| Friday, 6th November 2026, 5:58 pm

യു.എസ് തെരഞ്ഞെടുപ്പില്‍ ഇസ്രഈല്‍ ഒഴുക്കിയത് 84 മില്യണ്‍: ഐപാക് സ്ഥാനാര്‍ഥികളെ കയ്യൊഴിഞ്ഞ് വോട്ടര്‍മാര്‍

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍: ദി ദി അമേരിക്കന്‍ ഇസ്രഈല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി (ഐപാക്) യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചത് 84 മില്യണ്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 55 കോടി ഡോളര്‍ ചെലവായത് പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കായാണെന്ന് റെസ്‌പോണ്‍സിബിള്‍ സ്‌റ്റേറ്റ് ക്രാഫ്റ്റിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടി. അമേരിക്ക ഇസ്രഈലിനൊപ്പം ചേര്‍ന്ന് ഇറാനില്‍ നടത്തുന്ന യുദ്ധത്തിനോടുള്ള അസംതൃപ്തി തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായിരുന്നു.

ഇസ്രഈലിനുള്ള സഹായം വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെടുന്ന ഹൗസ്, സെനറ്റ് സ്ഥാനാര്‍ഥികള്‍ക്കെതിരായ പരസ്യങ്ങളുടെ പ്രധാന സ്‌പോണ്‍സര്‍ യുദ്ധത്തെ പിന്തുണയ്ക്കുന്ന ഐപാക് ആയിരുന്നു. തങ്ങളുടെ സൂപ്പര്‍ പി.എ.സി (PAC- Political Action Committee) ആയ യുണൈറ്റഡ് ഡെമോക്രസി പ്രോജക്ട് (യു.ഡി.പി), മറ്റ് ചില പി.എ.സികള്‍ എന്നിവ വഴി ഇതുവരെ ഫലം നിര്‍ണയിക്കപ്പെട്ട മത്സരങ്ങളില്‍ ഐപാക് ചെലവഴിച്ചത് 84 കോടി രൂപയാണ്.

ഇരുപാര്‍ട്ടികളിലുമായി ഐപാക് പിന്തുണച്ച മുപ്പതോളം സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. യു.ഡി.പിയുടെ ഏറ്റവും വലിയ രണ്ട് മത്സരങ്ങള്‍ സംഘടനയ്ക്കും ദാതാക്കള്‍ക്കും വന്‍ തിരിച്ചടിയായി. ഇവയ്ക്കായി മാത്രം 37.8 മില്യണ്‍ ഡോളര്‍ ചെലവായി. മിഷിഗണില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ഇലക്ട് അബ്ദുള്‍ എല്‍-സയ്യിദിന്റെ പ്രൈമറി, പൊതു തെരഞ്ഞെടുപ്പ് വിജയങ്ങള്‍ തടയാനുള്ള ശ്രമത്തില്‍ യു.ഡി.പി 31.34 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്.

ഡെമോക്രാറ്റ് പ്രൈമറിയില്‍ ഐപാക് പിന്തുണച്ച സ്ഥാനാര്‍ത്ഥി ഹാലി സ്റ്റീവന്‍സ് എല്‍-സയ്യിദിനോട് പരാജയപ്പെട്ടിരുന്നു. എല്‍-സയീദ് ആന്റി-സെമൈറ്റ് ആണെന്ന് ആരോപിച്ച് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി മൈക്ക് റോജേഴ്‌സിന് ഹാലി സ്റ്റീവന്‍സ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

‘ഞങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിച്ച സൂപ്പര്‍ പി.എ.സികള്‍ക്കും താല്‍പര്യ ഗ്രൂപ്പുകള്‍ക്കും പറയാനുള്ളത് ഇതാണ്. നിങ്ങളുടെ രാഷ്ട്രീയ സംവിധാനത്തിനെതിരേ ഞങ്ങള്‍ പോരാടാന്‍ വരികയാണ്. ഞങ്ങള്‍ക്കെതിരേ 42 മില്യണ്‍ ഡോളര്‍ ചെലവഴിച്ച ഐപാകിനോട് നന്ദി. നിങ്ങളെ രണ്ടുതവണ തോല്‍പ്പിക്കാനുള്ള അവസരം നല്‍കിയതിന് നന്ദി,’ ചൊവ്വാഴ്ച രാത്രി ഡെട്രോയിറ്റില്‍ നടന്ന വിജയാഘോഷത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് എല്‍-സയ്യിദ് പറഞ്ഞു.

ന്യൂയോര്‍ക്കിലെ റിപബ്ലിക്കന് പ്രതിനിധി മൈക്ക് ലോലര്‍, പെന്‍സില്‍വാനിയയിലെ ബ്രയാന്‍ ഫിറ്റ്‌സ്പാട്രിക്, ഒഹായോയിലെ മാക്‌സ് മില്ലര്‍ എന്നിവര്‍ പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സെനറ്റില്‍ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഐപാക് പിന്തുണച്ച സൂസന്‍ കോളിന്‍സിനെ മെയ്‌നില്‍ ഡെമോക്രാറ്റ് ട്രോയ് ജാക്‌സണ്‍ പരാജയപ്പെടുത്തി.

അമേരിക്കയും ഇസ്രഈലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി ശക്തമായ സ്വാധീനമുള്ള ഇസ്രഈല്‍ അനുകൂല സംഘടനയായ ഐപാക് കഴിഞ്ഞ കുറച്ച് കാലങ്ങളായി കടുത്ത പ്രതിസന്ധി നേരിടുകയാണ്.

‘അമേരിക്ക ഫസ്റ്റ്’ പോളിസി ശരിക്കും അമേരിക്കയ്ക്ക് വേണ്ടിയാകണം, അല്ലാതെ ‘ഇസ്രഈല്‍ ഫസ്റ്റ്’ ആവരുതെന്ന പ്രചാരണം കുറച്ചധികം കാലമായി നടക്കുന്നുണ്ടായിരുന്നു. ഇത് പ്രധാനമായും ഐപാക് പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് കൊണ്ടുള്ളതായിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ‘നൂറുകണക്കിന് ഇസ്രഈല്‍ അനുകൂല ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കന്‍മാരെയും’ അഭിനന്ദിച്ച് ഐപാക് ബുധനാഴ്ച ഉച്ചയ്ക്കുശേഷം പ്രസ്താവന പുറത്തിറക്കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം ഇറാന്‍-യു.എസ് യുദ്ധത്തോടുള്ള അതൃപ്തി മൂലം റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ കൂറുമാറിയതാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ബുധനാഴ്ച പറഞ്ഞിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായ നാല് കാരണങ്ങളില്‍ ഒന്നായി വാന്‍സ് ചൂണ്ടിക്കാട്ടിയത് ഇസ്രഈലുമായുള്ള യു.എസിന്റെ ബന്ധമായിരുന്നു.

ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലവും ഇസ്രഈലിനെ വിമര്‍ശിക്കുന്ന സ്ഥാനാര്‍ഥികളുടെ മുന്നേറ്റവും ഇസ്രഈലുമായുള്ള യു.എസിന്റെ ബന്ധം പാര്‍ട്ടികള്‍ക്കുള്ളില്‍ തന്നെ ചര്‍ച്ചയാകുന്നു എന്നതിന്റെ തെളിവാണ് ജെ.ഡി. വാന്‍സിന്റെ വാക്കുകള്‍.

Content Highlight: Aipac spent $55m on losing congressional candidates in midterm elections: Report

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more