| Thursday, 19th November 2026, 10:49 pm

ഇസ്രഈല്‍ അനുകൂല നിലപാടുള്ള ഡെമോക്രാറ്റിക് സ്പീക്കര്‍ നോമിനി: ആരാണ് ഹക്കീം ജെഫ്രീസ്?

ദേവിക ജയചന്ദ്രന്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് ഹക്കീം ജഫ്രീസിനെ ഡെമോക്രാറ്റുകള്‍ നാമനിര്‍ദേശം ചെയ്തു. ബുധനാഴ്ച നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പില്‍ 262 വോട്ടുകളില്‍ 251 എണ്ണവും ജെഫ്രീസിന് ലഭിച്ചു. പാര്‍ട്ടിയിലെ 11 പേര്‍ നാമനിര്‍ദേശത്തെ എതിര്‍ത്തു.

രണ്ടാഴ്ച മുമ്പ് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തിയ ഡെമോക്രാറ്റുകള്‍ക്കാണ് ഇപ്പോള്‍ സഭയില്‍ ഭൂരിപക്ഷം. സ്പീക്കറാവാന്‍ 218 വോട്ടുകളാണ് ആവശ്യമെന്നിരിക്കെ അപ്രതീക്ഷിത നീക്കങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ജെഫ്രീസ് തന്നെ അടുത്ത സ്പീക്കറാകും. ഡെമോക്രാറ്റുകള്‍ 257 അംഗങ്ങളാണ് സഭയിലുള്ളത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കന്‍ ചരിത്രത്തിലേ തന്നെ ആദ്യ കറുത്ത വര്‍ഗക്കാരനായ ജനപ്രതിനിധി സഭാ സ്പീക്കറായി ജെഫ്രീസ് മാറും.

എതിര്‍ത്ത് ചെയ്ത വോട്ടുകള്‍

നാമനിര്‍ദേശത്തിനായി മറ്റാരും രംഗത്തില്ലായിരുന്നെങ്കിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് ഡെമോക്രാറ്റുകള്‍ ജെഫ്രീസിനെതിരെ വോട്ട് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹക്കീം ജഫ്രീസിന്റെ ഇസ്രഈല്‍ അനുകൂല നിലപാടായിരുന്നു. മെഡികെയര്‍ ഫോര്‍ ഓള്‍ പദ്ധതി, കുടിയേറ്റ നിയമങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ധനസമാഹരണം, ഗസയിലെ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വം കൂടുതല്‍ ഉറപ്പുകള്‍ നല്‍കണമെന്നാണ് എതിര്‍ത്തവര്‍ അവകാശപ്പെടുന്നത്.

ഇസ്രഈലിനുള്ള സൈനിക സഹായം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശങ്ങളെ ജെഫ്രീസ് പിന്തുണയ്ക്കാത്തതിലും ചില നിയമനിര്‍മാതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെയായിരുന്നതിനാല്‍ ജെഫ്രീസിനെ എതിര്‍ത്ത് വോട്ട് ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഏഴ് പേര്‍ അദ്ദേഹത്തെ എതിര്‍ത്തതായി വെളിപ്പെടുത്തിക്കൊണ്ട് പ്രസ്താവനയിറക്കി. ഇതിലാണ് ജെഫ്രീസിനെ എതിര്‍ക്കാനുള്ള കാരണങ്ങള്‍ അവര്‍ പറഞ്ഞത്.

‘എല്ലാവര്‍ക്കും മെഡികെയര്‍ (Medicare for All) നടപ്പാക്കുക, ഐ.സി.ഇയുടെ (ICE) അതിക്രമങ്ങള്‍ തടയുക, രാഷ്ട്രീയത്തില്‍ നിന്ന് പണത്തിന്റെ സ്വാധീനം ഒഴിവാക്കുക, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന ജനവിധിയോടെയാണ് ഞങ്ങളുടെ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ ഞങ്ങളെ കോണ്‍ഗ്രസിലേക്ക് അയച്ചത്. ഈ വിഷയങ്ങളില്‍ പാര്‍ട്ടി നേതാവ് ജെഫ്രിസില്‍ നിന്ന് ഉറപ്പുകള്‍ ലഭിക്കാന്‍ ആത്മാര്‍ഥമായ ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്’ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രഈല്‍ അനുകൂല നിലപാട്

ദീര്‍ഘകാലമായി ഇസ്രഈലിനെ പിന്തുണയ്ക്കുന്ന ആളാണ് ജെഫ്രീസ്. 2014ല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിനിടെ ന്യൂയോര്‍ക്കില്‍ നടന്ന ഐക്യദാര്‍ഡ്യറാലിയില്‍ ‘ഇന്നും ഇസ്രഈല്‍, നാളെയും ഇസ്രഈല്‍, എന്നും ഇസ്രഈല്‍’ എന്ന് ജെഫ്രീസ് പ്രഖ്യാപിച്ചിരുന്നു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന സൈനിക നടപടികള്‍ക്ക് നല്‍കുന്ന സഹായം നിയന്ത്രിക്കണമെന്ന ആവശ്യം ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമാകുന്നുണ്ട്. ഇതിനോട് നയപരമായ മാറ്റം വേണമെന്ന നിലപാടാണ് ജെഫ്രീസ് സ്വീകരിച്ചത്.

‘നിലവിലെ സ്ഥിതി അംഗീകരിക്കാനാവില്ല. ഇസ്രഈല്‍ ,ഗസ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട് വലിയ മാറ്റം ആവശ്യമാണ്’ എന്ന് കഴിഞ്ഞയാഴ്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞതായി ഇസ്രഈലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇത് ജെഫ്രീസിന്റെ നിലപാടില്‍ വന്ന മാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന സൈനിക നടപടികള്‍ക്കിടെ, ബോംബാക്രമണങ്ങള്‍ വിവേചനരഹിതമാണോ എന്ന ചോദ്യത്തിന് അങ്ങനെ പറയില്ല എന്ന് സി.ബി.എസിന്റെ ’60 മിനിട്ട്‌സ്’ പരിപാടിയില്‍ ജെഫ്രീസ് പറഞ്ഞിരുന്നു. തുടര്‍ന്നുള്ള സൈനിക നടപടികള്‍ കൃത്യമായ ലക്ഷ്യങ്ങല്‍ കേന്ദ്രീകരിച്ചുള്ളതാവണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകതയും നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുന്നത് ദുരന്തകരമാണെന്നും ജെഫ്രീസ് അഗീകരിച്ചിരുന്നു.

അതേസമയം ബോംബാക്രമണങ്ങളെ ന്യായീകരിക്കുകയും ഇസ്രഈലിനുള്ള സൈനിക സാമ്പത്തിക സഹായങ്ങളെ പിന്തുണക്കുകയും ചെയ്തു.

ഇസ്രഈല്‍ അനുകൂല ലോബിയായ ഐപാകില്‍ നിന്നും ഗണ്യമായ സാമ്പത്തിക പിന്തുണയാണ് ജെഫ്രീസിന് ലഭിക്കുന്നത് എന്നതാണ് നിലപാടുകള്‍ക്ക് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ട്രാക്ക് ഐപാക് എന്ന സംഘടനയുടെ കണക്കനുസരിച്ച ജെഫ്രീസിന് ഇസ്രഈല്‍ അനുകൂല ലോബികളില്‍ നിന്നും ലഭിച്ച ആകെ തുക 15,00,136 ഡോളറാണ്.

2025-26 തെരഞ്ഞെടുപ്പ് കാലയളവില്‍ ഐപാകില്‍ നിന്ന് ഏകദേശം 50,000 ഡോളറും ഇസ്രയേല്‍ അനുകൂല സംഘടനകളില്‍ നിന്നാകെ ഏകദേശം 3,15,000 ഡോളറും ജെഫ്രിസിന് ലഭിച്ചതായി സി.എന്‍.എന്‍ ചര്‍ച്ചയില്‍ പരാമര്‍ശിച്ചതായി ട്രൂത്ത്ഔട്ട് നവംബര്‍ 16ന് റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ അക്രമാസക്തരായ ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരായ ഉപരോധങ്ങള്‍ പുനസ്ഥാപിക്കുകയും നിയമപരമായി ഉറപ്പാക്കുകയും ചെയ്യുന്ന ‘വെസ്റ്റ് ബാങ്ക് വയലന്‍സ് പ്രിവന്‍ഷന്‍ ആക്ടി’നെ ജെഫ്രിസ് പിന്തുണയ്ക്കുന്നുവെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയ ഉപരോധങ്ങളാണ് ഇതിലൂടെ പുനഃസ്ഥാപിക്കുക.

2024ല്‍ ഇസ്രഈലിന് സഹായം നല്‍കാനുള്ള ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ജെഫ്രീസ് അതേവര്‍ഷം തന്നെ നെതന്യാഹുവിനെ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് സംസാരിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ ഒപ്പിട്ടിരുന്നു.

സെനറ്റിലെ ഡെമോക്രാറ്റുകളെ നയിക്കാനുള്ള സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന ചക്  ഷൂമറിനെയും ജെഫ്രീസിനെയും സുഹൃത്തുക്കളെന്നാണ് ഇസ്രഈലി പ്രതിപക്ഷനേതാവ് യെര്‍ ലാപിഡ് വിളിച്ചത്.

സ്പീക്കറുടെ അധികാരങ്ങള്‍

അമേരിക്കന്‍ ഭരണസംവിധാനത്തിലെ ഏറ്റവും സ്വാധീനമുള്ള പദവികളിലൊന്നാണ് ജനപ്രതിനിധി സഭാ സ്പീക്കറുടേത്. സഭയുടെ നടപടികള്‍ക്ക് നേതൃത്വം നല്‍കുകയും ഏതൊക്കെ ബില്ലുകള്‍ വോട്ടെടുപ്പിന് വോട്ടെടുപ്പിന് വരണമെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്യുന്നത് സ്പീക്കറാണ്.

സഭയുടെ അജണ്ട നിശ്ചയിക്കുന്നതിലും വിവിധ കമ്മിറ്റികളിലേക്ക് അംഗങ്ങളെ നിയോഗിക്കുന്നതിലും സ്പീക്കര്‍ക്ക് സ്വാധീനമുണ്ട്.

ആയുധ കൈമാറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഉപരോധങ്ങള്‍ നടപ്പാക്കുന്നതും സംബന്ധിച്ച ബില്ലുകള്‍ വോട്ടെടുപ്പിന് വരണമോ എന്നത്ല്‍ അദ്ദേഹത്തിന്റെ തീരുമാനം നിര്‍ണായകമാവും.

പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെ ഇസ്രഈല്‍ അനുകൂല നിലപാടിനെതിരെ ഭിന്നതകള്‍ ഉയരുന്നതിനാല്‍ ഏത് രീതിയിലായിരിക്കും ജഫ്രീസ് ഇത് കൈകാര്യം ചെയ്യുക എന്നാണ് അമേരിക്കന്‍ രാഷ്ടീയം ഉറ്റുനോക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഐപാക് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. അത് ജനങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ ഇസ്രഈലുമായുള്ള ബന്ധത്തിലെ അസംതൃപ്തി അറിയിക്കുന്നതാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് പറഞ്ഞിരുന്നു.

Contnt Highlight: AIPAC’s Ally Hakeem Jeffries nominated by Democrats to become the speaker of house of reperesentatives.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more