| Sunday, 12th July 2026, 10:35 pm

വേറെ വണ്ടിയൊന്നും കിട്ടാത്തതുകൊണ്ട് ഡോള്‍ഫിന്റെ മേലെ കയറി പോകുന്ന അജയ് ദേവ്ഗണ്‍, ഇയാള്‍ ദൃശ്യം 3 ചെയ്താല്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് ട്രോള്‍

അമര്‍നാഥ് എം.

ഖാന്‍ ത്രയങ്ങള്‍ ബോളിവുഡ് അടക്കിവാണിരുന്ന സമയത്ത് പോലും ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അജയ് ദേവ്ഗണ്‍. കോമഡി, ആക്ഷന്‍ സിനിമകള്‍ ചെയ്തുകൊണ്ടാണ് അജയ് ബോളിവുഡില്‍ ടോപ് സ്ഥാനത്തെത്തിയത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്ന് വട്ടം അജയ് ദേവ്ഗണ് ലഭിച്ചിട്ടുമുണ്ട്.

കഴിഞ്ഞകുറച്ചുകാലമായി റീമേക്കുകളല്ലാതെ മറ്റൊന്നും താരത്തിന്റേതായി ഹിറ്റായിട്ടില്ല. ദൃശ്യം 2, ഷൈത്താന്‍ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന് ലഭിച്ച ബ്ലോക്ക്ബസ്റ്ററുകള്‍. അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രമായ ധമാല്‍ 4 തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മുന്‍ സിനിമകളെപ്പോലെ ട്രഷര്‍ ഹണ്ടും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കോമഡിയുമാണ് ധമാല്‍ 4ന്റെ കഥ.

ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലാണ്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ അജയ് ദേവ്ഗണും കാമുകിയുടെ കുട്ടികളും സഞ്ചരിക്കുന്ന ബോട്ട് അപകടത്തിലാവുകയും അജയ് ദേവ്ഗണ്‍ കടലിലാവുകയും ചെയ്യുന്നുണ്ട്. ഇവിടുന്ന് രക്ഷപ്പെട്ട് നായകന്‍ രണ്ട് ഡോള്‍ഫിന്റെ പുറത്ത് കയറി ബോട്ടിനെ ചെയ്‌സ് ചെയ്യുകയാണ്.

മറ്റുള്ള ഇന്‍ഡസ്ട്രികളെല്ലാം മാറിയിട്ടും ബോളിവുഡിന് ഒരു മാറ്റവുമില്ലെന്നാണ് ട്രോളുകള്‍. വേറെ വണ്ടിയൊന്നും ലഭിക്കാത്തതുകൊണ്ട് ഡോള്‍ഫിന്റെ പുറത്ത് ലിഫ്റ്റടിച്ചതെന്നാണെന്നും സുറക്ക് ശേഷം ഡോള്‍ഫിനെ നല്ല രീതിയില്‍ ഉപയോഗിച്ചത് അജയ് ദേവ്ഗണ്ണാണെന്നും ട്രോളുകളുണ്ട്. ഇതേ അജയ് ദേവ്ഗണ്ണാണ് ദൃശ്യം 3 റീമേക്ക് ചെയ്യുന്നതെന്ന കാര്യം ആരാധകര്‍ക്ക് ചെറിയ പേടി നല്‍കുകയാണ്.

മലയാളത്തില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ ദൃശ്യം 3യുടെ സ്‌ക്രിപ്റ്റില്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ മാറ്റം വരുത്തിയത് നന്നായെന്നും മോഹന്‍ലാല്‍ ചെയ്തുവെച്ചത് അജയ് ദേവ്ഗണിന് ആവര്‍ത്തിക്കാനാകില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. റീമേക്കുകളില്ലെങ്കില്‍ അജയ്ക്ക് ബോളിവുഡില്‍ വലിയ ഇംപാക്ടില്ലെന്നും കമന്റുകളുണ്ട്.

വിമല്‍ പാന്‍ മസാലയുടെ പരസ്യത്തിന്റെ പേരിലും അജയ് ദേവ്ഗണിന് ട്രോളുകള്‍ ലഭിക്കുന്നുണ്ട്. സമീപകാലത്ത് അജയ് നായകനായെത്തിയ സിനിമകളൊന്നും ബോക്‌സ് ഓഫീസില്‍ നിലംതൊട്ടിട്ടില്ല. ഷൈത്താന് ശേഷം താരം നായകനായ ഏഴ് സിനിമകളും ബജറ്റ് പോലും തിരിച്ച് കിട്ടാതെ പരാജയമായി മാറി. ആ ലിസ്റ്റിലേക്ക് ധമാല്‍ 4ഉം ഇടംപിടിക്കുമെന്നാണ് പ്രവചനങ്ങള്‍.

Content Highlight: Ajay Devgn getting trolls after Dhamal 4 release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more