മലയാളത്തിൽ നിന്ന് അഭിനയ ജീവിതം തുടങ്ങിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയിൽ സജീവമായിരുന്ന താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലാകെ തൻ്റേതായ ഇടം നേടിയെടുക്കുകയും ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ജനശ്രദ്ധ നേടിയതുമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ഒരു മടിയും കൂടാതെ എല്ലാ ഭാഷകളിലും ചെയ്യാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു.
അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു ഐശ്വര്യ ധരിച്ച വസ്ത്രം തന്നെയായിരുന്നു അത്തരം ഒരു ചർച്ചയ്ക്ക് വഴിതെളിച്ചത്. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
ഐശ്വര്യ ലക്ഷ്മി, Photo: IMDb
ഇപ്പോളിതാ താരം നേരിട്ട വിമർശങ്ങൾക്കുള്ള മറുപടി നൽകുകയാണ്. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അതൊരു ഫാഷൻ മിസ്ജഡ്ജ്‌മെന്റ് ആയിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു. അതിനുവേണ്ടി വെയിറ്റ് കൂട്ടി. സ്റ്റണ്ട് ഷൂട്ടിനിടെ പരിക്കുപറ്റി, മുഖവും കഴുത്തുമൊക്കെ വീങ്ങി, വല്ലാതെ ക്ഷീണിച്ചു. അതിനിടയിലായിരുന്നു ആ ഉദ്ഘാടനച്ചടങ്ങ്.
ഞാൻ ഒട്ടും തയ്യാറെടുത്തിരുന്നില്ല. ആ വസ്ത്രം ട്രയൽ ചെയ്തുനോക്കിയതുമില്ല. അതിന്റെ ഫിറ്റിങ്ങും ശരിയായിരുന്നില്ല. ‘കുളിക്കുന്നതിനിടയ്ക്ക് വന്നതാണോ’ എന്നൊക്കെയുള്ള കമന്റുകൾ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞെത്തിയ ശേഷം ഞാൻ തന്നെ സുഹൃത്തുക്കളോട് ഇതുപറഞ്ഞ് ചിരിച്ചു. വസ്ത്രം മോശമായെന്ന് പറഞ്ഞതിൽ എനിക്ക് കുഴപ്പമില്ല. ഇറ്റ്സ് ഫൈൻ. അബദ്ധം ആർക്കും പറ്റാമല്ലോ.
എല്ലാ ദിവസവും എല്ലാവരും വളരെ ടിപ് ടോപ്പ് ആയിട്ടാണോ പോകുന്നത്? അന്നെനിക്ക് അതുപോലൊരു ദിവസമായിരുന്നു, അത്രയേ ഉള്ളൂ,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചായിരുന്നു താരം പരിപാടിയിൽ എത്തിയത്. പൊതുവേദിയിൽ വരാൻ അനുയോജ്യമായ വസ്ത്രമല്ല ഇതെന്നാണ് സദാചാര കണ്ണുകൾ പറഞ്ഞിരുന്നത്. അൽപ്പം കൂടി മാന്യമായ വസ്ത്രം ധരിക്കാമായിരുന്നുവെന്നാണ് അവർ പറഞ്ഞത്. ഐശ്വര്യയുടെ ചിത്രങ്ങൾക്കും വിഡിയോകൾക്കും താഴെ വളരെ മോശം ഭാഷയിലുള്ള അധിക്ഷേപങ്ങളും നിറഞ്ഞിരുന്നു.
അതേസമയം ഐശ്വര്യയെ അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം ഒരാളുടെ ഇഷ്ടമാണെന്നും അതിൽ കയറി ഇടപെടണേണ്ടതില്ലെന്നുമാണ് അനുകൂലികൾ പറഞ്ഞത്.
കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അകന്നു നിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സൈബർ ഇടങ്ങളിലെ അനാവശ്യ കമന്റുകൾക്കും വിമർശനങ്ങൾക്കും താൻ വലിയ വില നൽകുന്നില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നടി നീക്കം ചെയ്തിരുന്നു.
Content Highlight: Aishwarya Lekshmi responds to criticism against her