അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനപകടത്തിന് പിന്നാലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യോമയാന മന്ത്രി രാം മോഹൻ റായിഡുവും രാജിവെക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി.
ഇന്നുണ്ടായ ദുരന്തത്തെ കുറിച്ച് കൃത്യവും നീതിയുക്തവും സ്വതന്ത്രവുമായ അന്വേഷണം നടക്കാൻ ഇവരുടെ രാജി അത്യാവശ്യമാണെന്നും സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ച പോസ്റ്റിൽ പറയുന്നു.
ലാൽ ബഹാദൂർ ശാസ്ത്രി 1950ൽ ട്രെയിൻ അപകടം ഉണ്ടായപ്പോൾ രാജിവെച്ചിട്ടുണ്ടെന്നും സമാനമായി മോദിയും ബന്ധപ്പെട്ടവരും രാജിവെക്കണമെന്നുമാണ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെടുന്നത്.
ഉച്ചയ്ക്ക് 1.30 യോടെ ടേക്ക് ഓഫ് ചെയ്ത യു.കെയിലേക്ക് പോകുന്ന വിമാനമാണ് രണ്ട് മിനുറ്റിനുള്ളിൽ തീഗോളമായി മാറിയത്. എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ 787 വിമാനമാണ് തകർന്ന് വീണത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 241 യാത്രക്കാരാണ് മരിച്ചത്. 30 യാത്രക്കാരും 12 കാബിൻ ക്രൂവുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. എന്നാൽ ഒരാൾ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണെന്ന് വാർത്ത വന്നിരുന്നു.
വിമാനത്തിലെ ഇന്ധനത്തിന്റെ അമിതഭാരം കാരണം വൻ തീപിടുത്തമുണ്ടായെന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജി.എസ്. മാലിക് പറഞ്ഞിരുന്നു. എയർട്രാഫിക് കൺട്രോളുമായി ബന്ധം നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ജീവനക്കാർ ‘മെയ്ഡേ’ എന്ന ദുരിത സന്ദേശം നൽകിയിരുന്നുവെന്നും അതിനാൽ അടിന്തര സേനകളെ വിന്യസിപ്പിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജനസാന്ദ്രതയേറിയ പ്രദേശത്താണ് അപകടമുണ്ടായതെന്നത് സംഭവത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമാകുമെന്നും റിപ്പോർട്ടുണ്ട്. ഹോസ്റ്റലിലും ക്യാന്റീനിലുമായി ഉണ്ടായിരുന്ന അഞ്ച് പേർ മരണപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനപകടത്തിൽ മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. പത്തനംതിട്ട സ്വദേശിയായ രജ്ഞിത മരിച്ചതായാണ് വിവരം.
Content Highlight: Air crash: Narendra Modi and Amit Shah should take responsibility and resign: Subramanian Swamy