ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ഗുര്‍ണൂര്‍ ബ്രാര്‍ കാഴ്ചവെച്ചത്. മത്സര ശേഷം നടന്ന ചര്‍ച്ചയില്‍ ബ്രാറിനെക്കുറിച്ച് മുന്‍ താരം അജയ് ജഡേജ സംസാരിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അസാധാരണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സ്പെല്ലിന് ശേഷം പന്തെറിയാനെത്തിയ ഗുര്‍നൂര്‍ ബ്രാര്‍ ബൗണ്‍സിലൂടെ ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ചുവെന്നും പരിചയസമ്പന്നമായ ബൗളിങ് നിരയല്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെച്ചതെന്നുപം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബൗളിങ് വളരെ അച്ചടക്കത്തോടെയുള്ളതായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഇന്നത്തെ മത്സരത്തിലും പിച്ചില്‍നിന്ന് ലഭിച്ച സഹായത്തില്‍ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ബൗളര്‍മാരുടെ പ്രകടനം അസാധാരണമായിരുന്നു. മോശം പന്തുകള്‍ വളരെ കുറച്ചുമാത്രമാണ് എറിഞ്ഞത്. ഇന്നത്തെ കാലത്ത് ബാറ്റര്‍മാര്‍ ഇത്തരമൊരു ബൗളിങ്ങിനെ നേരിടാന്‍ അത്ര പരിചയപ്പെട്ടിട്ടില്ല.
80 ഓവറുകള്‍ പിന്നിടുന്നതുവരെ പിടിച്ചുനില്ക്കുന്നതിലായിരുന്നു മുന്‍കാലങ്ങളില്‍ ബാറ്റര്‍മാര്‍ ശ്രദ്ധിച്ചിരുന്നത്. ആദ്യ സ്പെല്ലിന് ശേഷം പന്തെറിയാനെത്തിയ ഗുര്‍നൂര്‍ ബ്രാര്‍ ബൗണ്‍സിലൂടെ ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ചു. അക്സര്‍ പട്ടേല്‍ പന്തെറിയാനെത്തിയപ്പോഴേക്കും വിക്കറ്റുകള്‍ വീണിരുന്നെങ്കിലും അത് തികച്ചും വ്യത്യസ്തമായൊരു വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി നേരിടാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ഇതൊരു പരിചയസമ്പന്നമായ ബൗളിങ് നിരയല്ല. എന്നാല്‍ പരിചയസമ്പന്നരായ ബൗളര്മാരെപ്പോലെയാണ് അവര്‍ പന്തെറിഞ്ഞത്,’ അജയ് ജഡേജ പറഞ്ഞു.
ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റ് നേടി ഗുര്‍ണൂര്‍ ബ്രാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 10 ഓവറില്‍ 30 റണ്‍സ് വിട്ടുനല്‍കിയാണ് താരം ബോള്‍ എറിഞ്ഞത്. 3.00 എന്ന കിടിലന്‍ എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.
അതേസമയം ന്യൂസിലാന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. വെല്ലിങ്ടണിലെ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ് നിയമപ്രകാരം നാല് റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.
മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 41 ഓവറില്‍ 134 ന് ഓള് ഔട്ട് ആയി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 113 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കെ മഴ വീണ്ടും വില്ലനായി എത്തുകയായിരുന്നു. ഒടുവില്‍ ഡക്ക് വര്‍ത്ത് ലൂയിസ് കണക്കുകള്‍ പ്രകാരം വിജയലക്ഷ്യം 26 ഓവറില്‍ 110 റണ്‍സാക്കി ചുരുക്കിയതോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.
Content Highlight: Ajay Jadeja Talking About Indian Pacer Gurnoor Brar