| Thursday, 5th March 2026, 3:02 pm

മർകസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: കാന്തപുരം വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള മർകസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി. ഇന്ന് (വ്യാഴം) നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തല്‍.

കാന്തപുരം വിഭാഗവും ലീഗും തമ്മിലുള്ള അഭിപ്രായഭിന്നതകളില്‍ അയവ് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മര്‍ക്കസ് കോളേജിന് എയ്ഡഡ് പദവി നല്‍കുന്നത്.

അതേസമയം സംസ്ഥാനത്തെ ഏക യുനാനി മെഡിക്കല്‍ കോളേജിനാണ് എയ്ഡഡ് പദവി നല്‍കിയിരിക്കുന്നത്. കോഴിക്കോട് നോളജ് സിറ്റിയിലാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്.

ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയാണ് മര്‍കസ് കോളേജിന്റെ എം.ഡി. പ്രിന്‍സിപ്പാള്‍ ഡോ. യു. മുജീബുമാണ്.

സര്‍ക്കാരിന്റെ ഈ തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ഫോറം അധ്യക്ഷന്‍ ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു. സ്വാശ്രയ കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് കണക്കില്‍ കവിഞ്ഞ ചെലവുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റനവധി മെഡിക്കല്‍ കേന്ദ്രങ്ങളുള്ള കേരളത്തിലെ ഒരു യുനാനി കോളേജിന് മാത്രം എയ്ഡഡ് പദവി നല്‍കുക എന്നത് അഴിമതിയാണെന്നും ശശികുമാര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുസ്‌ലിം ലീഗ് ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ലോ കോളേജുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്നാണ് ഇതിലെ പ്രധാന ആവശ്യം. ഇതിനിടെ മര്‍കസ് കോളേജിന് എയ്ഡഡ് പദവി നല്‍കിയ സര്‍ക്കാര്‍ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും ആര്‍.എസ്. ശശികുമാര്‍ പറഞ്ഞു.

Content Highlight: Aided status for Markaz Unani Medical College

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more