| Sunday, 1st March 2026, 8:39 pm

എന്റെ ആ തീരുമാനം മണ്ടത്തരമാണെന്ന് പലരും പറഞ്ഞു; ഒരു ഇന്‍ഫ്ളുവന്‍സറാകാന്‍ താത്പര്യം ഇല്ല: ഐശ്വര്യ ലക്ഷ്മി

ഐറിന്‍ മരിയ ആന്റണി

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും മായനദി എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ താരം ഇപ്പോള്‍ അന്യഭാഷകളിലും സജീവമാണ്.

കുറച്ചായി നടി സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റാക്കിയതിനെ കുറിച്ച് മുമ്പ് അഭിമുഖങ്ങളില്‍ ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നു.

‘സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കുകയാണെന്ന് തീരുമാനിച്ചപ്പോള്‍ പലരും പറഞ്ഞു, മണ്ടത്തരമാണ്, സോഷ്യല്‍ മീഡിയ വിട്ടാല്‍ കരിയര്‍ ഉണ്ടാവില്ല, വര്‍ക്കുകള്‍ വരില്ല എന്നൊക്കെ. എന്നാല്‍ എന്റെ സോഷ്യല്‍ മീഡിയ പേജ് കണ്ടിട്ടല്ല എനിക്ക് ഇതുവരെ സിനിമ കിട്ടിയിട്ടുള്ളത്. ഞാന്‍ ഒരു ഇന്‍ഫ്‌ളുവന്‍സര്‍ അല്ല. എനിക്കത് ആകാനും താത്പര്യം ഇല്ല.

പ്രൊഫഷന്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ശ്രദ്ധ. സോഷ്യല്‍ മീഡിയ ഒരിക്കലും എന്നെ നല്ല അഭിനേതാവാകാന്‍ സഹായിച്ചിട്ടില്ല. കഴിഞ്ഞ ഓണത്തിന് ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. എന്നിട്ടും ബോംബെയില്‍ വെച്ച് ഓണം ഷൂട്ട് നടത്തി.

ഫോട്ടോ കണ്ട് അമ്മ ചോദിച്ചിരുന്നു, എന്തിനാണ് ഇങ്ങനെയൊരു ഷൂട്ട്, അത് ചെയ്തില്ലെങ്കില്‍ എന്താണ് ഉണ്ടാവുക എന്ന്. ഞാനും അത് ചിന്തിച്ചു. ഫിയര്‍ ഓഫ് മിസ്സിങ് ഔട്ട് അഥവാ എല്ലാവരും മറന്നുപോകുമോ എന്ന പേടി ആണ് എന്നെ അതിന് പ്രേരിപ്പിച്ചതെന്ന് തോന്നുന്നു,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഇന്ന് സോഷ്യല്‍ മീഡിയയിലെ നമ്മള്‍ യഥാര്‍ഥ നമ്മളല്ലെന്നും മറ്റെന്തോവാണെന്ന് കാണിക്കാന്‍ ശ്രമിക്കുകയാണെന്നും ഐശ്വര്യ പറഞ്ഞു. അവിടെ ഒരു മാര്‍ക്കറ്റില്‍ നില്‍ക്കുന്നത് പോലെ തനിക്ക് തോന്നുമെന്നും എപ്പോഴും ഒച്ചപ്പാടും ബഹളവുമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ആള്‍ക്കാരുടെ അഭിപ്രായങ്ങള്‍, പുതിയ കുറെ റീല്‍സ് ട്രെന്‍ഡുകള്‍ അനാവശ്യമായ ഇന്‍ഫര്‍ മേഷനുകള്‍, ഷോപ്പിങ്ങിന് പ്രേരിപ്പിക്കുന്ന കണ്ടന്റുകളൊക്കെ അവിടെ വരുമെന്നും പരിധി കഴിഞ്ഞപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതില്ലാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും ഐശ്വര്യ പറഞ്ഞു.

Content Highlight: Aishwarya Lekshmi talks about taking a break from social media 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more