| Saturday, 30th August 2025, 1:33 pm

ആര്‍.എസ്.എസ് ഇരട്ടത്താപ്പ്; ഇന്ത്യന്‍ സ്ത്രീകള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് അസദുദീന്‍ ഒവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഒരു കുടുംബത്തില്‍ 3 കുട്ടികള്‍ വേണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് എ.ഐ.എം.ഐ.എം മേധാവി അസദുദീന്‍ ഒവൈസി.

ഇത് ആര്‍.എസ്.എസിന്റെ ഇരട്ടത്താപ്പാണെന്നും, ഇന്ത്യന്‍ സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരമാണെന്നും ഒവൈസി പറഞ്ഞു.

ആളുകളുടെ കുടുംബകാര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് എന്തധികാരമാണെന്നും സ്വന്തമായ ഇഷ്ടങ്ങളും മുന്‍ഗണനകളും ഉള്ള സ്ത്രീകള്‍ക്കുമേല്‍ ഭാരം കെട്ടിവെക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ 2011 ലെ സെന്‍സസ് ഡാറ്റ ചൂണ്ടിക്കാട്ടി മുസ്ലിം ജനസംഖ്യ വളര്‍ച്ച നിരക്ക് ഇതിനകം കുറഞ്ഞു വരികയാണെന്ന് ഒവൈസി പറഞ്ഞു. 80 ശതമാനം ഹിന്ദുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുസ്ലിം ജനസംഖ്യാനിരക്ക് 14 . 23 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസും അനുബന്ധ സംഘടനകളും വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ഒവൈസി പറഞ്ഞു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരെയും മതത്തിന്റെ പേരില്‍ ആക്രമിക്കില്ല എന്നാണ് ആര്‍.എസ്.എസ് മേധാവി പറയുന്നതെങ്കില്‍, മുസ്ലിങ്ങളെ വംശഹത്യ ചെയ്യാനും സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ആഹ്വാനം ചെയ്യുന്ന ധര്‍മ്മ സന്‍സദുകള്‍ നടത്തുന്നതാരാണെന്നും ഒവൈസി ചോദിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിയെ പുറത്താക്കണമെന്ന് ഒവൈസി പറഞ്ഞു.

‘അവര്‍ക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ നമ്മള്‍ സൗകര്യമൊരുക്കരുത്. അവര്‍ സ്വയം വിരമിക്കുകയാണ്. ബി.ജെ.പി രാഷ്ട്രീയത്തില്‍ നിന്ന് എന്നെന്നേക്കുമായി വിരമിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതിനുവേണ്ടി ഞങ്ങള്‍ പരിശ്രമിക്കുകയാണ്,’ ഒവൈസി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ജനസംഖ്യാ സന്തുലനം വേണമെന്നും രാജ്യ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിലും 3 കുട്ടികള്‍ വേണമെന്നുമായിരുന്നു ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്.

Content Highlight: AIMIM chief Asaduddin Owaisi criticized RSS chief Mohan Bhagwat’s statement that family should have three children

We use cookies to give you the best possible experience. Learn more