| Friday, 1st August 2025, 8:44 am

വിജയ്‌യുമായി എ.ഐ.എ.ഡി.എം.കെ സഖ്യമുണ്ടാക്കുമോ എന്ന് ബി.ജെ.പി ഭയക്കുന്നു: അന്‍വര്‍ രാജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: എ.ഐ.എ.ഡി.എം.കെയെ ബി.ജെ.പി, എന്‍.ഡി.എ സഖ്യത്തിലേക്ക്  കൊണ്ടുവരുന്നതിനോട് പ്രതികരിച്ച് മുന്‍ നേതാവ് അന്‍വര്‍ രാജ. എടപ്പാടി പളനിസ്വാമി നയിക്കുന്ന എ.ഐ.എ.ഡി.എം.കെ വിജയ്‌യുടെ പാര്‍ട്ടിയായ ടി.വി.കെയുമായി സഖ്യമുണ്ടാക്കുമോ എന്ന് ബി.ജെ.പിക്ക് ഭയമുണ്ടെന്നും അതുകൊണ്ടാണ് അവര്‍ സഖ്യത്തിന് ശ്രമിക്കുന്നതെന്നും രാജ പറഞ്ഞു.

ജയലളിതയുണ്ടായിരുന്ന കാലത്തും പാര്‍ട്ടി ബി.ജെ.പിയുമായി സഖ്യത്തിലായിരുന്നെന്നും എന്നാല്‍ അന്ന് ചില നിബന്ധനകള്‍ ജയലളിത മുന്നോട്ടുവെച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ കാര്യങ്ങള്‍ ജനവിരുദ്ധമാണെന്ന് ജയലളിത അന്നേ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ രാജ ഇക്കാര്യം പറഞ്ഞത്.

‘2019ലെല്ലാം എ.ഐ.എ.ഡി.എം.കെ സഖ്യമെന്നായിരുന്നു അറിയപ്പെട്ടത്. എന്നാല്‍ ഇപ്പോഴത് എന്‍.ഡി.എ സഖ്യമെന്നാണ് പറയുന്നത്. സംസ്ഥാനത്ത് ഒരു സഖ്യസര്‍ക്കാര്‍ ഉണ്ടാകുമെന്ന് ഏകപക്ഷീയമായി പറയാന്‍ അവര്‍ ആരാണ്? അസം മുന്‍ മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മഹന്തയുടെ അസം ഗണ പരിഷത് എന്ന പാര്‍ട്ടിക്കും മഹാരാഷ്ട്രയില്‍ ശിവസേനക്കും സംഭവിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ഇതാണ് ബി.ജെ.പിയുടെ തന്ത്രം.

ബി.ജെ.പി. അവരുടെ പ്രത്യയശാസ്ത്രം പ്രാവര്‍ത്തികമാക്കാന്‍ ഏതറ്റം വരെയും പോകും. അവരുടെ സനാതന പ്രത്യയശാസ്ത്രം നടപ്പിലാക്കാനായി ഇ.പി.എസ് (എടപ്പാടി പളനിസ്വാമി) അവരോടൊപ്പം നില്‍ക്കുകയാണ്. ഈ സമയത്ത് ബി.ജെ.പിയെ എതിര്‍ക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവ് സ്റ്റാലിന്‍ മാത്രമാണ്. സ്റ്റാലിനെ ഏത് വിധേനയും മറികടക്കാന്‍ വേണ്ടിയാണ് ബി.ജെ.പി എ.ഐ.എ.ഡി.എം.കെയെ പിന്താങ്ങുന്നത്,’ അന്‍വര്‍ രാജ പറയുന്നു.

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകവുമായി എ.ഐ.എ.ഡി.എം.കെ സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടന്നെന്നും 60 സീറ്റുകള്‍ എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടിരുന്നെന്നും അന്‍വര്‍ രാജ പറയുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ അംഗീകരിക്കണമെന്ന് ടി.വി.കെ ആവശ്യപ്പെട്ടെന്നും എന്നാല്‍ അത് അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ ചര്‍ച്ചകള്‍ക്കൊടുവില്‍ എ.ഐ.എ.ഡി.എം.കെയും ടി.വി.കെയും സഖ്യത്തിലായാല്‍ അത് തങ്ങളെ ബാധിക്കുമെന്ന് ബി.ജെ.പി ഭയന്നെന്നും അതിനാലാണ് അമിത് ഷാ തിടുക്കപ്പെട്ട് സഖ്യം പ്രഖ്യാപിച്ചതെന്നും അന്‍വര്‍ രാജ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ ദല്‍ഹിയില്‍ വെച്ച് തന്നെ കാണാന്‍ പളനിസ്വാമിയോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Content Highlight: AIADMK leader Anwhar Raaja about the alliance with BJP in Tamilnadu

We use cookies to give you the best possible experience. Learn more