് പി.ആര്‍ വര്‍ക്കിന്റെ പിറകെ പോകേണ്ട സ്ഥിതി ഉണ്ടാകില്ലെന്നും അജയ് തറയില്‍ കൂട്ടിച്ചേര്‍ത്തു.

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ നിലപാട് കടുപ്പിച്ചതോടെയാണ് വി.ഡി. സതീശനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉയരുകയായിരുന്നു. കോണ്‍ഗ്രസിന്റെ പേരിലുള്ള സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നാണ് അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം റീല്‍സിലും സമൂഹ മാധ്യമങ്ങളിലുമല്ല, ജനങ്ങളുടെ ഹൃദയങ്ങളിലാണ് കോണ്‍ഗ്രസ് ജീവിക്കുന്നതെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്.

കൂടാതെ മുഖ്യമന്ത്രിയുടെ ഓണവിരുന്നില്‍ പങ്കെടുത്ത വി.ഡി. സതീശനെതിരെ കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. താന്‍ ആയിരുന്നെങ്കില്‍ ഈ അവസരത്തില്‍ മുഖ്യമന്ത്രിയുടെ ഓണവിരുന്നില്‍ പങ്കെടുക്കില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തിയത്. പിന്നാലെ ധൈര്യമുണ്ടെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് ഒരു മാര്‍ച്ച് നടത്താന്‍ പറഞ്ഞും കോണ്‍ഗ്രസ് അണികള്‍ വി.ഡി. സതീശനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: Ajay Tharayil criticizes congress workers’ cyber attack on V.D. Satheesan

We use cookies to give you the best possible experience. Learn more