| Thursday, 13th November 2025, 4:11 pm

വനിതാ നേതാവിന്റെ അന്നത്തെ ആരോപണങ്ങള്‍ പച്ചകള്ളം; എ.ഐ.എസ്.എഫ് ആര്‍ഷോക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം: മുന്‍നേതാവ് എ.എ സഹദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: എം.ജി യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘട്ടത്തിനിടെ അന്നത്തെ എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.എം ആര്‍ഷോയ്കക്ക് എതിരെ വനിത നേതാവ് നടത്തിയ ആരോപണങ്ങള്‍ പച്ചക്കള്ളമായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ എ.ഐ.എസ്.എഫ് സംസ്ഥാന കൗണ്‍സിലംഗം എ.എ സഹദ്.

വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന എ.ഐ.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ മീറ്റിങ്ങില്‍ കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും സഹദ് വ്യക്തമാക്കി.

അന്ന് എ.ഐ.എസ്.എഫ് വനിതാ നേതാവ് ആര്‍ഷോയ്ക്ക് എതിരെ വ്യക്തി വിരോധത്തിന്റെ പേരിലാണ് പരാതി ഉന്നയിച്ചതെന്ന് സഹദ് ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞു. മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന തനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണെന്നും സഹദ് വിശദീകരിച്ചു.

എന്നാല്‍, ഇക്കാര്യം സംഘടനാ നേതൃത്വത്തിന് മനസിലായിട്ടും എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും വിനിമയം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ എ.ഐ.എസ്.എഫ് സംസ്ഥാന കൗണ്‍സിലില്‍ നിന്നും രാജി വെച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇനിയും ആര്‍ഷോയെ വേട്ടയാടുമ്പോള്‍ മൗനം പാലിക്കാന്‍ സാധ്യമല്ലെന്നും ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ബിജെപി നേതാവ് അക്രമിച്ച ആര്‍ഷോക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും എ.എ സഹദ് ആവശ്യപ്പെട്ടു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പി നേതാവ് പ്രശാന്ത് ശിവന്‍ കയ്യേറ്റം ചെയ്ത എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നതിനിടെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കച്ചുകൊണ്ടുള്ള സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്.

പച്ചകള്ളങ്ങള്‍ പ്രചരിപ്പിച്ചും അതെല്ലാം ബിജെപി പോലുള്ള വര്‍ഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം ഉപയോഗിക്കുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഉരുക്ക് മനുഷ്യനാണ് ആര്‍ഷോയെന്നും എ.എസ്എഫ്.ഐ മുന്‍ സംസ്ഥാന കൗണ്‍സിലംഗം എ.എ. സഹദ് ഫേസ്ബുക്കിലൂടെ വിശേഷിപ്പിച്ചു.

പ്രശാന്ത് ശിവന്‍ ആക്രമിച്ച വാര്‍ത്തയുടെ കമന്റ് ബോക്‌സുകളില്‍ ആര്‍ഷോയ്ക്ക് എതിരായ പ്രചാരണം നടക്കുന്നുണ്ട്. എ.ഐ.എസ്.എഫ് വനിതാ നേതാവിന്റെ അന്നത്തെ ആരോപണങ്ങളാണ് മിക്ക കമന്റുകളിലും നിറഞ്ഞുനില്‍ക്കുന്നത്. ആര്‍ഷോയ്ക്ക് എതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നതിനിടെയാണ് വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി എ.ഐ.എസ്.എഫ് മുന്‍ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

2021 ഒക്ടോബറില്‍ നടന്ന എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ ആര്‍ഷോ തന്നോട് മോശമായി പെരുമാറിയെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നായിരുന്നു എ.ഐ.എസ്.എഫ് വനിതാ നേതാവിന്റെ പരാതി.

സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് ആര്‍ഷോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് മുതല്‍ ആര്‍ഷോയ്ക്ക് എതിരെ എതിരാളികള്‍ ഉപയോഗിക്കുന്ന ആയുധമായിരുന്നു ഈ കേസ്. ഒടുവില്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മുന്‍ എ.എസ്.എഫ്.ഐ നേതാവ്.

എ.എ. സഹദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പലവിധ ഓഡിറ്റിങിനും നേതാക്കള്‍ വിധേയരാവാറുണ്ട്. അത് നല്ലത് തന്നെ.

എന്നാല്‍, രാഷ്ട്രീയ മര്യാദ കാണിക്കേണ്ടവര്‍ അതിന് നേര്‍വിപരീതം പ്രവര്‍ത്തിച്ചപ്പോഴും പച്ചകള്ളങ്ങള്‍ പ്രചരിപ്പിച്ചപ്പോഴും അതെല്ലാം ബിജെപി പോലുള്ള വര്‍ഗീയ കക്ഷികളും രാഷ്ട്രീയ എതിരാളികളും നിരന്തരം തനിക്കെതിരെ ഉപയോഗിക്കുമ്പോഴും പൊതുപ്രവര്‍ത്തന മേഖലയിലും വ്യക്തി ജീവിതത്തിലും പ്രതികൂലമായി ബാധിക്കാന്‍ സര്‍വത്ര സാധ്യതകള്‍ ഉള്ളപ്പോഴും ദളിത് വിരുദ്ധനെന്നും സ്ത്രീ വിരുദ്ധനെന്നും പറഞ്ഞ് പൊയ്ചാപ്പ കുത്തുമ്പോഴും തന്റെ രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഉരുക്ക് മനുഷ്യാ…. പ്രിയ സഖാവേ ആര്‍ഷോ….. ലാല്‍ സലാം പറയാതെ വയ്യ,

MG യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘട്ടനത്തില്‍ അന്നത്തെ എസ്.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.എം. ആര്‍ഷോയ്‌ക്കെതിരെ വനിത നേതാവ് നടത്തിയ ആരോപണങ്ങള്‍ പച്ചക്കള്ളമായിരുന്നു. വനിത നേതാവിന്റെ വ്യക്തി വിരോധത്തിന്റെ ബാക്കിപത്രമായിരുന്നു അത്.

അന്നത്തെ എ.ഐ.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗവും അന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്ന എനിക്ക് ഈ വിഷയം കൃത്യമായി അറിയാവുന്നതാണ്. വനിത നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് അതുകഴിഞ്ഞു നടന്ന എ.ഐ.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ മീറ്റിംഗില്‍ സ: കാനം രാജേന്ദ്രന്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്.

എന്നാല്‍, സംഘടന ഈ സത്യം എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പോലും കമ്മ്യൂണിക്കേറ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് പിന്നീട് ഞാന്‍ എ.ഐ.എസ്.എഫ് സംസ്ഥാന കൗണ്‍സിലില്‍ നിന്നും രാജി വെച്ചത്.

ഇനിയും ആര്‍ഷോയെ വേട്ടയാടുമ്പോള്‍ മൗനം പാലിക്കാന്‍ സാധ്യമല്ല.
ഒരു തരിയെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഇന്നലെ നടന്ന ബിജെപി അക്രമത്തില്‍ ആര്‍ഷോക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതാണ്.

Content Highlight: The allegations made by the AISF female leader at that time are blatant lies; AISF should declare solidarity with PM Arsho, says Former AISF leader AA Sahad

We use cookies to give you the best possible experience. Learn more