തിരുവനന്തപ്പുരം: എയര്‍ഇന്ത്യ എക്‌സ്പ്രസ് പലുര്‍ച്ചെയുള്ള സര്‍വ്വീസുകള്‍ വെട്ടിക്കുറുക്കുന്നു. പുലര്‍ച്ചെ ജോലി ചെയ്യുന്ന പൈലറ്റുമാര്‍ കൂടുതല്‍ സമ്മര്‍ദ്ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ടെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഈ നീക്കം. അതിനാല്‍ ഈ മാസം 15 മുതല്‍ ചില വിമാനങ്ങളുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാകും. മറ്റു ചില സര്‍വീസുകള്‍ പുലര്‍ച്ചെയ്ക്കു മുമ്പാക്കി മാറ്റാനും തീരുമാനിച്ചു.
ബുധനാഴ്ചകളില്‍ കോഴിക്കോട്-സലാല-കോഴിക്കോട്, കൊച്ചി-തിരുവനന്തപുരം-ദോഹ-ബഹറൈന്‍-തിരുവനന്തപുരം-കൊച്ചി, കൊച്ചി-തിരുവനന്തപുരം-ബഹറൈന്‍-ദോഹ-തിരുവനന്തപുരം-കൊച്ചി, തിരുവനന്തപുരം-സലാല-തിരുവനന്തപുരം, കൊച്ചി-അലൈന്‍, എന്നീ സര്‍വ്വീസുകളാണ് ഈ മാസം 15 മുതല്‍ നിര്‍ത്തലാക്കുന്നത്. കൊച്ചി-ദുബായ്, കൊച്ചി-അബുദാബി എന്നീ സര്‍വീസുകള്‍ ഒറ്റ സര്‍വീസാക്കി മാറ്റി കൊച്ചി-ദുബായ്-അബുദാബി റൂട്ടാക്കി മാറ്റും.
പുലര്‍ച്ചെ 2 മണിക്കും 6 മണിക്കും ഇടയില്‍ ജോലി ചെയ്യുന്ന പൈലറ്റുമാര്‍ക്ക് ഏഴ് മണിക്കൂര്‍ ഡ്യൂട്ടി മാത്രമേ നല്‍കാവൂ എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.