കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭത്തിന് പിന്നാലെ സംഘര്‍ഷഭൂമിയായ നേപ്പാളിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി എയര്‍ഇന്ത്യ. ചില സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. ലഖ്‌നൗ വഴിയാണ് വിമാനസര്‍വീസുകള്‍ വഴിതിരിച്ചുവിട്ടത്.
സെപറ്റംബര്‍ ഒമ്പതിന് ദല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളുമാണ് റദ്ദാക്കിയത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. സുരക്ഷയ്ക്കായി സൈന്യത്തെ വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്.
സോഷ്യല്‍മീഡിയകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും സര്‍ക്കാരിന്റെ അഴിമതി ചൂണ്ടിക്കാണിച്ചും നടത്തിയ യുവജനപ്രക്ഷോഭമാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയത്. ജെന്‍ സി പ്രക്ഷോഭത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 19 മരണങ്ങളാണ് സ്ഥിരീകരിച്ചത്.
പിന്നാലെ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവെച്ചു. ആഭ്യന്തരമന്ത്രിയായ രാകേഷ് ലേഖക്കിന്റെ രാജിക്ക് പിന്നാലെയാണ് ശര്‍മ ഒലിയും സ്ഥാനം ഒഴിഞ്ഞത്. പ്രക്ഷോഭത്തെ ഭയന്ന് സ്ഥാനമൊഴിഞ്ഞ ശര്‍മ ഒലി കാഠ്മണ്ഡുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും മുന്‍പ്രധാനമന്ത്രിയുടെയും വസതികളിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിടുകയും ചെയ്തിരുന്നു.
സോഷ്യല്‍മീഡിയകള്‍ക്ക് വിലക്ക് നേരിട്ടതിന് പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ കാഠ്മണ്ഡുവില്‍ പ്രക്ഷോഭം ആരംഭിച്ചത്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന് കണക്കുകള്‍ പ്രകാരം, 19 മരണവും 300ഓളം പേര്‍ക്ക് പരിക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യസുരക്ഷ ചൂണ്ടിക്കാണിച്ചാണ് നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍മീഡിയകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, എക്‌സ് തുടങ്ങിയ 26 സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കായിരുന്നു നിരോധനമേര്‍പ്പെടുത്തിയത്.
നിശ്ചിത തീയതിക്കുള്ളില്‍ നേപ്പാളിലെ ടെലികോം വകുപ്പിന് കീഴില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ വിമുഖത കാണിച്ച സോഷ്യല്‍മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ചൈനീസ് സോഷ്യല്‍മീഡിയ ആപ്പായ ടിക് ടോക്ക് നിയമം പാലിച്ചതോടെ നേപ്പാളില്‍ പ്രവര്‍ത്തനത്തിന് വിലക്ക് നേരിട്ടിരുന്നില്ല.
ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ജനരോഷം ഉയര്‍ന്നതോടെ ചൊവ്വാഴ്ച രാവിലെ നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായിരുന്നില്ല.
Conetnt Highlight: Air India cancelled All flight services to Nepal