ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ സംസാരിച്ചിരുന്നു. ക്യാപ്റ്റന്‍സിയില്‍ പേസ് ബൗളര്‍മാരെ കൃത്യമായി ഗില്‍ ഉപയോഗിക്കുന്നുണ്ടെന്ന് അജയ് ജഡേജ ചൂണ്ടിക്കാട്ടി.
‘ഓരോ ക്യാപ്റ്റനും മത്സരത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് ടീമിനെ നയിക്കുന്നത്. ഗില്ലിന്റെ കാര്യത്തില്‍ വ്യക്തമായി കാണുന്ന ഒരു കാര്യം, പേസര്‍മാര്‍ പന്തെറിയുമ്പോള്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡറെ നിര്‍ത്താന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു എന്നതാണ്. കൂടാതെ ഷോര്‍ട്ട് പിച്ച് പന്തുകളോട് അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ട്. മറ്റ് ക്യാപ്റ്റന്‍മാരില്‍ സാധാരണയായി ഇത്രയധികം കാണാത്ത ഒരു കാര്യമാണ് ഇത്.
അതുകൊണ്ട് സീമര്‍മാരെ വെറും ലൈന്‍ ആന്‍ഡ് ലെങ്ത്തില്‍ പന്തെറിയിക്കാന്‍ മാത്രമല്ല, എതിരാളികളില്‍ സമ്മര്‍ദം സൃഷ്ടിച്ചുകൊണ്ട് ഷോര്‍ട്ട് ബോളുകളും ഉപയോഗിക്കണമെന്നതാണ് ഗില്ലിന്റെ ഈ പ്രത്യേക സമീപനം. അതുകൊണ്ട് സീമര്‍മാരെ ഉപയോഗിച്ച് ആക്രമിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ ഇഷ്ട്ം,’ അജയ് ജഡേജ പറഞ്ഞു.
പേസ് ബൗളര്‍മാരെ മികച്ച രീതിയില്‍ ഗില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും സ്പിന്നര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതില്‍ ഗില്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടയ്ക്കിടെ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റെടുക്കാന്‍ കഴിയില്ലെന്നൊരു ധാരണ ഗില്ലിനുണ്ടാകുന്നുവെന്നും സ്പിന്നര്‍മാര്‍ക്ക് വേണ്ടി ഫീല്‍ഡ് ഒരുക്കുന്നതില്‍ ഒരുപടി പിന്നിലാണെന്നും അജയ് ജഡേജ പറഞ്ഞു.
‘എന്നാല്‍ സ്പിന്നര്‍മാരുടെ കാര്യത്തില്‍ നേരെ വിപരീതമാണ്. ഒരുപക്ഷേ, സ്പിന്നര്‍മാരെ അദ്ദേഹം വളരെ അനായാസമായി നേരിടുന്നതുകൊണ്ടാകാം, ഇടയ്ക്കിടെ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റെടുക്കാന്‍ കഴിയില്ലെന്നൊരു ധാരണ അദ്ദേഹത്തിനുണ്ടാകുന്നത്.
അതുകൊണ്ടുതന്നെ, മത്സരത്തിന്റെ സാഹചര്യം എന്തുതന്നെയായാലും, സ്പിന്നര്‍മാര്‍ക്കെതിരെ അദ്ദേഹം ആക്രമണത്തിനായി ഒരുക്കുന്ന ഫീല്‍ഡ് സാധാരണയായി ഒരു പടി താഴ്ന്നതായിരിക്കും. അതായത്, സ്പിന്നര്‍മാര്‍ക്ക് വേണ്ടി കൂടുതല്‍ പ്രതിരോധാത്മകമായ ഫീല്‍ഡ് ഒരുക്കുന്നത് അദ്ദേഹം സ്വയം നിശ്ചയിച്ചുവെച്ചിരിക്കുന്ന ഒരു രീതിയാണ്,’ അജയ് ജഡേജ സോണി സ്‌പോര്‍ഡ്‌സില്‍ പറഞ്ഞു.
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ഇന്ത്യയുടെ കൈകളില്‍ നിന്നും അവസാന ദിവസത്തെ ചെറുത്തുനില്‍പ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (F/O)
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യയ്ക്കുള്ളത്. 68 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. മാത്രമല്ല 51.52 ശതമാനവുമാണ് ഇന്ത്യയ്ക്കുള്ളത്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. 10 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 96 പോയിന്റാണ് ഓസീസിനുള്ളത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെത്താന്‍ ഇനി മുന്നിലുള്ള എല്ലാ മത്സരങ്ങളും ഇന്ത്യയ്ക്ക് നിര്‍മായകമാണ്. ന്യൂസിലാന്‍ഡിനെതിരെ നവംബര്‍ 19നാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബര്‍ 27നും ആരംഭിക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനമാണ് ഉള്ളത്.
Content Highlight: Ajay Jadeja Talking About Shubhman Gill’s Captaincy