ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈലി കയ്യേറ്റ കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് ജൂതന്മാരെ കുടിയേറാന്‍ സഹായിക്കുന്ന ഇസ്രഈലി സന്നദ്ധ സംഘടനയായ ‘ശിവത് സിയോണ്‍’ യു.കെയിലെ വിവിധ നഗരങ്ങളില്‍ പര്യടനത്തിനൊരുങ്ങുന്നു.
ഇസ്രഈലിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്, അന്താരാഷ്ട്ര നിയമപ്രകാരം അനധികൃതമായ വെസ്റ്റ് ബാങ്ക് മേഖലകളിലേക്ക് ആളുകളെ എത്തിക്കാന്‍ സംഘടന സഹായിക്കുന്നുവെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
നവംബര്‍ 22 ഞായറാഴ്ച ആരംഭിച്ച് ഡിസംബര്‍ ഒന്ന് വരെ നീളുന്ന പര്യടനത്തില്‍ സെമിനാറുകള്‍, ചോദ്യോത്തര വേളകള്‍, വ്യക്തിഗത കണ്‍സള്‍ട്ടേഷനുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്ലാസ്ഗോയില്‍ നിന്നാരംഭിക്കുന്ന പര്യടനം ഗേറ്റ്‌സ്‌ഹെഡ്, ലീഡ്‌സ്, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, ബോണ്‍മൗത്ത്, ബ്രൈറ്റണ്‍, ലണ്ടന്‍ എന്നീ നഗരങ്ങളിലൂടെ കടന്നുപോകും.
ഇസ്രഈല്‍ കുടിയേറ്റ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ യു.കെയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോവ് ന്യൂമാര്‍ക്കാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇസ്രഈലിലേക്കുള്ള കുടിയേറ്റം ലളിതമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശിവത് സിയോണ്‍ അവകാശപ്പെടുമ്പോഴും, വെസ്റ്റ് ബാങ്കിലെ എഫ്രാത്ത്, മാലെ അദുമിം, ഗുഷ് എറ്റ്‌സിയോണ്‍ തുടങ്ങിയ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷുകാരെ മാറ്റാന്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി ‘മിഡില്‍ ഈസ്റ്റ് ഐ’, ‘ഡീക്ലാസിഫൈഡ് യു.കെ’ എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെസ്റ്റ് ബാങ്കിലെ അധ്യാപക പരിശീലന പരിപാടികളെക്കുറിച്ചും അവിടുത്തെ ജീവിതച്ചെലവുകളെക്കുറിച്ചും സംഘടനയുടെ വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ട്. വെസ്റ്റ് ബാങ്കും ഗോലാന്‍ കുന്നുകളും അധിനിവേശ പ്രദേശങ്ങളല്ലെന്ന സംഘടനയുടെ വാദം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങള്‍ക്ക് വിരുദ്ധമാണ്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിന് കൂട്ടുനില്‍ക്കുന്ന സംഘടനയുടെ യു.കെയിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്നും ഉപരോധം ഏര്‍പ്പെടുത്തണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും ‘ജൂത ആന്റി-സയണിസ്റ്റ് ആക്ഷന്‍’ ഉള്‍പ്പെടെയുള്ള സംഘടനകളും ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എട്ട് ഇസ്രഈലി കമ്പനികള്‍ക്ക് മേല്‍ യു.കെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാന്‍ഡ് ഉപരോധം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പര്യടനം നടക്കുന്നത്. എന്നാല്‍ പുതിയ ഉപരോധ പട്ടികയില്‍ ശിവത് സിയോണിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
Content Highlight: Aiming to promote immigration to Israel: Shivat Zion prepares for a tour of the UK