| Wednesday, 1st July 2026, 9:54 am

തെറാപ്പി ആവശ്യമാണെന്ന് തോന്നിയാൽ എല്ലാവരും അത് സ്വീകരിക്കണം: ഐശ്വര്യ ലക്ഷ്മി

നന്ദന. ടി

മലയാള സിനിമയിലെ ശ്രദ്ധേയ യുവ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ;മായാനദി’, ‘വരത്തൻ’, ‘കുമാരി’, ‘പൊൻനിയിൻ സെൽവൻ’, ‘ഗാട്ട ഗുസ്തി’ തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം, സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും പങ്കുവെക്കുകയാണ് . ജെ.എഫ്‌.ഡബ്ല്യു ബിഞ്ച് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

ഐശ്വര്യ ലക്ഷ്മി.photo.x

‘ഞാൻ ഒരു ഇരുപത് വയസ്സ് മുതൽ ആണ് തെറാപ്പി എടുക്കാൻ തുടങ്ങിയത്. അപ്പോഴാണ് ചില കാര്യങ്ങളൊക്കെ ഫിഗർ ഔട്ട് ചെയ്യാൻ പറ്റിയത്. സാധാരണ ഞാൻ എന്റെ സുഹൃത്തുക്കളോടൊക്കെ സംസാരിക്കുമ്പോൾ എല്ലാം ഒക്കെയായിരിക്കും. പക്ഷേ അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ ഞാൻ പെട്ടെന്ന് ദേഷ്യപ്പെടും. പുറത്തുള്ള ആളുകളോട് വളരെ നന്നായി പെരുമാറുമ്പോഴും വീട്ടിലുള്ളവരോട് അങ്ങനെ പെരുമാറാൻ എനിക്ക് പറ്റുന്നില്ലായിരുന്നു. അത് എനിക്ക് വലിയൊരു പ്രശ്നമായി തോന്നി. ചിലപ്പോൾ അച്ഛനെയും അമ്മയെയും വിളിച്ച് ദേഷ്യപ്പെട്ടതിന് ശേഷം സോറി പോലും പറയാറുണ്ടായിരുന്നു. അങ്ങനെയാണ് ആ കാര്യങ്ങൾ ഫിഗർ ഔട്ട് ചെയ്യണമെന്ന തോന്നലിൽ ഞാൻ തെറാപ്പി തുടങ്ങിയത്.

ഞാൻ വളരെ സോഷ്യലായ ഒരാളാണ്. പക്ഷേ എന്റെ മാതാപിതാക്കൾ അങ്ങനെയല്ല. അതുകൊണ്ട് അവരെ അവർ ആയിട്ട് തന്നെ ആക്സെപ്റ്റ് ചെയ്യാൻ എനിക്ക് തെറാപ്പിയുടെ സഹായം വേണ്ടിവന്നു. അല്ലെങ്കിൽ ഞാൻ അവരെ മാറ്റാൻ ശ്രമിക്കുന്നതു പോലെയായിരുന്നു. അവർക്ക് ഇപ്പോൾ ഏകദേശം എഴുപതു വയസ്സായി. അവരുടെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഞാൻ എന്തിനാണ് അവരെ മാറ്റാൻ ശ്രമിക്കുന്നത്.

ഞാൻ അമ്മയ്ക്ക് ഒരു ബ്രാൻഡഡ് സാരി വാങ്ങിക്കൊടുത്താൽ, ‘എനിക്ക് ഇത്ര വിലയുള്ള സാരിയൊന്നും ആവശ്യമില്ല. എന്തിനാണ് ഇതൊക്കെ വാങ്ങിയത്’ എന്നാണ് അമ്മ പറയുക. എന്റെ ഉള്ളിലെ ഒരു കുട്ടിക്ക് അമ്മയ്ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹം. പക്ഷേ അമ്മ അത് റിജക്റ്റ് ചെയ്യുകയാണെന്ന തോന്നലായിരുന്നു എനിക്ക്. പിന്നീട് തെറാപ്പിയിലൂടെ മനസ്സിലായത്, അവർ ഇത്തരത്തിൽ ഉള്ള കാര്യങ്ങളിൽ എന്നെ റിജക്റ്റ് ചെയ്യുകയല്ല, മറിച്ച് അത് അവർക്ക് ഒരു ബുദ്ധിമുട്ടായിരിക്കാം എന്നത്. ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ വരെ ഞാൻ ഓവർതിങ്ക് ചെയ്യാറുണ്ട്.

പക്ഷേ എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രധാനപ്പെട്ടത് എന്റെ മാതാപിതാക്കളാണ്. പക്ഷെ ഞങ്ങളുടെ ഇടയിലെ ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് കുറവൊന്നും ഇല്ല. ഇപ്പോൾ തന്നെ എനിക്ക് അവരുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് എന്റെ അച്ഛനും അമ്മയ്ക്കും അറിയില്ല. റിലേഷൻഷിപ്പ് ഇഷ്യൂസിന് വേണ്ടി നമ്മൾ ഒരു തെറാപ്പിസ്റ്റിനെ കാണുന്നതുപോലെ തന്നെ മാതാപിതാക്കളുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകണം. കാരണം നമ്മുടെ ചൈൽഡ്ഹുഡിലെ ചില അൺറിസോൾവ്ഡ് ട്രോമകൾ തെറാപ്പിയിലൂടെ മാത്രമാണ് ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ കഴിയുക.

അതുകൊണ്ട് ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ എല്ലാവരും തെറാപ്പി എടുക്കണം. പ്രത്യേകിച്ച് അഭിനേതാക്കൾ. കാരണം ആക്ടിങ് എന്ന പ്രൊഫഷൻ നന്നായി ചെയ്യാൻ നമ്മളെക്കുറിച്ച് നല്ലൊരു ധാരണ നമുക്കുണ്ടായിരിക്കണം. ഈയിടെ ഞാൻ ജോഡി ഫോസ്റ്ററിന്റെ ഒരു അഭിമുഖം കണ്ടിരുന്നു. അതിൽ അവർ പറഞ്ഞത്, ‘യുവർ സെൽഫ് ഹാസ് ടു ബി ഐഡന്റിഫൈഡ്’ എന്നാണ് നിങ്ങൾ ആരാണെന്ന് ആദ്യം തിരിച്ചറിയണം. അതിനെ ആഴത്തിൽ പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതൊരു ലോങ്ങ് പ്രോസസ്സ് ആണ് ആ യാത്രയിൽ തെറാപ്പി ശരിക്കും സഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത്’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഐശ്വര്യ ലക്ഷ്മി.photo.x

Content Highlight: Aishwarya Lekshmi talks about the need of taking therapy
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more