ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്). 2025 – 26 സീസണിലേക്കുള്ള ക്ലബ്ബിന്റെ ലൈസന്‍സാണ് എ.ഐ.എഫ്.എഫ് പുതുക്കി നല്‍കാതിരുന്നത്. ഹോം ഗ്രൗണ്ടായ കലൂര്‍ സ്റ്റേഡിയത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
ഓരോ സീസണിന് മുന്നോടിയായി ടീമുകള്‍ ലൈസന്‍സ് പുതുക്കേണ്ടതുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും പരിശോധിച്ചാണ് എ.ഐ.എഫ്.എഫ് ലൈസന്‍സ് നല്‍കാറുള്ളത്. ഇതിലാണ് ബ്ലാസ്റ്റേഴ്‌സിന് വീഴ്ച സംഭവിച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള നിരവധി ടീമുകള്‍ ഈ വര്‍ഷം ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ പുതുക്കി നല്‍കാതിരിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, മുഹമ്മദന്‍സ്, ഇന്റര്‍ കാശി, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ടീമുകള്‍ക്കും ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞിട്ടില്ല.
എല്ലാ വര്‍ഷവും ബ്ലാസ്റ്റേഴ്‌സിന് ലൈസന്‍സിങ്ങില്‍ പ്രശ്നം നേരിടാറുണ്ടുണ്ടെന്നും കലൂര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതാണ് ടീമിന് വിനയായതെന്ന് പേര് വെളിപ്പെടുത്താത്ത ബ്ലാസ്റ്റേഴ്സ് വൃത്തങ്ങള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
എ.ഐ.എഫ്.എഫിന്റെ ബാക്കിയെല്ലാ മാനദണ്ഡങ്ങളിലും ക്ലബ് ക്വാളിഫൈ ആയിട്ടുണ്ടെന്നും ടീം അപ്പീലുമായി മുന്നോട്ട് പോകുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
‘സ്റ്റേഡിയത്തിന്റെ ഫിറ്റ്‌നസ് കാരണങ്ങളാണ് ലൈസന്‍സിങ് പുതുക്കി ലഭിക്കുന്നതില്‍ ക്ലബിന് വിനയായത്. സ്റ്റേഡിയത്തിലെ കടകളില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ടീമിന്റെ ലൈസന്‍സ് പുതുക്കുന്നതിന് തടസമായത്. ബാക്കിയെല്ലാം മാനദണ്ഡങ്ങളിലും ബ്ലാസ്റ്റേഴ്സ് ക്വാളിഫൈ ആയിട്ടുണ്ട്,’ ബ്ലാസ്റ്റേഴ്സ് വൃത്തങ്ങള്‍ പറഞ്ഞു.
ഇത് ആദ്യമായല്ല ബ്ലാസ്റ്റേഴ്സ് ലൈസന്‍സിങ്ങില്‍ ബുദ്ധിമുട്ട് നേരിടുന്നതെന്നും ബ്രേക്കിലുള്ള താരങ്ങള്‍ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിലാണ് ടീം ഫോക്കസ് ചെയ്യുന്നതെന്നും ബ്ലാസ്റ്റേഴ്സ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്നലെ രാത്രിയാണ് എ.ഐ.എഫ്. എഫ് ലൈസന്‍സുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പുറത്ത് വിട്ടത്. ഇത് ആദ്യമായല്ല കേരള ബ്ലാസ്റ്റേഴ്‌സിന് ലൈസന്‍സ് പുതുക്കുന്നതില്‍ തടസം നേരിട്ടത്. കഴിഞ്ഞ സീസണിലും ലൈസന്‍സിങ്ങില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
അപ്പീല്‍ നല്‍കുകയെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നിലെ വഴി. താരങ്ങള്‍ക്കും ടീമിന്റെ അടുത്ത ഐ.എസ്.എല്‍ പങ്കാളിത്തത്തിലും ഒരു രീതിയിലും ബാധിക്കാതെയാണ് ടീം നടപടികള്‍ സ്വീകരിക്കുന്നത്. ബ്രേക്കിലുള്ള താരങ്ങള്‍ ടീമിനൊപ്പം ചേരുന്നതിന് മുമ്പ് ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിലാണ് ടീം ഫോക്കസ് ചെയ്യുന്നത്,’ ബ്ലാസ്റ്റേഴ്സ് വൃത്തങ്ങള്‍ പറഞ്ഞു.
Content Highlight: AIFF has not renewed license of Kerala Blasters