| Monday, 11th August 2025, 7:13 am

ടേക്ക് ഓഫിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിന് തകരാര്‍; രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് കെ. സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടേക്ക് ഓഫിന് പിന്നാലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ന്യൂദല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ ഇറക്കി. കോണ്‍ഗ്രസ് സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ നിരവധി എം.പിമാര്‍ ഉണ്ടായിരുന്ന എ.ഐ. 2455 വിമാനം തിരുവനന്തപുരത്ത് നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറക്കുകയായിരുന്നു.

ഫ്‌ലൈറ്റ്‌റാഡാര്‍ 24 ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് പ്രകാരം രാത്രി എട്ട് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പറന്നുയര്‍ന്ന വിമാനം ഏകദേശം 10.35ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

സംഭവത്തെ കുറിച്ച് കെ.സി. വേണുഗോപാല്‍ എം.പി എക്സില്‍ കുറിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് ദല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം എ. ഐ. 2455 ദുരന്തത്തോട് വളരെ അടുത്തെത്തിയിരുന്നെന്നും വൈകിയുള്ള പുറപ്പെടല്‍ എന്ന നിലയില്‍ ആരംഭിച്ച യാത്ര ഒരു വേദനാജനകമായ യാത്രയായി മാറിയെന്ന് വേണുഗോപാല്‍ പറയുന്നു.

പറന്നുയര്‍ന്ന് ഏകദേശം ഒരു മണിക്കൂറിനുശേഷം ക്യാപ്റ്റന്‍ ഫ്‌ലൈറ്റ് സിഗ്‌നല്‍ തകരാര്‍ ഉണ്ടെന്ന് പറഞ്ഞു. വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. ലാന്‍ഡ് ചെയ്യാനുള്ള അനുമതിക്കായി ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളത്തില്‍ ചുറ്റിപ്പറന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ശ്രമത്തില്‍ റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചെന്നും രണ്ടാമത്തെ ശ്രമത്തിലാണ് ലാന്‍ഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ക്യാപ്റ്റന്റെ പെട്ടെന്നുള്ള തീരുമാനം വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും ജീവന്‍ രക്ഷിച്ചുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഭാഗ്യം കൊണ്ടും പൈലറ്റിന്റെ കഴിവുകൊണ്ടുമാണ് വിമാനം രക്ഷപ്പെട്ടതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു . സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനത്തില്‍ അഞ്ച് എം.പിമാര്‍ ഉള്‍പ്പെടെ 160 ഓളം യാത്രക്കാരുണ്ടായിരുന്നു. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും കണക്കിലെടുത്ത് മുന്‍കരുതല്‍ എന്നോണമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്ന് കമ്പനി പറഞ്ഞു.

Content Highlight: Air India flight suffers engine failure after takeoff; K. C. Venugopal says he narrowly escaped

We use cookies to give you the best possible experience. Learn more