| Thursday, 8th October 2026, 8:28 pm

റാക്കയില്‍ ഞാനില്ല, ആരാണ് ഈ റൂമര്‍ തുടങ്ങിയതെന്ന് എനിക്കറിയില്ല: ഐശ്വര്യ ലക്ഷ്മി

അശ്വിന്‍ രാജേന്ദ്രന്‍

അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. മണിരത്നത്തിന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലൂടെ തമിഴ്നാട്ടിലും ഐശ്വര്യ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐശ്വര്യ ലക്ഷ്മി. Photo: IMDB

അടുത്തിടെ തമിഴില്‍ പുറത്തിറങ്ങിയ ഗാട്ടാ ഗുസ്തി 2ല്‍ താരം പ്രധാനവേഷത്തിലെത്തിയിരുന്നു. വലിയ പ്രശംസയായിരുന്നു ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. ഐശ്വര്യയുടെതായി മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സഫര്‍ സനല്‍ സംവിധാനം ചെയ്ത ആശ.

ഉര്‍വശി, ജോജു ജോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്. ഐശ്വര്യയുടേതായി നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ വെബ് സിരീസാണ് ലൗ. ബാലാജി മോഹന്‍ സംവിധാനം ചെയ്ത് അര്‍ജുന്‍ ദാസ് പ്രധാനവേഷത്തിലെത്തുന്ന സിരീസുമായി ബന്ധപ്പെട്ട് സംസാരിക്കവെ അല്ലു അര്‍ജുന്‍-അറ്റ്‌ലീ ചിത്രമായ റാക്കയില്‍ താനുണ്ടെന്ന അഭ്യൂഹങ്ങളോട് താരം പ്രതികരിക്കുകയാണ്.

താന്‍ റാക്കയുടെ ഭാഗമല്ലെന്നും ആരാണ് ഈ അഭ്യൂഹങ്ങള്‍ തുടങ്ങിയതെന്ന് തനിക്ക് അറിയില്ലെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ ഒരു റൂമര്‍ ഇവിടെ നടക്കുന്നതിനെ കുറിച്ച് തനിക്കറിയാമെന്നും എന്നാല്‍ ഇതുവരെ താന്‍ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നും താരം പറയുന്നു. ഇത്രയും വലിയ ചിത്രത്തിന്റെ ഭാഗമാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന് തന്നെ ആരെങ്കിലും ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

റാക്ക. Photo: X.com

2024ല്‍ ഷൂട്ട് ആരംഭിച്ച റാക്ക ഇതുവരെ പൂര്‍ത്തിയാട്ടില്ല. അല്ലു അര്‍ജുന്‍ നാല് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം മോഷന്‍ ക്യാപ്ചര്‍ ടെക്നോളജി ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. 2027ലാകും ചിത്രം പൂര്‍ത്തിയാവുകയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Content Highlight: Aishwarya Lekshmi talks about rumors of her cast in Raaka starring Allu Arjun

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more