കഴിഞ്ഞ ദിവസമാണ് നിരായുധയായ ഒരു കന്യാസ്ത്രീ ഇസ്രഈലില്‍ വെച്ച് ജൂത തീവ്രവാദിയാല്‍ ആക്രമിക്കപ്പെട്ടത്. ജൂത തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ കേരളത്തില്‍ പോലും ചിലര്‍ക്ക് അസഹിഷ്ണുതയുണ്ടാക്കുന്നു.
ആദ്യം തീവ്രവാദം എന്താണ് എന്നൊന്ന് നിര്‍വചിക്കാം.
ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ റെസല്യൂഷന്‍ 1566 അനുസരിച്ച് ‘പൊതുജനങ്ങള്‍ക്കോ, ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ക്കോ ഭീതിയുണ്ടാക്കി ജനങ്ങളോ, ഗവണ്മെന്റോ, ഏതെങ്കിലും അന്താരാഷ്ട്ര സംഘടനയോ ഒരു പ്രവൃത്തി ചെയ്യുന്നതില്‍ നിന്ന് പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നതിനായി മരണമോ, ഗുരുതരമായ പരിക്കോ ഉണ്ടാക്കുകയോ, മനുഷ്യരെ ബന്ദികളാക്കുകയോ ചെയ്യണം എന്ന ലക്ഷ്യവുമായി സാധാരണക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരേ ചെയ്യുന്ന നിയമവിരുദ്ധമായ പ്രവൃത്തി‘യാണ് തീവ്രവാദം.
മതചിഹ്നങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരേ തുപ്പുന്നതും, ക്രിസ്ത്യന്‍ പള്ളികള്‍ നശിപ്പിക്കുന്നതും, യേശുക്രിസ്തുവിനെ തെറിവിളിച്ച് ചുവരെഴുത്ത് നടത്തുന്നതും, കന്യാസ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നതും, ക്രിസ്ത്യന്‍ ഗ്രാമങ്ങളിലെ യുവാക്കളെ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുന്നതും, ഗ്രാമങ്ങളില്‍ നിന്ന് തോക്കിന്മുനയില്‍ എല്ലാവരെയും ഒഴിപ്പിക്കുന്നതും ഒക്കെ അറബ് ക്രിസ്ത്യാനികള്‍ ഇസ്രഈല്‍ വിട്ടുപോകണം/അവരുടെ ഭൂമി പിടിച്ചെടുക്കണം എന്ന ഉദ്ദേശത്തോടെയാണെങ്കില്‍ അത് ഭീകരപ്രവര്‍ത്തനമാണ്.
ഇതെല്ലാം ഉണ്ടായി വന്ന വഴി കൂടി പറയാം. നമുക്ക് പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ തുടങ്ങാം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫലസ്തീനില്‍ താമസിച്ചിരുന്ന ജൂതന്മാരെ മുസ്‌ലിം അറബികള്‍ മതപരമായ കാരണങ്ങളാല്‍ ആക്രമിച്ചതായി ഞാന്‍ പരിശോധിച്ച് നോക്കിയതില്‍ ഒരു ഉദാഹരണവും കിട്ടിയില്ല.
പക്ഷേ 1833-34 കാലത്ത് സഫെദ്, ഹെബ്രോണ്‍ എന്നീ സ്ഥലങ്ങളില്‍ ജൂതന്മാര്‍ക്കെതിരായ അക്രമങ്ങള്‍ നടന്നിരുന്നു. 1833ല്‍ അറബി സംസാരിക്കുന്നവരെങ്കിലും മുസ്‌ലിങ്ങളോ ക്രിസ്ത്യാനികളോ അല്ലാത്ത ഡ്രൂസ് വിഭാഗത്തില്‍ പെട്ടവരായിരുന്നു സഫെദില്‍ ജൂതന്മാരെ ആക്രമിച്ച് കൊള്ളയടിച്ചത് (ഇന്ന് ഡ്രൂസ് വിഭാഗക്കാര്‍ ഇസ്രഈല്‍ അനുഭാവികളാണ്).
1834ല്‍ ഒരു ഗ്രൂപ്പ് മുസ്‌ലിങ്ങളും സഫെദ് ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സഫെദ് വിട്ടോടിയ ജൂതന്മാരെ സംരക്ഷിച്ചതും സമീപഗ്രാമത്തിലെ ഒരു അറബി മുസ്‌ലിം ഷേയ്ക്കായിരുന്നു.
ഹെബ്രോണിലാവട്ടെ ഒരു കര്‍ഷകകലാപം അടിച്ചമര്‍ത്താന്‍ വന്ന സൈന്യം 500 പേരെ കൊല്ലുകയാണ് ചെയ്തത്! അതില്‍ 12 ജൂതന്മാരും ഉണ്ടായിരുന്നു. ഇതില്‍ മതപരമായ കാരണമൊന്നും ഉണ്ടായിരുന്നതായി തോന്നുന്നില്ല.
1880കള്‍ മുതല്‍ യൂറോപ്പില്‍ നിന്ന് ജൂതന്മാര്‍ ഫലസ്തീനിലേയ്ക്ക് കുടിയേറാന്‍ ആരംഭിച്ചതുമുതലാണ് ഭൂമിയുടെ കാര്യത്തിലും മറ്റും അറബികളായ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒരു വശത്തും ജൂതന്മാര്‍ മറുവശത്തുമുള്ള സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.
1920ല്‍ മൂസാ നബിയുമായി (പ്രവാചകനായ മോസസ്) ബന്ധപ്പെട്ട ഒരു ആഘോഷത്തിനിടെ അനധികൃത ജൂത കുടിയേറ്റത്തിനെയും, സിറിയയില്‍ ഫ്രഞ്ചുകാരും അറബികളുമായി നടക്കുന്ന സംഘര്‍ഷത്തിനെയും ഒക്കെ സംബന്ധിച്ച് പ്രസംഗങ്ങളുണ്ടായിരുന്നു.
എങ്ങനെയാണ് കലാപം ആരംഭിച്ചതെന്ന് വ്യക്തതയില്ലെങ്കിലും കലാപത്തില്‍ അഞ്ച് ജൂതന്മാരും നാല് അറബികളും മരിച്ചു. ഒരുപാടുപേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു.
ഇതെത്തുടര്‍ന്നാണ് ഹഗന എന്ന ഭീകരസംഘടന ആരംഭിച്ചത്.
ഹഗന: Photo: Wikimedia Commons
1921ല്‍ രണ്ട് കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ സമാന്തരമായി നടത്തിയ മെയ് ദിന റാലികള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് പുതിയ കുടിയേറ്റക്കാരായ ജൂതന്മാര്‍ താമസിച്ചിരുന്ന ഒരു ഹോസ്റ്റല്‍ (സയണിസ്റ്റ് കമ്മീഷന്‍ ആയിരുന്നു നടത്തിപ്പുകാര്‍) ലക്ഷ്യം വച്ച് ഒരു കലാപമുണ്ടായത്. ഇതില്‍ ഹഗന ഇടപെട്ടു!
പിറ്റേദിവസം യന്ത്രത്തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി അറബി വീടുകളില്‍ ഹഗന ആക്രമണം നടത്തി. കുഞ്ഞുങ്ങള്‍ ഒഴികെയുള്ള എല്ലാവരെയും കൊല്ലുക എന്നതായിരുന്നു ഹഗനയിലെ അംഗങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശമെങ്കിലും കുഞ്ഞുങ്ങളെയും കൊന്നു ബ്രിട്ടീഷ് സൈന്യവും ജൂതന്മാര്‍ക്കൊപ്പം നിന്നു. മൊത്തം 47 ജൂതന്മാരും 48 അറബികളും മരിച്ചു.
ആയുധപരിശീലനം നടത്തുന്ന ഹഗന അംഗങ്ങള്‍. Photo: Wikipedia
പുതിയ നിര്‍മിതികള്‍ക്ക് നിരോധനമുണ്ടായിരുന്ന വെയ്ലിങ് വാളിന് സമീപം ജൂതന്മാര്‍ ഒരു താത്കാലിക നിര്‍മിതി ഉണ്ടാക്കിയതിനെത്തുടര്‍ന്ന് 1928ല്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാവുകയും ചില ജൂതന്മാര്‍ അല്‍ അഖ്‌സ പള്ളിയുടെ ഉടമസ്ഥത ആവശ്യപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 1929ല്‍ ഉണ്ടായ ഫലസ്തീന്‍ കലാപങ്ങളില്‍ 133 ജൂതന്മാരും 118 അറബികളും കൊല്ലപ്പെട്ടു.
അല്‍ അഖ്‌സ പള്ളി
ഈ കലാപത്തില്‍ ഹഗന വന്‍ തോതില്‍ ഇടപെട്ടു. 174 അറബികള്‍ക്കും 109 ജൂതന്മാര്‍ക്കും എതിരേ ബ്രിട്ടീഷുകാര്‍ കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും 3% ജൂതന്മാരെയേ വിചാരണയില്‍ ശിക്ഷിച്ചുള്ളൂ. 40% അറബികളും ശിക്ഷിക്കപ്പെട്ടു.
ബ്രിട്ടീസ് മാന്‍ഡേറ്റ് ഭരണസംവിധാനം ജൂതന്മാര്‍ക്കനുകൂലമായി മാറി എന്ന് ഇതില്‍ നിന്ന് ന്യായമായും സംശയിക്കാം.
അനധികൃതമായി ജൂതന്മാരെ ഫലസ്തീനിലേയ്ക്ക് കടത്തുന്നതിലായിരുന്നു ഹഗന പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മന്‍ സൈന്യം വടക്കന്‍ ആഫ്രിക്കയില്‍ നേട്ടങ്ങളുണ്ടാക്കിയപ്പോള്‍ ബ്രിട്ടന്‍ ഹഗനയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു.
പക്ഷേ ജൂത കുടിയേറ്റക്കാരുടെ എണ്ണം ബ്രിട്ടന്‍ പരിമിതപ്പെടുത്തുന്നതിനാല്‍ ഹഗന ബ്രിട്ടനോട് അത്ര സ്‌നേഹത്തിലായിരുന്നില്ല. അനധികൃതമായി വന്ന ജൂത കുടിയേറ്റക്കാരെ നാടുകടത്താനായി ഉപയോഗിച്ച എസ്.എസ്. പേട്രിയ എന്ന കപ്പല്‍ ഹഗന ബോംബുവച്ച് തകര്‍ക്കുകയും 50 ബ്രിട്ടീഷ് നാവികരുള്‍പ്പെടെ 250-300 പേര്‍ മരിക്കുകയും ചെയ്തു (1940).
ഏത് അളവുകോല്‍ വച്ച് നോക്കിയാലും ഇതൊരു ഭീകരാക്രമണം തന്നെയാണ്. മുകളില്‍ പറഞ്ഞ നിര്‍വചനമനുസരിച്ച് പ്രത്യേകിച്ച്.
എങ്കിലും ബ്രിട്ടന്‍ ഹഗനയെ പാലൂട്ടി വളര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജ്യൂയിഷ് ബ്രിഗേഡ് ഗ്രൂപ്പ് എന്ന പേരില്‍ ജൂതന്മാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ബ്രിട്ടന്‍ ഒരു സേനാവിഭാഗത്തിന് ഇക്കാലത്ത് (1943) രൂപം നല്‍കി.
30,000 ജൂതന്മാര്‍ക്ക് ഇക്കാരണത്താല്‍ ബ്രിട്ടനില്‍ നിന്ന് സൈനിക പരിശീലനവും ആയുധങ്ങള്‍ക്ക് മേല്‍ നിയന്ത്രണവും കിട്ടി! ഇത് പിന്നീടുള്ള അറബ് ഇസ്രഈല്‍ യുദ്ധത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.
1931ല്‍ ഹഗനയില്‍ നിന്ന് പിരിഞ്ഞുണ്ടായ ഒരു തീവ്രവാദ ഗ്രൂപ്പാണ് ഇര്‍ഗുണ്‍. ഇവര്‍ ബ്രിട്ടീഷുകാര്‍ക്ക് പൂര്‍ണമായും എതിരായിരുന്നു.
ഇര്‍ഗുണ്‍. Photo: Wikipedia
ഫലസ്തീന്‍ മാന്‍ഡേറ്റിലെ ബ്രിട്ടീഷ് ഭരണകേന്ദ്രമായിരുന്ന കിങ് ഡേവിഡ് ഹോട്ടല്‍ ബോംബുവച്ച് തകര്‍ത്ത് 91 പേരെ കൊന്ന ഭീകരരായിരുന്നു ഇവര്‍. കൊല്ലപ്പെട്ടവരില്‍ ബ്രിട്ടീഷുകാരും അറബികളും ജൂതന്മാരും ഉണ്ടായിരുന്നു. ഹഗനയും ആസൂത്രണകാലത്ത് ഈ ഭീകരാക്രമണത്തെ അനുകൂലിച്ചിരുന്നു.
ആക്രമണത്തില്‍ തകർന്ന കിങ് ഡേവിഡ് ഹോട്ടല്‍
1941ല്‍ ഇര്‍ഗുണില്‍ നിന്ന് പിരിഞ്ഞുണ്ടായ ഭീകരഗ്രൂപ്പായിരുന്നു ലേഹി (ഷ്ടേണ്‍ ഗാങ്). നാസി പാര്‍ട്ടി ജൂതന്മാരെ ഇല്ലാതാക്കാന്‍ ഫൈനല്‍ സൊല്യൂഷന്‍ എന്ന പദ്ധതി ഉണ്ടാക്കിയതുപോലെ ഫലസ്തീനിലെ ”വിദേശികളെ” ഇല്ലാതാക്കി ഫലസ്തീന്‍ പിടിച്ചെടുത്ത് പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ലേഹിയും ഒരു പദ്ധതിയുണ്ടാക്കിയിരുന്നു.
ലേഹി. Photo: Wikipedia
ഫലസ്തീനില്‍ ഒരു ഫാഷിസ്റ്റ് ജൂതരാജ്യം ഉണ്ടാക്കാന്‍ ഈ സംഘടനയുടെ നേതാവ് ഇറ്റലിയിലെ ഫാഷിസ്റ്റ് ഭരണവുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. നാസി ജര്‍മനിയുമായും ലേഹി ചര്‍ച്ചകള്‍ നടത്തിയിരുന്നു. തങ്ങളെ വാഗ്ദത്തഭൂമിയിലേയ്ക്ക് തിരികെ വരാന്‍ അനുവദിക്കാത്ത ബ്രിട്ടനാണ് ഹിറ്റ്‌ലറേക്കാള്‍ ക്രൂരന്‍ എന്നൊക്കെയായിരുന്നു ലേഹി ഐഡിയോളജി.
ബ്രിട്ടീഷ് മന്ത്രിയായിരുന്ന വാള്‍ട്ടര്‍ ഗിന്നസിനെ 1944ല്‍ വെടിവച്ച് കൊന്നതായിരുന്നു ലേഹിയുടെ ഒരു പ്രധാന ഭീകരാക്രമണം. ലണ്ടനില്‍ പോയി ചര്‍ച്ചിലിനെ കൊല്ലാന്‍ തക്ക ശക്തിയില്ലാത്തതുകൊണ്ട് കെയ്റോയിലെ അദ്ദേഹത്തിന്റെ പ്രതിനിധിയെ കൊല്ലുന്നു എന്നായിരുന്നു ലേഹി ഇതിന് നല്‍കിയ വിശദീകരണം.
വാള്‍ട്ടര്‍ ഗിന്നസ്. Photo: Wikipedia
ലേഹി 1946-ല്‍ ടെല്‍ അവീവില്‍ ബ്രിട്ടീഷ് സേനയുടെ കാര്‍ പാര്‍ക്ക് ആക്രമിച്ച് 7 സൈനികരെ കൊന്നു.
1947ല്‍ ഹൈഫയില്‍ ഒരു ബ്രിട്ടീഷ് പോലീസ് സ്റ്റേഷനില്‍ ഒരു ട്രക്കില്‍ നിറയെ സ്‌ഫോടകവസ്തുക്കള്‍ വച്ച് ആക്രമണം നടത്തി 4 പേരെ കൊല്ലുകയും 140 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
1948ല്‍ അറബ് ഇസ്രഈലി യുദ്ധത്തിനിടെ ലേഹി കെയ്റോ ഹൈഫ ട്രെയിനില്‍ ബോംബുവച്ച് 28 ബ്രിട്ടീഷ് സൈനികരെ കൊന്നു.
ലേഹിയുടെ പദ്ധതിയില്‍ പെട്ട ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു 1948ലെ ദെയ്ര്‍ യാസിന്‍ കൂട്ടക്കൊല. ഇര്‍ഗുണും ഗ്രൗണ്ടില്‍ ലേഹിയോടൊപ്പമുണ്ടായിരുന്നു. ഹഗന പിന്നില്‍ നിന്ന് പിന്തുണ കൊടുക്കുന്നുണ്ടായിരുന്നു.
ദെയ്ര്‍ യാസിന്‍ കൂട്ടക്കൊലയിലെ ജൂത അർധസെെനികർ
ദെയ്ര്‍ യാസിന്‍ ഒരു സമ്പന്ന അറബ് ഗ്രാമമായിരുന്നു. സമീപത്തുള്ള ഒരു ജൂതഗ്രാമവുമായി ഇവര്‍ നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്. ജൂതഗ്രാമത്തെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ തങ്ങള്‍ സൂചന നല്‍കാമെന്ന് ഇവര്‍ കരാറുണ്ടാക്കിയിരുന്നു. ദെയര്‍ യാസിന് തങ്ങള്‍ സംരക്ഷണം നല്‍കാമെന്ന് ജൂതഗ്രാമവും വാക്ക് കൊടുത്തിരുന്നു.
1948 ജനുവരി 20ന് വാഹനങ്ങളും ഗ്രനേഡുകളും മെഷീന്‍ ഗണ്ണുകളും റൈഫിളുകളുമായി ദെയ്ര്‍ യാസിന്‍ ആക്രമിച്ച ലേഹിയും ഇര്‍ഗുണും ഗ്രാമത്തിലുള്ളവര്‍ ഓടിപ്പോവും എന്നാണ് കരുതിയത്. പക്ഷേ കയ്യിലുള്ള തോക്കുകളുമായി അവര്‍ പ്രത്യാക്രമണം നടത്തി. നാല് അക്രമികള്‍ കൊല്ലപ്പെട്ടു.
എല്ലാ വീടുകളും സ്‌ഫോടകവസ്തുക്കളുപയോഗിച്ച് നശിപ്പിക്കാനായിരുന്നു ഈ സാഹചര്യത്തില്‍ ഇര്‍ഗുണ്‍-ലേഹി നേതൃത്വം എടുത്ത തീരുമാനം. വീടുകള്‍ നശിപ്പിക്കുകയും കുട്ടികളെയുള്‍പ്പെടെ കൊല്ലുകയും ചെയ്യാനാരംഭിച്ചതോടെ ഗ്രാമവാസികളില്‍ ഒരു പങ്ക് കീഴടങ്ങി. കീഴടങ്ങിയ സ്ത്രീകളില്‍ പലരും ബലാത്സംഗം ചെയ്യപ്പെട്ടു. കുട്ടികളുള്‍പ്പെടെ 80 തടവുകാരെ ലേഹിയും ഇര്‍ഗുണും കൊന്നു!
പിന്നീട് തടവുകാരായി പിടിച്ച 21 യുവാക്കളെ നിരത്തി നിര്‍ത്തി വെടിവെച്ച് കൊന്നു. ആകെ ഈ ഗ്രാമത്തിലെ 254 ഫലസ്തീനികളെ കൊന്നു എന്നതാണ് ഏറ്റവും ഉയര്‍ന്ന കണക്ക്. വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു. 250ഓളം തടവുകാര്‍ ഒടുവില്‍ ബാക്കിയായി.
അപ്പോഴാണ് സമീപ ജൂതഗ്രാമത്തില്‍ നിന്നുള്ള നേതാക്കള്‍ അവിടെയെത്തിയത്. 250 തടവുകാരെയും കൊല്ലാമെന്നായിരുന്നു ഇര്‍ഗുണ്‍/ലേഹി നേതൃത്വത്തിന്റെ തീരുമാനം. പക്ഷേ ജൂതഗ്രാമത്തിലെ ആള്‍ക്കാര്‍ അതിന് അനുവദിച്ചില്ല. തടവുകാരെ ഒടുവില്‍ ജറുസലേമിലേയ്ക്ക് കൊണ്ടുപോയി. അവിടെ ജൂതന്മാര്‍ അവരെ കല്ലെറിയുകയും തുപ്പുകയും ചെയ്തു. കുറച്ചുപേരെ കിഴക്കന്‍ ജെറുസലേമില്‍ ഉപേക്ഷിച്ചു.
കുറച്ചുപേരെ തിരികെ ദെയ്ര്‍ യാസിന്‍ ഗ്രാമത്തില്‍ കൊണ്ടുവന്ന് വെടിവെച്ച് കൊന്ന് കുഴിച്ചുമൂടി. ഒരു അമ്മയെയും കൈക്കുഞ്ഞിനെയും ജെറുസലേമിലെ ലേഹി ആസ്ഥാത്ത് കൊണ്ടുവരികയും കുഞ്ഞിനെ അവിടെവച്ച് കൊല്ലുകയും ചെയ്തു! അത് കണ്ട് ബോധം നഷ്ടപ്പെട്ട അമ്മയെയും കൊന്നു എന്ന് ഒരു ഹഗന റിപ്പോര്‍ട്ടുണ്ടെന്ന് വിക്കിപ്പീഡിയ ലേഖനത്തില്‍ പറയുന്നു.
മാതാപിതാക്കള്‍ മരിച്ച 55 കുട്ടികളെ ജറുസലേമിലെ മുസ്‌ലിം മേഖലയ്ക്കടുത്ത് ഉപേക്ഷിക്കുകയാണ് ചെയ്തത്. അവരെ കണ്ടെത്തിയ ഒരു മുസ്‌ലിം സ്ത്രീ അവരെ വളര്‍ത്തി. അതിലെ രണ്ട് കുട്ടികളുടെ ചിത്രമാണ് കൊടുത്തിരിക്കുന്നത്.
1948ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥനായിരുന്ന ഫോക്ക് ബെര്‍ണോഡോട്ട് എന്നയാളെ ലേഹി ആസൂത്രിമായി വെടിവെച്ചുകൊന്നു.
ഇതൊക്കെ ആദ്യം പറഞ്ഞ സ്റ്റാന്‍ഡേഡ് അനുസരിച്ച് തീവ്രവാദം തന്നെയാണ്! ലേഹിയുടെ പല പ്രവൃത്തികളും തീവ്രവാദമായി ഐക്യരാഷ്ട്ര സഭ തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്.
ഈ സംഘടനകള്‍ക്കെല്ലാം ഒടുവില്‍ എന്താണ് സംഭവിച്ചത്?
1. ഹഗന ഇസ്രഈല്‍ സേനയുടെ ഭാഗമായി മാറി!
2. ഇര്‍ഗുണിനെ ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ എടുത്തെങ്കിലും അത് ഒരു കലാപത്തിലേയ്ക്ക് നയിച്ചു. മൂന്ന് ഇസ്രഈല്‍ സൈനികരും 16 ഇര്‍ഗുണ്‍ അംഗങ്ങളും കൊല്ലപ്പെട്ട കലാപത്തിനൊടുവില്‍ ഇര്‍ഗുണിനെ സൈന്യത്തില്‍ നിന്ന് പതിയെ ഒഴിവാക്കി. പക്ഷേ ഇവര്‍ ഹേറത് എന്നൊരു പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തിലേയ്ക്ക് കടന്നു. ഇന്നത്തെ ലികുഡ് പാര്‍ട്ടിയുടെ പൂര്‍വികരാണ് ഹേറത്. ലികുഡ് പാര്‍ട്ടി ഒരുപാട് നാള്‍ ഇസ്രഈല്‍ ഭരിച്ചു!
ലികുഡ് പാര്‍ട്ടി
3. ലേഹിയെ ഐക്യരാഷ്ട്ര സഭയും ധാരാളം വിദേശ ഗവണ്മെന്റുകളും പോരാഞ്ഞ് ഇസ്രഈല്‍ ഗവണ്മെന്റ് തന്നെയും ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ലേഹിയുടെ 200 അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പക്ഷേ ഇസ്രഈലിന്റെ ആദ്യ തെരഞ്ഞെടുപ്പിന് മുന്‍പ് ഇവര്‍ക്ക് പൊതുമാപ്പ് നല്‍കുകയുണ്ടായി. ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഒരു സീറ്റും ഒരു ശതമാനത്തിലധികം വോട്ടും നേടി ഇസ്രഈലിന്റെ പൊതുസമൂഹത്തിന്റെ ഭാഗമായി. ലേഹിയുടെ നേതാവായിരുന്ന യിത്സാക് ഷമിര്‍ 1983ല്‍ ഇസ്രായേലിന്റെ പ്രധാനമന്ത്രിയുമായി!
യിത്സാക് ഷമിര്‍. Photo: Wikipedia
ചുരുക്കത്തില്‍ ഭീകരവാദത്തിലൂടെയാണ് ഇസ്രഈല്‍ ഉണ്ടായത്. ഭീകരവാദികളാണ് ഇസ്രായേല്‍ സൈന്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനം! ഒരു രാജ്യമായ ശേഷവും ഇസ്രഈലിലെ ഒരു വിഭാഗം ഭീകരവാദം തുടരുന്നു എന്നേയുള്ളൂ.
Content Highlight: Ajay Balachandran writes about Jew Militant Groups and Israel