ന്യൂദൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നത് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. ഇനിയുള്ള അന്തിമ അന്വേഷണ റിപ്പോർട്ടിൽ ഇവരല്ല തെറ്റ് ചെയ്തതെന്ന് കണ്ടെത്തിയാൽ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.
പൈലറ്റ് എ അല്ലെങ്കിൽ ബി ആണ് തെറ്റ് ചെയ്തതെന്ന് നിരുത്തരവാദപരമായി പറഞ്ഞാൽ അവരുടെ കുടുംബം കഷ്ടപ്പെടുമെന്നും കോടതി പറഞ്ഞു. എയർ ഇന്ത്യ 171 അപകടത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രാഥമിക റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുന്നതിന് മുമ്പ് യു.എസ് പ്രസിദ്ധീകരണമായ ദി വാൾ സ്ട്രീറ്റ് ജേർണൽ അന്വേഷണത്തെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വ്യോമയാന സുരക്ഷാ എൻ.ജി.ഒ ആയ സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷൻ ഹരജി സമർപ്പിച്ചത്.
പൗരന്മാരുടെ ജീവിക്കാനുള്ള മൗലികാവകാശം, സമത്വം, സത്യസന്ധമായ വിവരങ്ങളുടെ ലംഘനം എന്നിവ നടന്നതായാണ് ഹരജിയിൽ ആരോപിച്ചിരുന്നത്.
ഹരജിക്ക് പിന്നാലെ അഹമ്മദാബാദ് വിമാനാപകടത്തിന്റെ അന്വേഷണം നീതിയുക്തവും വേഗത്തിലുമാക്കാൻ കേന്ദ്രത്തിനും ഡി.ജി.സി.എയ്ക്കും എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയ്ക്കും സുപ്രീം കോടതി നോട്ടീസ് നൽകി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നൽകിയത്.
നീതിയുക്തമായ അന്വേഷണം നടത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം ന്യായമാണ്. എന്നാൽ എല്ലാ കണ്ടെത്തലുകളും പരസ്യമാക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്തുമെന്ന് കോടതി നിരീക്ഷിച്ചു.
ജൂൺ 12 നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് എയർ ഇന്ത്യ വിമാനം 171 പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണത്. 12 ജീവനക്കാരും 230 യാത്രക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം അഹമ്മദാബാദിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി അവിടെയുണ്ടായിരുന്ന 19 പേർ മരിച്ചു.
Content Highlight: Air India crash propaganda attributed to pilot error is irresponsible: Supreme Court