| Thursday, 15th January 2026, 1:20 pm

ഐഷാ പോറ്റിയുടെ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടി; അവസരവാദപരമായ വര്‍ഗ വഞ്ചനയാണ് ചെയ്തത്: എംവി ഗോവിന്ദന്‍

നിഷാന. വി.വി

തിരുവനന്തപുരം: സി.പി.ഐ.എം വിട്ട് കോണ്‍ഗ്രസിലേയ്ക്ക് പോയ അഡ്വേക്കേറ്റ് ഐഷാ പോറ്റിക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്ക് നല്‍കാന്‍ കഴിയുന്ന എല്ലാ അധികാരങ്ങളും പാര്‍ട്ടി നല്‍കിയിട്ടുണ്ട്.
ഐഷാ പോറ്റി പത്തുകൊല്ലം പാര്‍ട്ടി പ്രസിഡന്റായി, പതിനഞ്ച് കൊല്ലം എം.എല്‍.എയായി. ശേഷം പാര്‍ട്ടി കമ്മിറ്റിയിലും ഏരിയാ കമ്മിറ്റിയിലുമെടുത്തു. എന്നാല്‍ ഒരു കമ്മിറ്റിയിലേക്കും അസുഖമാണെന്ന് പറഞ്ഞ് പോയിട്ടില്ല. ആ അസുഖമെന്താണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നതെന്നും എം.വി ഗോവിന്ദന്‍ പരിഹസിച്ചു.

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടതാണ്, അല്ലാതെ മറ്റൊരു അസുഖവുമല്ലെന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ഐഷാ പോറ്റിയേക്കുറിച്ച് എല്ലാവര്‍ക്കും വ്യക്തമായി മനസിലായെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഗത്തെ വഞ്ചിച്ച് ഭരണവര്‍ഗത്തിന്റെ ഒപ്പം ചേര്‍ന്ന് മുന്നോട്ടേക്ക് പോയ ഒരു ചിത്രമാണ് അയിഷാ പോറ്റിയുമായി ബന്ധപ്പെട്ട് നമുക്ക് മനസിലാവുന്നത്.

അവസരവാദപരമായ വര്‍ഗ വഞ്ചനയുടെ നിലപാട് സ്വീകരിച്ചുകൊണ്ടാണ് അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് പോയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു

പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിയും അയിഷാ പോറ്റിയുടെ കൂറുമാറ്റത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

സി.പി.ഐ.എം അവഗണിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് സി.പി.ഐ.എം മുന്‍ എം.എല്‍.എ ആയിരുന്ന ഐഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണം.

Content Highlight: Aisha Potty’s illness was for a slice of power; an opportunistic class betrayal: MV Govindan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more