| Wednesday, 13th August 2025, 6:00 pm

'തരാഞ്ഞിട്ടല്ലേ എടുത്തത്, അതിനാണോ ഇങ്ങനെ കുത്തിനോവിക്കുന്നത്'; സുരേഷ് ഗോപിക്കെതിരെ ഐഷ സുല്‍ത്താനയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: വോട്ട് ചോരി വിവാദത്തില്‍ കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായിക ഐഷ സുല്‍ത്താന.

‘ചോദിച്ചപ്പോള്‍ നിങ്ങള്‍ തൃശൂര്‍ തന്നില്ല അതുകൊണ്ടല്ലേ എടുത്തത്, അതിനാണ് ഇങ്ങനെ കുത്തി നോവിക്കുന്നത്’ എന്നെഴുതിയാണ് ഐഷ സുല്‍ത്താന പ്രതികരിച്ചത്. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ കേരളത്തിലുണ്ടെന്നും ആ വ്യക്തിയുടെ പേര് പറയുകയാണെങ്കില്‍ നാരങ്ങാ മുട്ടായി നല്‍കുമെന്നും ഐഷ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഐഷ സുല്‍ത്താന പരിഹാസമുയര്‍ത്തിയത്. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കേക്കുമായി പോകാമെന്ന് വെച്ചപ്പോള്‍ നിങ്ങള്‍ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുകയാണെന്ന് കുറിച്ചുകൊണ്ടും ഐഷ സുരേഷ് ഗോപിയെ പരിഹസിച്ചു.

‘നിങ്ങളൊക്കെ എന്ത് മനുഷ്യരാണ്, നിങ്ങള്‍ക്ക് മനസാക്ഷിയുണ്ടോ? മര്യാദക്ക് ഞാന്‍ തൃശൂര്‍ വേണമെന്ന് പറഞ്ഞതല്ലേ… അപ്പൊ നിങ്ങള്‍ തന്നില്ല… പിന്നീട് ഞാന്‍ തൃശൂര്‍ അങ്ങ് എടുത്തു (കള്ളവോട്ട് വഴി) അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്… ആ രണ്ട് സിസ്റ്റര്‍മ്മാര്‍ക്കും കേക്കുമായി പോകാന്ന് വെച്ചപ്പോള്‍ നിങ്ങള്‍ അതിനും ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കുവാണ്… ഇനിയിപ്പോ വല്ല യു.പിക്കാരനാണെന്നോ മറ്റോ സ്വയം പറയാം… (ഇങ്ങനെ ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മഹാന്‍ ഇന്ന് കേരളത്തില്‍ ഉണ്ട്, ആരാണ് അദ്ദേഹം? കറക്റ്റ് ഉത്തരം പറയുന്നവര്‍ക്ക് നാരങ്ങാ മുട്ടായി കിട്ടുന്നതായിരിക്കും…),’ ഐഷ സുല്‍ത്താന പറഞ്ഞു.

വോട്ട് ചോരി വിവാദത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും അദ്ദേഹത്തിന്റെ പങ്കാളിറാണിയ്ക്കും ഒരേസമയം കൊല്ലത്തും തൃശൂരും വോട്ടുള്ളതായി കണ്ടെത്തിയിരുന്നു.

ലക്ഷ്മി നിവാസ് എന്ന സുരേഷ് ഗോപിയുടെ കുടുംബ വീടിന്റെ അഡ്രസ്സിലാണ് കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്.

തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭാരത് ഹെറിറ്റേജ് വീടിന്റെ മേല്‍വിലാസത്തിലാണ് സുഭാഷ് ഗോപിയുടെയും റാണിയുടേയും പേര് ചേര്‍ത്തിരിക്കുന്നത്. ഇതിനെ തുടർന്ന് തൃശൂരിലെ യു.ഡി.എഫ്/എല്‍.ഡി.എഫ് മുന്നണികള്‍ സുരേഷ് ഗോപിക്കെതിരായ പ്രതിഷേധം കനപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിവാദങ്ങളില്‍ ഒന്നും തന്നെ വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല.

Content Highlight: Aisha sulthana mocked suresh gopi

We use cookies to give you the best possible experience. Learn more