ഡോക്ടര്‍ പ്രൊഫഷനില്‍ നിന്ന് സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. മായാനദിയിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ഐശ്വര്യ ലക്ഷ്മി വളരെ വേഗത്തില്‍ മോളിവുഡിന്റെ മുന്‍നിരയില്‍ ഇടംപിടിച്ചു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഐശ്വര്യ ലക്ഷ്മി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ ഡ്രീം പ്രൊജക്ട് പൊന്നിയിന്‍ സെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രമായും ഐശ്വര്യ വേഷമിട്ടിരുന്നു. കരിയറില്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും ചെയ്യാന്‍ പറ്റാതെ പോയ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
ഐശ്വര്യ ലക്ഷ്മി Photo: Screen grab/ Sudhir Srinivasan
സായ് പല്ലവി കേന്ദ്ര കഥാപാത്രമായെത്തിയ ബൈലിങ്ക്വല്‍ ചിത്രമായ ഗാര്‍ഗിയിലേക്ക് സംവിധായകന്‍ ആദ്യം പരിഗണിച്ചത് തന്നെയായിരുന്നെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. സംവിധായകന്‍ ഗൗതം രാമചന്ദ്രന്‍ തന്റെ സുഹൃത്താണെന്നും അക്കാരണം കൊണ്ടാണ് തന്നോട് ഗാര്‍ഗിയുടെ കഥ പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി.
‘ആ സിനിമയുടെ കഥ എന്നോട് ആദ്യം പറയുന്നത് കൊവിഡിന് മുമ്പാണ്. 2019ലോ മറ്റോ ആയിരുന്നു അത്. അന്ന് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പറ്റിയില്ല. പിന്നീട് കൊവിഡൊക്കെ വന്നുപോയതിന് ശേഷം ഗൗതം ഒരിക്കല്‍കൂടി ആ കഥ എന്നോട് പറഞ്ഞു. പക്ഷേ, എന്നെക്കാള്‍ വലിയൊരു നടിയെ ആ കഥ ഡിമാന്‍ഡ് ചെയ്യുന്നുണ്ട്.
ഞാന്‍ ചെയ്തിരുന്നെങ്കില്‍ ഇപ്പോഴുള്ള റീച്ച് ഗാര്‍ഗിക്ക് ലഭിക്കില്ല. അതുകൊണ്ടാണ് അന്ന് ഞാന്‍ ചെയ്യാതിരുന്നത്. ഗൗതമിന്റെ ആ കഥ ഒരുപാട് ആളുകളിലേക്ക് എത്തണമെന്നായിരുന്നു എനിക്കുണ്ടായിരുന്നത്. ഒരുപക്ഷേ, ഇന്നാണ് ആ കഥ കേള്‍ക്കുന്നതെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ ഗാര്‍ഗി ഒഴിവാക്കില്ല. ആ സിനിമ എന്നെക്കൊണ്ട് ചെയ്യാനാകും,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
സായ് പല്ലവിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗാര്‍ഗി. തമിഴിലും തെലുങ്കിലുമായി ഒരുങ്ങിയ ലീഗല്‍ ഡ്രാമ ഗംഭീര സിനിമാനുഭവമായിരുന്നു. സായ് പല്ലവിയുടെ ഗംഭീര പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഐശ്വര്യ ലക്ഷ്മി ഗാര്‍ഗിയുടെ നിര്‍മാണത്തില്‍ പങ്കാളിയാവുകയും ചെയ്തു.
Content Highlight: Aishwarya Lakshmi saying Gargi movie first narrated to her
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ