| Wednesday, 19th August 2026, 7:50 pm

ഈ ടെസ്റ്റ് മത്സരത്തിലെ വിജയം 20-30 വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മിക്കപ്പെടില്ല; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അജയ് ജഡേജ

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി മുന്‍ താരം അജയ് ജഡേജ. ലങ്കയോടുള്ള മത്സരത്തിലെ വിജയം ഒരുപാട് വര്‍ഷക്കാലം ഓര്‍മിക്കപ്പെടില്ലെന്നും കാരണം ഇത് യഥാര്‍ത്ഥ ടെസ്റ്റ് മത്സരമല്ലെന്നും അദ്ദേഹം പറഞ്ഞു.

മെല്‍ബണിലും ഇംഗ്ലണ്ടിലും നേടുന്ന വിജയങ്ങള്‍ക്ക് മറ്റൊരു തലമുണ്ടെന്നും അജയ് ജഡേജ പറഞ്ഞു. മാത്രമല്ല ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളായിരിക്കും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത നിര്‍ണയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ ടെസ്റ്റ് മത്സരത്തിലെ വിജയം 20-30 വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍മിക്കപ്പെടില്ല. ഇനി മുന്നോട്ടുള്ള യാത്ര കൂടുതല്‍ കടുപ്പമേറിയതാകും. കാരണം, ഇത് യഥാര്‍ത്ഥ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരത്തിലുള്ള മത്സരമല്ല. മെല്‍ബണിലും ഇംഗ്ലണ്ടിലും നേടുന്ന വിജയങ്ങള്‍ക്ക് മറ്റൊരു തലമുണ്ട്. അത്തരം വിജയങ്ങളാണ് ഏറെക്കാലം ഓര്‍മിക്കപ്പെടുക. ശ്രീലങ്കയെ നമ്മള്‍ തോല്‍പ്പിക്കുമെന്നത് എപ്പോഴെന്നത് മാത്രമായിരുന്നു ചോദ്യം.

ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളായിരിക്കും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യത നിര്‍ണയിക്കുക. സാഹചര്യങ്ങള്‍ വ്യത്യസ്തമായതിനാല്‍ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും കടുപ്പമേറിയ പര്യടനമായിരിക്കും. ഓസ്ട്രേലിയ ഇന്ത്യയില്‍ അഞ്ച് ടെസ്റ്റുകള്‍ കളിക്കാനെത്തും.

പിച്ചുകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ആ പരമ്പരയില്‍ ആതിഥേയരായ ഇന്ത്യയായിരിക്കും ഫേവറിറ്റുകള്‍. എന്നാല്‍ ന്യൂസിലാന്‍ഡ് പര്യടനത്തിന്റെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല. ന്യൂസിലാന്‍ഡില്‍ ഇന്ത്യ വിജയിച്ചില്ലെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് യാതൊരു സാധ്യതയുമുണ്ടാകില്ല,’ അജയ് ജഡേജ പറഞ്ഞു.

അതേസമയം ലങ്കയുടെ തട്ടകമായ ഗല്ലെയില്‍ നടന്ന മത്സരത്തില്‍ 165 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 372 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 206 റണ്‍സിന് പുറത്താകുകയായിരുന്നു.

സ്‌കോര്‍

ഇന്ത്യ – 462 & 193

ശ്രീലങ്ക – 284 & 206 (ഠ: 372)

ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഇന്നിങ്‌സിലും മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാനവ് സുതറാണ്. ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ 55 റണ്‍സ് വിട്ടുനല്‍കി ആറ് വിക്കറ്റും നേടിയാണ് മാനവ് ലങ്കന്‍ നിരയിലെ തകര്‍ത്തത്.

അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് താരം കരുത്ത് കാട്ടിയത്. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 75 പന്തില്‍ 44 റണ്‍സ് നേടിയും താരം മികവ് പുലര്‍ത്തി. ദേവ്ദത്താണ് മത്സരത്തിലെ താരവും.

Content Highlight: Ajay Jadeja Warn Indian Team After Win Against Sri Lanka

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more