| Monday, 29th June 2026, 3:27 pm

സ്വന്തം പ്രായത്തേക്കാൾ കൂടിയ കഥാപാത്രങ്ങളാണ് ആ നടി തിരഞ്ഞെടുക്കുന്നത്, അതിനു പ്രത്യേക ധൈര്യം വേണം: ഐശ്വര്യ ലക്ഷ്മി

നന്ദന. ടി

മലയാള സിനിമയിലും ടെലിവിഷനിലുമായി ശ്രദ്ധേയ സാന്നിധ്യമായ നടിയും നർത്തകിയുമാണ് സ്വാസിക. ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്കിടയിൽ ജനപ്രീതി നേടിയ താരം, ‘വാസന്തി’യിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സ്വഭാവനടിക്കുള്ള അംഗീകാരവും സ്വന്തമാക്കി. തുടർന്ന് ‘കുമാരി’, ‘ചതുരം’, ‘പൊറിഞ്ചു മറിയം ജോസ്’ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലൂടെയും തമിഴിൽ ‘ലബ്ബർ പന്തു’, ‘മാമൻ’, ‘നൂറു സാമി’ തുടങ്ങിയ ചിത്രങ്ങളിലൂടെയും അഭിനയമികവ് തെളിയിച്ച സ്വാസിക, അടുത്തിടെ തമിഴ് പ്രേക്ഷകരുടെയും പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ സ്വാസികയുടെ അഭിനയത്തെക്കുറിച്ച് പറയുകയാണ് നടി ഐശ്വര്യ ലക്ഷ്മി. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടേഴ്‌സ് ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഐശ്വര്യ ലക്ഷ്മി .photo.x

‘മാമൻ’, ‘കുമാരി’ എന്നീ സിനിമകളിൽ ഞാനും സ്വാസികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവൾ എന്റെ ഒരു നല്ല സുഹൃത്ത് കൂടിയാണ്. അടുത്തിടെ വിജയ് ആന്റണിക്കൊപ്പം ‘നൂറു സാമി’ എന്ന സിനിമ അവൾ ചെയ്തിരുന്നു. ആ സിനിമയിൽ സ്വാസികയുടെ പ്രകടനം മികച്ചതായിരുന്നുവെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. ഒരു രക്ഷയുമില്ലാത്ത അഭിനയം എന്നൊക്കെയാണ് കേട്ടത്. അതുപോലെ ‘ലബ്ബർ പന്ത്’ലെയും പ്രകടനം ശ്രദ്ധേയമായിരുന്നു.

‘കുമാരി’ സിനിമയിൽ ഒരുമിച്ച് അഭിനയിച്ച സമയത്ത്, ഞങ്ങൾ ഒരുമിച്ചുള്ള സീനുകൾ കാണുമ്പോൾ പുറത്തുനിന്ന് പലരും സ്വാസികയുടെ കണ്ണുകളെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. ഭയങ്കര രസമായിട്ടാണ് അവൾ അഭിനയിക്കുക. അതുകൊണ്ട് തന്നെ എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, സ്വാസിക കുറച്ചുകൂടി മികച്ച അവസരങ്ങൾ അർഹിക്കുന്ന ഒരു നടിയാണെന്ന്. എന്തുകൊണ്ടാണ് അവൾക്ക് കൂടുതൽ നായിക വേഷങ്ങളോ ശക്തമായ കഥാപാത്രങ്ങളോ ലഭിക്കാത്തതെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

മറ്റെല്ലാ അഭിനേതാക്കളെയും പോലെ സ്വന്തമായി ഒരു സ്പേസ് സ്വാസിക സൃഷ്ടിച്ചിട്ടുണ്ട്. ആളുകൾക്ക് അവളോട് വലിയ ബഹുമാനമാണ്. ഒരു സ്റ്റാർ ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമൊന്നും സ്വാസിക നടത്തുന്നില്ല . അവൾക്ക് ഡാൻസ് ചെയ്യാനോ സ്റ്റേജ് ഷോകൾ ചെയ്യാനോ കിട്ടിയാൽ അതിന് പോകും. അതല്ലാതെ ഞാൻ ഇപ്പോൾ സിനിമ മാത്രമേ ചെയ്യു എന്ന രീതിയിലുള്ള നിയന്ത്രണങ്ങളൊന്നും അവൾക്കില്ല.

അത്രയും ആത്മാർഥമായി കലയെ സ്നേഹിക്കുന്ന ഒരാൾക്ക് കൂടുതൽ നല്ല അവസരങ്ങൾ ലഭിക്കണം. സ്വാസിക ‘കുമാരി ’ പോലൊരു കഥാപാത്രവും ചെയ്യും, ‘നൂറു സാമി’യിലെ പോലൊരു കഥാപാത്രവും ചെയ്യും. അത്തരത്തിലുള്ള വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തം പ്രായത്തേക്കാൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ് അവൾ അധികവും ചെയുന്നത് . പക്ഷേ അതൊന്നും അവളുടെ വളർച്ചയ്ക്ക് ഒരു തടസ്സമായിട്ടില്ല. സ്വാസികയുടെ ആ ധൈര്യം എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

സ്വാസിക.photo.screen grab/youtube

Content Highlight: Aiswarya Lekshmi talks about swasika’s acting

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more