| Friday, 20th November 2026, 8:33 pm

സുരക്ഷാ ഭീഷണി; ജിദ്ദയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ശ്രീരാഗ് പാറക്കല്‍

ന്യൂദല്‍ഹി: സൗദി അറേബ്യയിലെ ജിദ്ദയിലേക്കുള്ള വിമാനസര്‍വീസുകള്‍
റദ്ദാക്കി എയര്‍ ഇന്ത്യ. നവംബര്‍ 24 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ജിദ്ദയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകളും നവംബര്‍ 24 വരെ ഉണ്ടാകില്ല. എയര്‍ ഇന്ത്യയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസിനും തീരുമാനം ബാധകമാണ്.

നേരത്തേ നവംബര്‍ 21 വരെ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകളാണ് 24 വരെ നീട്ടിയത്. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടി.

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നേരത്തെ സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ ഇന്‍ഡിഗോ എയര്‍ ലൈന്‍സ് റദ്ദാക്കിയിരുന്നു. ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളാണ് 30 വരെ റദ്ദാക്കിയതായത്.

സൗദിയിലെ സര്‍വീസ് നടത്തുന്ന മറ്റ് വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രാമാര്‍ഗങ്ങളും ലഭ്യതയ്ക്കനുസരിച്ച് തെരഞ്ഞെടുക്കാമെന്ന് അറിയിപ്പുണ്ട്. എയര്‍ ഇന്ത്യ എക്‌സ് യാത്രക്കാര്‍ക്ക് ബഹ്‌റൈനിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രാമാര്‍ഗങ്ങളും പരിഗണിക്കാം.

ഹൂത്തി ആക്രമണങ്ങളെ തുടര്‍ന്ന് സൗദിയിലെ നഗരങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികളുടെ തീരുമാനം.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് യാത്രക്കാർ സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് വിമാനക്കമ്പനി നിർദേശിച്ചു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് പുനഃക്രമീകരിക്കുന്നതിനും എയർ ഇന്ത്യയുടെ +91 11 69329999, +91 11 69329333 നമ്പറുകളിലും എയർ ഇന്ത്യ എക്‌സ്പ്രസിന്റെ +91 124 6935600 നമ്പറിലും ബന്ധപ്പെടാം.

Content Highlight: Air India has cancelled flight services to Jeddah, Saudi Arabia

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more