| Tuesday, 27th October 2026, 10:50 pm

നടിമാര്‍ തമ്മില്‍ ക്യാറ്റ് ഫൈറ്റുണ്ടെന്ന് കേട്ടിരുന്നു, പക്ഷേ സിനിമയില്‍ വന്നതിന് ശേഷമാണ് അത് മനസിലായത്: ഐശ്വര്യലക്ഷ്മി

അശ്വിന്‍ രാജേന്ദ്രന്‍

അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനിലൂടെ തമിഴ്‌നാട്ടിലും ഐശ്വര്യ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഐശ്വര്യലക്ഷ്മി. Photo: Aishwarya Lekshmi/ Facebook.com

അടുത്തിടെ തമിഴില്‍ പുറത്തിറങ്ങിയ ഗാട്ടാ ഗുസ്തി 2ല്‍ താരം പ്രധാനവേഷത്തിലെത്തിയിരുന്നു. വലിയ പ്രശംസയായിരുന്നു ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. ഐശ്വര്യയുടെതായി മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സഫര്‍ സനല്‍ സംവിധാനം ചെയ്ത ആശ. ഉര്‍വശി, ജോജു ജോര്‍ജ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്. അടുത്തിടെ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ച ലൗ എന്ന വെബ് സിരീസിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിനിമാ മേഖലയില്‍ നായികനടിമാര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ.

സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ കേട്ടിട്ടുള്ളത് നടിമാര്‍ തമ്മില്‍ ക്യാറ്റ് ഫൈറ്റ് ഉണ്ടെന്നൊക്കെയാണ്. പക്ഷേ, സിനിമയെ അടുത്തറിഞ്ഞ സമയത്തുതന്നെ അങ്ങനെയല്ല എന്ന് മനസിലാക്കിയിരുന്നു. ആശയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ അനുപമ പരമേശ്വരന്‍, കല്യാണി, കീര്‍ത്തി സുരേഷ്, സായ് പല്ലവി, മഡോണ തുടങ്ങി എല്ലാവര്‍ക്കും ഞാന്‍ അയച്ചു. പലരും അത് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തു.

ആശ. Photo: HOI

കീര്‍ത്തിയുടെ കല്യാണത്തില്‍ പങ്കെടുത്തതൊക്കെ ജീവിതത്തിലെ സുന്ദരനിമിഷങ്ങളിലൊന്നാണ്. താലികെട്ടിന് കല്യാണചെക്കനും പെണ്ണും വിതുമ്പി കരയുമ്പോള്‍ ചുറ്റും എല്ലാവരും ആനന്ദാശ്രു പൊഴിക്കുന്നത് ഞാന്‍ കണ്‍നിറയെ കണ്ടു. ഒപ്പമുള്ള പലരോടും ഒരു സോള്‍ കണക്ട് ഉണ്ട് എന്നതാണ് സത്യം. പൊതുവായി ബാധിക്കുന്ന പല കാര്യങ്ങളും ഞങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്,’ ഐശ്വര്യ പറയുന്നു.

Content Highlight: Aishwarya Lekshmi talks about her friendship in Film Industry

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more