| Monday, 14th September 2026, 8:52 pm

ഒരുപാട് ഫിസിക്കല്‍ പ്രെസന്‍സുള്ള ആക്ടറാണ് ജോജു, എല്ലായിടത്തും അദ്ദേഹത്തിന്റെ കണ്ണെത്തും: ഐശ്വര്യ ലക്ഷ്മി

അശ്വിന്‍ രാജേന്ദ്രന്‍

ദീര്‍ഘ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ജോജു ജോര്‍ജ്. 1995ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ജോജു ശ്രദ്ധിക്കപ്പെടുന്നത് 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലൂടെയാണ്. ജോജുവിന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന ചിത്രമായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ജോസഫ്.

എന്നാല്‍ ഒരു ആക്ഷന്‍ സ്റ്റാറെന്ന നിലയില്‍ താരത്തിന് മികച്ച തുടക്കം നല്‍കിയ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ പൊറിഞ്ചു മറിയം ജോസ്. വലിയ വിജയമായി മാറിയ ചിത്രത്തിന് പിന്നാലെ ഒട്ടനവധി നായകവേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. താരം പ്രധാനവേഷത്തിലെത്തി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് സഫര്‍ സനല്‍ സംവിധാനം ചെയ്ത ആശ. ജോജുവിന് പുറമെ ഉര്‍വശിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ജോജു ജോര്‍ജ്. Photo: X.com

ചിത്രത്തില്‍ ജീമോന്‍ എന്ന കഥാപാത്രെയാണ് ജോജു അവതരിപ്പിച്ചിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ദി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആശയിലെ ജോജുവിന്റെ പ്രകടനത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് ഫിസിക്കല്‍ പ്രെസന്‍സുള്ള ആക്ടറാണ് ജോജു. സിനിമയിലെ ഒരു സീനില്‍ ഞാന്‍ പേടിച്ച് മാറുന്നത് എന്റെ അഭിനയം മാത്രമല്ല. അയാള്‍ നമ്മളെ ഹര്‍ട്ട് ചെയ്യും എന്നൊരു ഫീല്‍ നമുക്ക് കിട്ടും. അത്രയും നന്നായിട്ട് ഒരു സംഭവം കൊടുക്കാന്‍ പറ്റുന്ന ഒരാളാണ്. മറ്റൊന്ന് ആക്ടിങ്ങില്‍ മാത്രമല്ല. സെറ്റില്‍ എല്ലായിടത്തും അദ്ദേഹത്തിന്റെ ഒരു കണ്ണും ചെവിയും എല്ലാം എത്തും.

Photo: Screen Grab/ Cue Studio/ Youtube.com

അദ്ദേഹത്തിന്റെ അഭിനയം മാത്രമല്ല, മൊത്തത്തില്‍ സിനിമ നന്നാവണം എന്ന ചിന്ത ജോജുവിനുണ്ട്. അതിന് വേണ്ടി ഒരുപാട് എഫേര്‍ട്ട് ഇടുന്ന ആളാണ്. അവര്‍ മാത്രം നന്നാവാന്‍ വേണ്ടിയല്ല, സിനിമ നന്നാവണം ഇങ്ങനെ ഒരു കഥ വരണം എന്ന ഒരു ആറ്റിറ്റിയൂഡാണ് ഉള്ളത്. അത് ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നു,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Aishwarya Lakshmi talks about Joju George in Aasha Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more