പൊറാട്ടുനാടകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് ഐശ്വര്യ മിഥുൻ കോറോത്ത്. പിന്നീട് വിനീത് ശ്രീനിവാസൻ പ്രധാനവേഷത്തിലെത്തിയ ഒരു ജാതി ജാതകം എന്ന ചിത്രത്തിലും അഭിനയിച്ചു. സിനിമയിലെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ.
2024ൽ പുറത്തിറങ്ങിയ പൊറാട്ടുനാടകമാണ് ആദ്യ ചിത്രമെന്നും തന്നെ ആ പടത്തിലേക്ക് നിർദേശിച്ചത് സംവിധായകൻ സിദ്ദീഖ് ആണെന്നും ഐശ്വര്യ പറയുന്നു.
‘സംവിധായകൻ സിദ്ദീഖ് സാറാണ് അദ്ദേഹത്തിന്റെ അസോസിയേറ്റുമാരിൽ ഒരാളായിരുന്ന നൗഷാദ് സഫ്രോൺ സംവിധാനം ചെയ്ത പൊറാട്ടുനാടകത്തിലേക്ക് നിർദേശിച്ചത്. സൈജു കുറുപ്പിന്റെ നായികയായാണ് വേഷമിട്ടത്’ ഐശ്വര്യ പറഞ്ഞു.
കാഞ്ഞങ്ങാടായിരുന്നു സിനിമ ഷൂട്ട് ചെയ്തതെന്നും സിനിമയുടെ ചിത്രീകരണ സമയത്തും ഡബ്ബിങ് സമയത്തുമെല്ലാം സംവിധായകൻ കൂടെത്തന്നെ ഉണ്ടായിരുന്നെന്നും സിനിമ റിലീസ് ചെയ്യുന്നതിന്റെ മുന്നെയാണ് അദ്ദേഹം മരണപ്പെടുന്നതെന്നും നടി പറയുന്നു. സിനിമ റിലീസ് ആകുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ വേർപാട് വലിയ വേദന തോന്നിയെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.
ഇതിന് ശേഷമാണ് ‘ഒരു ജാതി ജാതകം’ എന്ന ചിത്രത്തിലേക്ക് എത്തുന്നതെന്നും സ്‌ക്രീൻ ടെസ്റ്റിന് പോയപ്പോൾ സിനിമയിലെ പല കഥാപാത്രങ്ങളെയും അഭിനയിച്ച് കാണിച്ചുവെന്നും പറഞ്ഞ ഐശ്വര്യ, ഏറെ ഇഷ്ടപ്പെട്ടതും ചെയ്യാൻ ആഗ്രഹിച്ചിരുന്നതുമായ കഥാപാത്രമായ ഗോപികയെ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നും പറയുന്നു.
‘ഹാസ്യത്തിന് വലിയ പ്രാധാന്യമുള്ള കഥാപാത്രം ഒരുപാട് ആസ്വദിച്ച്
ചെയ്ത ഒന്നായിരുന്നു. കണ്ണൂർ ഭാഷ തന്നെയാണ് സിനിമയിലേത്. അത് അഭിനയസാധ്യത മെച്ചപ്പെടുത്തുകയും ഡബ്ബിങ്ങിലടക്കം ഒരുപാട് ഗുണകരമാവുകയും ചെയ്തു. അനൂപ് മേനോനൊപ്പമുള്ള ചിരം ആണ് മൂന്നാമത്തെ ചിത്രം,’ ഐശ്വര്യ മിഥുൻ കോറോത്ത് പറയുന്നു.
സ്‌കൂൾകാലം മുതൽ കലാമേളകളിലും പരിപാടികൾക്കും കൊണ്ടു പോയിരുന്നത് അധ്യാപികയായ അമ്മയാണെന്നും തനിക്ക് വേണ്ടി കഥാപ്രസംഗവും മോണോആക്ടും എഴുതി തന്നതും അമ്മയാണെന്നും നടി പറഞ്ഞു.
Content Highlight: Aiswarya Mithun Talking about Directer Siddique