| Sunday, 16th August 2026, 9:41 pm

വൈകിയാണെങ്കിലും അവന് അവസരം ലഭിച്ചത് നല്ല കാര്യമാണ്; സൂപ്പര്‍ താരത്തെക്കുറിച്ച് അജയ് ജഡേജ

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. പരിക്ക് കാരണം പുറത്തായ സായ് സുദര്‍ശന് പകരമെത്തിയ പടിക്കല്‍ ശ്രീലങ്കയില്‍ സെഞ്ച്വറിയടിച്ചാണ് ശ്രദ്ധ നേടിയത്. ഇതോടെ താരത്തിന്റേത് പ്യുവര്‍ ബാറ്റിങ്ങാണെന്ന് അജയ് ജഡേജ പ്രശംസിച്ചു. വൈകിയാണെങ്കിലും പടിക്കലിന് അവസരം ലഭിച്ചത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണി സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അജയ് ജഡേജ.

‘ഇതിനെ പ്യുവര്‍ ബാറ്റിങ് എന്ന് തന്നെ വിളിക്കാം. ആദ്യ പന്ത് മുതല്‍ അദ്ദേഹം തന്റെ സമീപനത്തിലും കളിരീതിയിലും ഉറച്ചുനിന്നു. സെഞ്ച്വറി നേടിയതിന് ശേഷം അദ്ദേഹം വ്യത്യസ്തമായി കളിച്ചുവെന്ന് പറയാനാകില്ല. ഓരോ പന്തിനെയും അതിന്റെ മെറിറ്റിന് അനുസരിച്ചാണ് നേരിട്ടത്. ആവശ്യമുള്ളപ്പോള്‍ പ്രതിരോധിച്ചു, ആക്രമിക്കേണ്ട സമയത്ത് ആക്രമിക്കുകയും ചെയ്തു. അവന്റെ ബാറ്റിങ് കാണാന്‍ ഏറെ മനോഹരമായിരുന്നു. അദ്ദേഹം ഷോട്ടുകള്‍ കളിക്കുമ്പോള്‍ ബാറ്റിങ് എത്ര എളുപ്പമുള്ള കാര്യമാണെന്ന് തോന്നും.

അദ്ദേഹം വളരെ അനായാസമായാണ് കളിക്കുന്നതെന്ന് തോന്നും. ഒരു താരമെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. നാലോ അഞ്ചോ വര്‍ഷം മുമ്പ് അദ്ദേഹത്തെ കണ്ടത് മുതല്‍ അദ്ദേഹത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. വൈകിയാണെങ്കിലും അവസരം ലഭിച്ചത് നല്ല കാര്യമാണ്.

ഒരു മത്സരം മുമ്പ് വരെ അദ്ദേഹത്തെക്കുറിച്ച് അധികം ചര്‍ച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഒരു താരത്തിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹം ടീമിലെത്തിയത്. നിലവാരമുള്ള ബൗളിങ് എത്രത്തോളം നേരിടുന്നുവോ, അത്രത്തോളം ഈ ബാറ്ററുടെ മികവ് നിങ്ങള്‍ കൂടുതല്‍ തിരിച്ചറിയുമെന്ന് എനിക്ക് തോന്നുന്നു,’ അജയ് ജഡേജ സോണി സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിലവില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 (116 ഓവര്‍) റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് കുല്‍ദീപ് യാദവും (12) പ്രസിദ്ധ് കൃഷ്ണയുമാണ് (1).

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് നടത്തിയത് മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 230 പന്തുകള്‍ നേരിട്ട് ഒരു സിക്സും 15 ഫോറും ഉള്‍പ്പെടെ 167 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. പ്രഭാത് ജയസൂര്യയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്‌വെല്ലയാണ് പടിക്കലിനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.

അതേസമയം പടിക്കലിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് കെ.എല്‍ രാഹുലാണ്. 175 പന്തില്‍ 82 റണ്‍സാണ് താരം നേടിയത്. ധ്രുവ് ജുറെല്‍ 51 റണ്‍സും നേടി. മറ്റാര്‍ക്കും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.

ലങ്കയ്ക്ക് വേണ്ടി നാല് വിക്കറ്റുകള്‍ നേടി പ്രഭാത് ജയസൂര്യ മിന്നും ബൗളിങ് പ്രകടനമാണ് നടത്തിയത്. കേശര നുവന്ത മൂന്ന് വിക്കറ്റുകളും നേടി.

Content Highlight: Ajay Jadeja Praises Devdutt Padikkal For Great Performance Against Sri Lanka

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more