ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മഴ കളി തടസപ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ജൂലൈ നാലിന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കും.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയ്ക്ക് സാധിച്ചിരുന്നു. ഇതോടെ അഭിഷേകിനെ പ്രശിസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. അഭിഷേക് നമ്മുടെ പഴയ ബോസ് ബേബിയാണെന്നും ടീമിലെത്തിയ നാള്‍ മുതല്‍ ഇന്നുവരെ താരം ഒരേ സമീപനമാണ് പിന്തുടരുന്നതെന്നും അജയ് പറഞ്ഞു.
‘നമ്മള്‍ ബോസ് ബേബിയെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്. അഭിഷേക് നമ്മുടെ പഴയ ബോസ് ബേബിയാണ്. ടീമിലെത്തിയ നാള്‍ മുതല്‍ ഇന്നുവരെ അദ്ദേഹം അതേ സമീപനമാണ് പിന്തുടരുന്നത്. ഏറ്റവും നല്ല കാര്യം, ആ സമീപനത്തില്‍ ഇന്നുവരെ യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഫോറും സിക്സും നേടാന്‍ അധികം ബലം പ്രയോഗിക്കുന്നതായി പോലും തോന്നില്ല. അത്രയും മനോഹരമായ ഒഴുക്കോടെയാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്.
ആക്രമണ ശൈലിയിലുള്ള ബാറ്റര്‍മാര്‍ പൊതുവെ ഒരു ദിശയിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്. ചിലര്‍ ഓഫ് സൈഡില്‍ മികച്ച രീതിയില്‍ കളിക്കും, ചിലര്‍ ഓണ്‍ സൈഡില്‍ മികച്ച പ്രകടനം കാഴ്ചവെക്കും. എന്നാല്‍ അഭിഷേകിന്റെ ഷോട്ട് കളിക്കാനുള്ള കഴിവ് ഡീപ് പോയിന്റ് മുതല്‍ ഫൈന്‍ ലെഗ് വരെയുള്ള മുഴുവന്‍ മേഖലയിലുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പന്തെറിയാന്‍ ബൗളര്‍മാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ വിജയത്തിന്റെ പ്രധാന കാരണം അതുതന്നെയായിരിക്കാം,’ സോണി സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ അജയ് ജഡേജ പറഞ്ഞു.
മത്സരത്തില്‍ അഭിഷേക് 24 പന്തില്‍ 59 റണ്‍സായിരുന്നു സ്വന്തമാക്കിയത്. നാല് സിക്സറുകളും ആറ് ഫോറുകളുമാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 245.83 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ഇതിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ 100 സിക്സറുകള്‍ പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു. മാത്രമല്ല ചരിത്രത്തില്‍ ഏറ്റവും വേഗതയില്‍ 100 സിക്സര്‍ പൂര്‍ത്തിയാക്കുന്ന താരമായി മാറാനും ഇന്ത്യന്‍ വെടിക്കെട്ട് വീരന് കഴിഞ്ഞു. 785 പന്തില്‍ നിന്നാണ് അഭിഷേക് 100 സിക്സറുകള്‍ സ്വന്തമാക്കിയത്.
Content Highlight: Ajay Jadeja Praises Abhishek Sharma