വിഷ്ണു വിശാൽ , ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്‌ത ഗാട്ട ഗുസ്തി 2 ന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ജീവിതത്തിൽ സ്വയം കൈവിടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സിനിമ തിരഞ്ഞെടുക്കുമ്പോൾ പിന്തുടരുന്ന നിലപാടുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചുമാണ് നടി 60 മിനിറ്റ്സ് വിത്ത് സുധീർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചത്.
‘ഒരു സ്പോർട്സ് വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരുടെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും ഒരുമിച്ച് കൊണ്ടുപോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പ്രത്യേകിച്ച് സ്ത്രീകൾക്ക്. ജീവിതത്തിൽ അത്രയും കഷ്ടപ്പെട്ട് നേടിയ പല കാര്യങ്ങളും നഷ്ടപ്പെടുത്തേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഈ ഒരു സംഘർഷം തന്നെ ആണ് സിനിമ സംസാരിക്കുന്നതും.
ഗാട്ട ഗുസ്തി 2. Photo.Screen Grab/ kerala kaumudi
‘നമ്മളെല്ലാം ചെറുപ്പം മുതൽ മറ്റുള്ളവർക്ക് വേണ്ടി നമ്മളെത്തന്നെ ഉപേക്ഷിക്കാനാണ് പഠിക്കുന്നത്. ഉദാഹരണത്തിന്, എന്റെ അമ്മ എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചത് ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് വേണ്ടി അമ്മ തന്റെ സന്തോഷങ്ങൾ പോലും മാറ്റിവെച്ചു. അതുകൊണ്ട് തന്നെ ഞാൻ ഒരിക്കലും എന്നെത്തന്നെ കൈവിടില്ലെന്നും എന്റെ സന്തോഷങ്ങൾക്ക് വേണ്ടി മറ്റാരെയും സമ്മർദത്തിലാക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
‘ഞാൻ ചെയ്ത സിനിമകളെയും കഥാപാത്രങ്ങളെയും കുറിച്ച് നല്ലത് പറയുന്നത് കേൾക്കാനാണ് എനിക്ക് ഇഷ്ടം. വലിയ സിനിമകളുടെ ഭാഗമാകാൻ ആഗ്രഹമുണ്ടെങ്കിലും ഹീറോയെയോ ഹീറോയിനെയോ മാത്രം ഉയർത്തിക്കാട്ടുന്ന കഥകളേക്കാൾ എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള സിനിമകളിലാണ് അഭിനയിക്കാൻ താത്പര്യം ,’ നടി പറഞ്ഞു.
‘ഒരു സിനിമ ചെയ്തുകഴിഞ്ഞാൽ എനിക്ക് കൂടുതൽ അഭിനന്ദനം കിട്ടണമെന്നൊന്നും ആഗ്രഹമില്ല. സിനിമ കൊള്ളില്ല, പക്ഷേ എന്റെ കഥാപാത്രം നന്നായിരുന്നു എന്ന് കേൾക്കുന്നതിലും എനിക്ക് താൽപര്യമില്ല. പകരം ഞാൻ അഭിനയിച്ച സിനിമയുടെ കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും നല്ലത് കേൾക്കാനാണ് ആഗ്രഹം. സിനിമയിൽ നിന്ന് വേറിട്ട് നിൽക്കാൻ എനിക്ക് താത്പര്യമില്ല. വലിയ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിൽ നല്ല കഥകൾ ഉണ്ടായിരിക്കണം. എല്ലാ കഥാപാത്രങ്ങളും എനിക്ക് ഒരുപോലെയാണ്,’ ഐശ്വര്യ പറഞ്ഞു.
അതേസമയം, സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും നടി സംസാരിച്ചു.
‘സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്നതിന് ശേഷമാണ് ഞാൻ ശരിക്കും ജീവിക്കാൻ തുടങ്ങിയതെന്ന് എന്ന് തോന്നിയത്. അതിന് മുമ്പ് ഞാൻ എല്ലാം ജഡ്ജ് ചെയ്യുമായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇത് പോസ്റ്റ് ചെയ്താൽ എങ്ങനെയിരിക്കും, ആളുകൾ എന്ത് പറയും എന്നൊക്കെയായിരുന്നു ചിന്ത. ഒരു യാത്ര പോകുമ്പോൾ ഏത് ഡ്രസ് ധരിക്കണം, ഏത് ഫോട്ടോ പോസ്റ്റ് ചെയ്യണം എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ മനസിലുണ്ടായിരുന്നു. ഇപ്പോൾ അത്തരം ചിന്തകളൊന്നുമില്ല. ഞാൻ ആ നിമിഷം ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. അതാണ് എനിക്ക് കൂടുതൽ സമാധാനം നൽകുന്നത് ‘ , ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മി.photo.x.com