| Monday, 13th October 2025, 9:57 am

ബീഹാറിൽ മൂന്നാം ബദൽ കെട്ടിപ്പടുക്കും; 100 സീറ്റിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ഇന്ത്യ സഖ്യത്തിൽ നിന്നും തള്ളിക്കളഞ്ഞതിന്റെ പ്രതിഷേധമായി ബീഹാറിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം.

‘100 സീറ്റുകളിലും മത്സരിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി. എൻ.ഡി.ഐയും മഹാഗത്ബന്ധനും (ബീഹാറിൽ ഇന്ത്യ സഖ്യം അറിയപ്പെടുന്ന പേര്) ഞങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ നിർബന്ധിതരാകും. ബീഹാറിൽ ഒരു മൂന്നാം ബദൽ കെട്ടിപ്പെടുത്തുകയാണ് ലക്ഷ്യം,’ എ.ഐ.എം.ഐ.എം സംസ്ഥാന പ്രസിഡന്റ് അഖ്തറുൽ ഇമാൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സഖ്യം ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് താൻ ലാലു പ്രസാദിനും തേജസ്വി യാദവിനും കത്തെഴുതിയെന്നും എന്നാൽ അതിന് മറുപടി ലഭിച്ചില്ലെന്നും അഖ്തറുൽ ഇമാൻ പറഞ്ഞു. മൂന്നാം മുന്നണി വികസിപ്പിക്കുന്നതിനായി സമാന ചിന്താഗതിക്കാരായ പാർട്ടിക്കാരുമായി തങ്ങൾ ചർച്ചകൾ നടത്തി വരികയാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യങ്ങൾക്ക് വ്യക്തത വരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഇന്ത്യാ സഖ്യത്തിൽ ഘടക കക്ഷിയാക്കണമെന്ന അഭ്യർത്ഥനയുമായി എ.ഐ.എം.ഐ.എം ആർ.ജെ.ഡി നേതൃത്വത്തിൽ സമ്മർദം ചെലുത്തുന്നുണ്ടായിരുന്നു. എന്നാൽ ഇവരെ ഉൾപ്പെടുത്തുന്നത് വിപരീത ഫലമുണ്ടാക്കുന്നതുകൊണ്ടാണ് കക്ഷി ചേർക്കാതിരുന്നത്.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമത പാർട്ടിയുമായും സഖ്യം ചേർന്നാണ് മത്സരിച്ചത്.

20 സീറ്റുകളിൽ മത്സരിച്ച എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇത് ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപക്ഷ സഖ്യത്തിന് തിരിച്ചടിയായിരുന്നു. എന്നാൽ 2022ൽ എ.ഐ.എം.ഐ.എമ്മിന്റെ നാല് എം.എൽ.എമാർ ആർ.ജെ.ഡിയിൽ ചേർന്നിരുന്നു.

അതേസമയം, ബീഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും. തെരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്. ബി.ജെ.പിയും ജനതാദൾ യുണൈറ്റഡും(ജെ.ഡി.യു) 101 വീതം സീറ്റുകളിലാണ് മത്സരിക്കുക.

എൻ.ഡി.എ സഖ്യത്തിലെ മറ്റൊരു പ്രബല പാർട്ടിയായ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജൻശക്തി പാർട്ടി(റാം വിലാസ്)ക്ക് 29 സീറ്റുകളിൽ മത്സരിക്കും. രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം), ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്.എ.എം)എന്നീ പാർട്ടികൾ ആറ് വീതം സീറ്റുകളിലുമാണ് മത്സരിക്കുക.

Content Highlight: AIMIM state president says third alternative will be built in Bihar; will contest in 100 seats

We use cookies to give you the best possible experience. Learn more