| Thursday, 6th June 2019, 7:52 am

അശോക് ഗെഹ്ലോട്ട് രാജിവെക്കെണമെന്ന് പരസ്യപ്രസ്താവനയുമായി കോണ്‍ഗ്രസ് എം.എല്‍.എ; പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രാജിവെക്കെണമാന്നാവശ്യപ്പെട്ട് പരസ്യപ്രസ്താവനയുമായി കോണ്‍ഗ്രസ് എം.എല്‍.എ പ്രഥ്വിരാജ് മീണ. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അശോക് ഗെഹ്ലോട്ടിനെതിരെ പാര്‍ട്ടിക്കുള്ളിലുണ്ടായ തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കുന്നതാണ് പ്രിഥ്വിരാജിന്റെ പ്രസ്താവന. നേതൃമാറ്റം അനിവാര്യമാണെന്നും സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുപ്പക്കാരനായ മുഖ്യമന്ത്രിക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനാകും. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവണം. അശോക് ഗഹ്ലോട്ടിന് സ്വാധീനം നഷ്ടപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് സച്ചിന്‍ പൈലറ്റ് ആയിരുന്നെന്നും മീണ ആവര്‍ത്തിച്ചു.

മകന്‍ വൈഭവ് ഗഹ്ലോട്ടിനു വേണ്ടി പ്രചാരണ രംഗത്ത് സജീവമായ അശോക് ഗഹ്ലോട്ട് മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തിന് വേണ്ടവിധത്തില്‍ സഹകരിച്ചില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോധ്പുരില്‍ മത്സരിച്ച തന്റെ മകന്‍ വൈഭവ് ഗഹ്ലോട്ടിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം സച്ചിന്‍ പൈലറ്റിനാണെന്ന് അശോക് ഗഹ്ലോട്ട് ആരോപിച്ചിരുന്നു.സച്ചിന്‍ പൈലറ്റിന്റെ നിര്‍ദേശ പ്രകാരമാണ് ജോധ്പുരില്‍ വൈഭവ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കടുത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നേതൃത്വത്തിനെതിരെ ആരോപണവുമായി മന്ത്രിമാരായ രമേഷ് മീണ, ഉദയ്ലാല്‍ അഞ്ജാന എന്നിവരും രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more