| Friday, 26th June 2026, 9:47 pm

രശ്മികയെപ്പോലെയാകാന്‍ എനിക്ക് പറ്റില്ല, തിരുവനന്തപുരത്ത് നിന്നുള്ള എന്നെപ്പോലൊരു പെണ്‍കുട്ടി ആ സിനിമയില്‍ ഭാഗമായത് വലിയ കാര്യം: ഐശ്വര്യ ലക്ഷ്മി

അമര്‍നാഥ് എം.

മെഡിക്കല്‍ പ്രൊഫഷന്‍ ഉപേക്ഷിച്ച് സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് ഐശ്വര്യ തന്റെ സിനിമാജീവിതം ആരംഭിച്ചത്. മായാനദിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ഓരോ സിനിമയിലും തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി.

തമിഴിലും ഒരുപിടി മികച്ച സിനിമകളില്‍ താരം ഭാഗമായിട്ടുണ്ട്. മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രമായി ഐശ്വര്യ വേഷമിട്ടിരുന്നു. കഥാപാത്രങ്ങളുടെ വലുപ്പചെറുപ്പം നോക്കാതെ തനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന സിനിമകളാണ് തെരഞ്ഞെടുക്കാറുള്ളതെന്ന് താരം പറയുന്നു.

ഐശ്വര്യ ലക്ഷ്മി Photo: Screen grab/ Galatta Plus

പൊന്നിയിന്‍ സെല്‍വനില്‍ വളരെ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചത് കരിയറിനെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് താരം. തന്റെ കരിയറില്‍ വലിയ മൈലേജ് സമ്മാനിച്ച കഥാപാത്രമാണ് പൂങ്കുഴലിയെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. കഥാപാത്രത്തിന്റെ വലുപ്പം നോക്കിയല്ല താന്‍ സിനിമ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.

‘കൊമേഷ്‌സ്യലി എനിക്ക് ആ സിനിമ ഗുണം ചെയ്‌തോ എന്നതിനെക്കാള്‍ ആ കഥാപാത്രത്തിനായി എന്നെ തെരഞ്ഞെടുത്തതാണ് വലിയ കാര്യമായി ഞാന്‍ കാണുന്നത്. വലിയ സിനിമകളില്‍ നായികയായി മാത്രം വേഷമിടുന്ന രശ്മികക്ക് അതിനനുസരിച്ചുള്ള റീച്ച് ലഭിക്കുന്നുണ്ട്. എനിക്ക് ഒരിക്കലും രശ്മികയെപ്പോലെയാകാന്‍ സാധിക്കില്ല. ഒരു സിനിമയെ ഒറ്റക്ക് ഷോള്‍ഡര്‍ ചെയ്യാനുള്ള പൊട്ടന്‍ഷ്യലും അതിനനുസരിച്ചുള്ള മാര്‍ക്കറ്റും അവര്‍ക്കുണ്ട്.

ഐശ്വര്യ ലക്ഷ്മി Photo: IMDb

എന്റെ കാര്യം നോക്കിയാല്‍ പൊന്നിയിന്‍ സെല്‍വന് ശേഷം ക്യാരക്ടര്‍ റോളുകള്‍ മാത്രമല്ല, നായികയായും സിനിമകള്‍ ചെയ്തിട്ടുണ്ട്. മാമനിലും ഗട്ടാ ഗുസ്തിയിലും മെയിന്‍ ലീഡ് ഞാനായിരുന്നു. അതിനെക്കാള്‍ എടുത്ത് പറയേണ്ടത് തിരുവനന്തപുരത്ത് നിന്ന് വരുന്ന സാധാരണ പെണ്‍കുട്ടിയായ എനിക്ക് മണിരത്‌നം സംവിധാനം ചെയ്ത, എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

തമിഴില്‍ ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും വലിയ ഹിറ്റായ ഗട്ടാ ഗുസ്തിയുടെ രണ്ടാം ഭാഗമാണ് താരത്തിന്റെ പുതിയ ചിത്രം. വിഷ്ണു വിശാല്‍ നായകനായെത്തുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. ചെല്ലാ അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും.

Content Highlight: Aishwarya Lekshmi about her career after Ponniyin Selvan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more