| Saturday, 28th June 2025, 10:44 am

യൂറോ കപ്പിന് വെറും നാല് ദിവസം ശേഷിക്കെ സ്‌പെയ്‌നിന് വമ്പന്‍ തിരിച്ചടി; ബാലണ്‍ ഡി ഓര്‍ ജേതാവ് പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ യൂറോ കപ്പ് ജൂലൈ രണ്ടിന് ആരംഭിക്കാനിരിക്കെ സ്‌പെയ്‌നിന് വമ്പന്‍ തിരിച്ചടി. സൂപ്പര്‍ താരവും രണ്ട് തവണ ബാലണ്‍ ഡി ഓര്‍ ഫെമിനിന്‍ ജേതാവുമായ ഐറ്റാന ബോണ്‍മാറ്റിയെ വൈറല്‍ മെനിഞ്ചിറ്റിസിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്പാനിഷ് സൂപ്പര്‍ മിഡ് ഫീല്‍ഡറുടെ ആരോഗ്യനില സംബന്ധിച്ച് കാര്യമായ ആശങ്കകള്‍ ഒന്നും തന്നെയില്ലെന്നും എന്നാല്‍ താരം എന്ന് കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്നും പരിശീലകന്‍ വ്യക്തമാക്കി.

ജൂലൈ നാലിന് പോര്‍ച്ചുഗലിനെതിരെയാണ് സ്‌പെയ്ന്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തില്‍ ബോണ്‍മാറ്റി ഉണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്. കന്നിക്കിരീടം തേടിയിറങ്ങുന്ന സ്പാനിഷ് ടീമിന് ബോണ്‍മാറ്റിയുടെ അഭാവം വലിയ തിരിച്ചടി തന്നെ നല്‍കും.

ബെല്‍ജിയം, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബി-യിലാണുള്ളത്. ഈ ഗ്രൂപ്പില്‍ നിന്നും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കുകയെന്നത് സ്‌പെയ്‌നിനെ സംബന്ധിച്ച് വലിയ കടമ്പ തന്നെയായിരിക്കും.

ജൂലൈ രണ്ടിനാണ് വനിതാ യൂറോ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഐസ്ലാന്‍ഡ് ഫിന്‍ലന്‍ഡിനെ നേരിടും. ഐസ് ലാന്‍ഡ്, ഫിന്‍ലന്‍ഡ്, നോര്‍വേ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ-യിലാണ് സ്വിറ്റ്സര്‍ലന്‍ഡ്.

നാല് ഗ്രൂപ്പുകളില്‍ നിന്നായി 16 ടീമുകളാണ് യുവേഫ വനിതാ യൂറോ കപ്പ് കിരീടത്തിനായി പോരാടുന്നത്.

ഗ്രൂപ്പ് എ

  • ഫിന്‍ലന്‍ഡ്
  • ഐസ്‌ലാന്‍ഡഡ്
  • നോര്‍വേ
  • സ്വിറ്റ്സര്‍ലന്‍ഡ്

ഗ്രൂപ്പ് ബി

  • ബെല്‍ജിയം
  • ഇറ്റലി
  • പോര്‍ച്ചുഗല്‍
  • സ്പെയ്ന്‍

ഗ്രൂപ്പ് സി

  • ഡെന്‍മാര്‍ക്
  • ജര്‍മനി
  • പോളണ്ട്
  • സ്വീഡന്‍

ഗ്രൂപ്പ് ഡി

  • ഇംഗ്ലണ്ട്
  • ഫ്രാന്‍സ്
  • നെതര്‍ലന്‍ഡ്സ്
  • വെയ്ല്‍സ്

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ജൂലൈ 17 മുതല്‍ 20 വരെയാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.

ജൂലൈ 23നാണ് ആദ്യ സെമി ഫൈനല്‍ മത്സരം. സ്റ്റേഡ് ഡി ജെനീവാണ് വേദി. സ്റ്റേഡിയന്‍ ലെറ്റ്സിഗ്രണ്ടില്‍ ജൂലൈ 24നാണ് രണ്ടാം സെമി. 27ന് സെന്റ് ജേകബ് പാര്‍ക്കില്‍ ചാമ്പ്യന്‍മാര്‍ പിറവിയെടുക്കും.

Content Highlight: Aitana Bonmatí has been hospitalized with viral meningitis before 2025 Women’s Euro Cup

We use cookies to give you the best possible experience. Learn more