| Monday, 21st July 2025, 2:55 pm

ഞാന്‍ ഏത് സാരിയുടുത്താലും നയന്‍താരയുടേത് പോലെയുണ്ടെന്ന് പറയും: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്തി. മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ കരിയറില്‍ ബ്രേക്ക്ത്രൂ ആയതിന് ശേഷം തമിഴിലും സജീവമായി നിലനില്‍ക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും സജീവമാണ് ഐശ്വര്യ. സൂരി നായകനായ മാമന്‍ എന്ന ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മാമന്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ട്രിച്ചിയില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് നടി. ചിത്രത്തിലെ ഓരോ സീനിലും ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകുമെന്നും ഓരോരുത്തരും വ്യത്യസ്തരായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

സിറ്റിയില്‍ ഉള്ളപ്പോള്‍ താനൊരു സാരി ഉടുത്താല്‍ വരെ നയന്‍താരയുടേത് പോലെയുണ്ടെന്ന് പറയുമെന്നും എന്നാല്‍ അവിടെയുള്ള ആളുകളില്‍ അത്തരം ഒരു ഇന്‍ഫ്‌ലുവെന്‍സ് ഇല്ലെന്നും ഐശ്വര്യ പറഞ്ഞു. ഗലാട്ട ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘ട്രിച്ചിയില്‍ ഷൂട്ട് നടക്കുമ്പോള്‍ ഓരോ സീനിലും ഇരുന്നൂറ്, മൂന്നൂറ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാകും. എപ്പോഴും അത്രയും ആളുകള്‍ ചുറ്റിലും ഉണ്ടാകും. അത്രയും ആളുകള്‍ ഇല്ലാത്ത സീനേ ഉണ്ടാകില്ല. എന്നാല്‍ അതിലെ ഓരോ ആളുകളുടെയും മുഖം വ്യത്യസ്തമായിരിക്കും.

ഇവിടെയൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കോര്‍ഡിനേറ്റര്‍ കൂട്ടിയിട്ട് വന്ന് എല്ലാവര്‍ക്കും വ്യത്യസ്തമായ മേക്കപ്പ് ഇട്ടുകൊടുക്കുകയാണ് പതിവ്. അങ്ങനെ ചെയ്ത് ഓരോരുത്തരുടെയും മുഖം വ്യത്യസ്തമാക്കണം. കാരണം എല്ലാവര്‍ക്കും ഒരു സിറ്റി ഫെയ്സ് വന്നിട്ടുണ്ട്. എന്നാല്‍ ട്രിച്ചിയില്‍ കുറച്ച് റിയല്‍ ആയിട്ടുള്ള മനുഷ്യന്മാരെ കണ്ടതുപോലെ തോന്നി. അവര്‍ ഇട്ടിരുന്ന ബ്ലൗസും സാരിയുമെല്ലാം ഭയങ്കര ഒഥന്റിക് ആയിരുന്നു.

സിറ്റിയില്‍ ജീവിക്കുമ്പോള്‍ ഞാന്‍ എന്ത് സാരി ഉടുത്താലും നയന്‍താര ഉടുത്തതുപോലെതന്നെ ആണെന്ന് എല്ലാവരും പറയും. എന്നാല്‍ ട്രിച്ചിയില്‍ ഉള്ളപ്പോള്‍ ആ ഒരു ഇന്‍ഫ്‌ളുവന്‍സ് ഇല്ല,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

Content Highlight: Aishwarya Lekshmi Talks About People In Trichy

We use cookies to give you the best possible experience. Learn more