ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വൈഭവ് സൂര്യവംശിയെ വണ്‍ ഡൗണായി കളത്തിലിറക്കിയ ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.
ഒരു താരത്തെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവന്റെ സ്വാഭാവിക പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണമെന്നും ബാറ്റിങ് പൊസിഷന്‍ അടിക്കടി മാറ്റുന്നത് അവന്റെ മനസില്‍ സംശയങ്ങള്‍ക്ക് ഉണ്ടാക്കുമെന്നും ജഡേജ പറഞ്ഞു.
അജയ് ജഡേജ
സോണി സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ ഇന്ത്യന്‍ കളിക്കാരും ഏത് നമ്പറിലും ബാറ്റ് ചെയ്യണമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവന് (വൈഭവ്) ഭാവിയില്‍ അത് ചെയ്യാന്‍ തുടങ്ങും. എന്നാല്‍ നിങ്ങള്‍ ഒരാളെ വളര്‍ത്തിയെടുക്കുകയാണെങ്കില്‍ അത് അവന്റെ സ്വന്തം പൊസിഷനില്‍ തന്നെ ചെയ്യണം. എന്തായാലും നിങ്ങള്‍ അവനെ ഒരുപാട് കാലം പുറത്തിരുത്തിയിരുന്നു. തുടര്‍ച്ചയായി പുറത്തിരിക്കുന്നതും ഒരു കളിക്കാരനില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും.
വൈഭവ് സൂര്യവംശിയെ
നിങ്ങള്‍ ഒരാളെ വളര്‍ത്തിയെടുക്കുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ എളുപ്പമുള്ള ഓപ്ഷനാണ് നല്‍കേണ്ടത്. ആവശ്യമെങ്കില്‍ അനുഭവസമ്പന്നരായ താരങ്ങളെ വിഷമകരമായ സാഹചര്യങ്ങളില്‍ ഇറക്കണം. സ്വാതന്ത്ര്യത്തോടെ കളിച്ചില്ലെങ്കില്‍, അവന് മറ്റുള്ളവരെപ്പോലെ ഒരു സാധാരണ കളിക്കാരനായി മാറും,’ ജഡേജ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന് റോയല്‍സ് താരമായ വൈഭവിന് ഇപ്പോള്‍ 15 വയസ്സ് മാത്രമാണെന്നും ബാറ്റിങ് പൊസിഷന്‍ അടിക്കടി മാറ്റുന്നത് അവന്റെ മനസ്സില്‍ സംശയങ്ങള്‍ ഉണ്ടാക്കുമെന്നും, സ്വതന്ത്രമായി കളിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ വൈഭവ് മികച്ച താരമായി മാറുകയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്‍ താരം മുരളി കാര്‍ത്തിക്കും വൈഭവിന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റിയതിനെ ചോദ്യം ചെയ്തിരുന്നു.
‘വൈഭവ് സൂര്യവംശി എവിടെയാണ് മികവ് പുലര്‍ത്തുന്നത്? അവന് ഓപ്പണര്‍ എന്ന നിലയിലാണ് മികച്ചത്. അവന് ഇതുവരെ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്തിട്ടില്ല. അവന് ഒരു കൊച്ചു കുട്ടിയാണ്, ഒരു പ്രത്യേക രീതിയില്‍ മാത്രമാണ് ബാറ്റ് ചെയ്ത് ശീലിച്ചിട്ടുള്ളത്.
അതുകൊണ്ടാണ് അനുഭവസമ്പന്നരായ കളിക്കാരെ ടീമില്‍ നിലനിര്‍ത്തുന്നത്; അതുവഴി അവര്‍ക്ക് വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഇന്ത്യ മത്സരം ജയിച്ചു എന്നത് വേറെ കാര്യം, എന്നാല്‍ സൂര്യവംശിയെ കളിപ്പിക്കുകയാണെങ്കില്‍ അവന് ഇന്ന് ഓപ്പണ്‍ ചെയ്യണമായിരുന്നു,’ കാര്‍ത്തിക് പറഞ്ഞു.
അതേസമയം, വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്.
ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: Ajay Jadeja criticizes the management regarding Vaibhav Suryavanshi’s batting position.