| Friday, 15th August 2025, 9:34 am

വാരണാസിയുടെ റിയല്‍ എം.പി; മോദിക്കെതിരെ മത്സരിച്ച അജയ് റായിയെ എം.പിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ‘വോട്ട് ചോരി’ വിവാദങ്ങള്‍ക്ക് പിന്നാലെ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയെ എം.പിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ്, സമാജ്‌വാദി പ്രവര്‍ത്തകരാണ് അജയ് റായിയെ എം.പിയായി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആഹ്ലാദ പ്രകടത്തിന് സമാനമായി കോണ്‍ഗ്രസ് അധ്യക്ഷനെ തോളിലേറ്റി പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നടത്തുകയും ചെയ്തു. ‘വാരണാസിയുടെ യഥാര്‍ത്ഥ എം പി’യെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ വിജയത്തിനായി വാരണാസിയില്‍ ബി.ജെ.പി ക്രമക്കേട് നടത്തിയെന്ന് അജയ് റായ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റായിയെ എം.പിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ബുധനാഴ്ചയായിരുന്നു കോണ്‍ഗ്രസ്, സമാജ് വാദി പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം നടന്നത്. പ്രവര്‍ത്തകര്‍ അജയ് റായിയെ മാലയണിയിക്കുന്നതിന്റെയും മധുരം നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച 2024 ജൂലൈ നാലിന് തങ്ങള്‍ ഇത്തരത്തില്‍ പ്രകടനം നടത്തിയേനെയെന്നും എന്നാല്‍ അജയ് റായ് മോദിയോട് പരാജയപ്പെട്ടതിനാല്‍ അതുണ്ടായില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തത് അജയ് റായിയെയാണെന്നും പ്രവര്‍ത്തകര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി 1,50,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതമായി അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഞങ്ങള്‍ക്ക് അജയ് റായിയാണ് വാരണാസിയുടെ എം.പി. നരേന്ദ്ര മോദിയല്ല. വാരണാസിയുടെ മുഴുവന്‍ പേരുടെയും വികാരം അതാണ്,’ സമാജ്‌വാദി നേതാവ് അമന്‍ യാദവ് പറഞ്ഞു.

പിന്നാലെ തനിക്ക് വോട്ട് ചെയ്ത 4,60,000 വോട്ടര്‍മാര്‍ക്ക് അജയ് റായ് നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വാരാണസിയിലെ ഭേലുപൂര്‍ വാര്‍ഡില്‍ B24/19 എന്ന വീട്ടില്‍ താമസിക്കുന്ന രാംകമല്‍ദാസ് എന്ന ഒരാള്‍ക്ക് 50 മക്കളുണ്ടെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അജയ് റായ് ബി.ജെ.പിയെ പരിഹസിക്കുകയും ചെയ്തു.

വാരാണസി മണ്ഡലത്തില്‍ വലിയ വോട്ട് ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ വിജയം ആസാധുവാക്കണമെന്നാണ് യു.പിയിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാരണാസിയിലെ വോട്ടര്‍ പട്ടിക കൈമാറണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പിലെ വിജയത്തിനായി ഇ.സിയും ബി.ജെ.പിയും ഒത്തുകളിച്ചുവെന്നും ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അജയ് റായിയെ പ്രവർത്തകർ ചേർന്ന് എം.പിയായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 1,52,513 വോട്ടുകള്‍ക്കാണ് അജയ് റായ് നരേന്ദ്ര മോദിയോട് പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളില്‍ പിന്നിലായിരുന്ന മോദി അവസാനം വിജയിക്കുകയായിരുന്നു. എന്നാല്‍ 2014നെയും 2019നെയും അപേക്ഷിച്ച് മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞിരുന്നു.

2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വാരണാസി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അജയ് റായ് പ്രധാനമന്ത്രിയോട് രണ്ട് തവണ പരാജയപ്പെട്ടിട്ടുമുണ്ട്. തുടര്‍ന്ന് 2023 ഓഗസ്റ്റിലാണ് അദ്ദേഹം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റത്. ദളിത് നേതാവായ ബ്രിജ്ലാല്‍ ഖാബ്രിക്ക് പകരമാണ് അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്.

Content Highlight: Varanasi’s real MP; leaders declare Ajay Rai, who contested against Modi, as MP

We use cookies to give you the best possible experience. Learn more