തമിഴ് സിനിമയിൽ അഭിനേതാക്കളുടെയും നടിമാരുടെയും നിറത്തെ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യ സങ്കൽപ്പങ്ങളും കാസ്റ്റിങ് രീതികളും ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്. പ്രത്യേകിച്ച് നായികമാരുടെ തിരഞ്ഞെടുപ്പിൽ നിറവിവേചനം ഇപ്പോഴും നിലനിൽക്കുന്നുവെന്ന വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലും സിനിമാ ലോകത്തും പലപ്പോഴും ഉയരാറുണ്ട്. ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. തന്റെ പുതിയ ചിത്രമായ ഗാട്ട ഗുസ്തി 2 ന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടേഴ്‌സ് ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഐശ്വര്യ ലക്ഷ്മി.photo.X
‘ഈ വിഷയത്തിന്റെ റൂട്ട് കോസ് കണ്ടെത്തണമെങ്കിൽ ബ്രിട്ടീഷ് കോളനിവൽക്കരണത്തിന്റെ കാലം മുതൽ തുടങ്ങണം. ആ കാലം മുതൽ തന്നെ ബഹുമാനവും അധികാരവും സൗന്ദര്യവും വെളുത്ത നിറവുമായി ബന്ധപ്പെടുത്തി കാണുന്ന ഒരു രീതിയുണ്ടായി. അതുകൊണ്ടാണ് നമ്മളിൽ പലർക്കും വെളുത്ത നിറമുള്ളവരാണ് കൂടുതൽ സൗന്ദര്യമുള്ളവർ എന്ന ധാരണ വന്നത്. പക്ഷേ അത് ശരിയല്ല. ഇത്രയും കാലം സമൂഹത്തിൽ ആഴത്തിൽ വേരൂന്നിക്കിടന്ന ഒരു ചിന്താഗതിയായതുകൊണ്ട് അത് മാറാൻ സമയമെടുക്കും.
അതിന് ഏറ്റവും ആവശ്യം കൂടുതൽ റെപ്രസെന്റേഷനാണ്. ചില വീഡിയോകളിലും മറ്റും എന്നെ ‘ഡസ്‌കി ബ്യൂട്ടി’ എന്ന് വിളിക്കുന്നത് കാണാറുണ്ട്. അത് മോശം കാര്യമാണെന്ന് ഞാൻ പറയുന്നില്ല. ഞാൻ ഡസ്‌കിയാണെന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ അവിടെയും എന്നെ താരതമ്യം ചെയ്യുന്നത് വെളുത്ത നിറത്തോടാണ്. അതിന്റെ താഴെയുള്ള നിറങ്ങളെ മോശമായി കാണുന്ന ഒരു തോന്നൽ വരാൻ പാടില്ലല്ലോ.
സ്കിൻ കളർ അല്ല ഒരാളെ നിർവചിക്കുന്നത്. അതിന് പിന്നിലുള്ളതെല്ലാം എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്. അതുകൊണ്ടാണ് ഈ വിഷയത്തിൽ കൂടുതൽ കോൺവെർസേഷൻസ് ആണ് ഉണ്ടാകേണ്ടത് എന്ന് ഞാൻ പറയുന്നത്. അത്തരത്തിലുള്ള ചർച്ചകൾ സാധാരണമാകുകയും വേണം. ഞാൻ ഇവിടെ വെളുത്ത നിറമുള്ളവരെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ സൗന്ദര്യം, ആകർഷണം, അധികാരം എന്നിവയെല്ലാം വെളുത്ത നിറത്തോട് മാത്രം ചേർത്തുവയ്ക്കുന്ന ചിന്ത മാറണം. അതിന് ഇത്തരത്തിലുള്ള സംഭാഷണങ്ങളും ബോധപൂർവമായ തീരുമാനങ്ങളും ഓരോരുത്തരുടെയും ഭാഗത്തുനിന്ന് തുടങ്ങണം,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഐശ്വര്യ ലക്ഷ്മി.photo.X