| Friday, 11th April 2025, 5:24 pm

എ.ഐ.എ.ഡി.എം.കെ വീണ്ടും എന്‍.ഡി.എയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വീണ്ടും എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകും. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമായി ഒരുമിച്ച് മത്സരിക്കും.

തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി അമിത് ഷായാണ് എടപ്പാടി പളനി സ്വാമിയുടെ സാന്നിധ്യത്തില്‍ എ.ഐ.എ.ഡി.എം.കെയുടെ മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്.

മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പുകള്‍ നടക്കുകയെന്നും അമിത് ഷാ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം സീറ്റ് വിതരണവും മന്ത്രിമാരുടെ വകുപ്പ് വിതരണവും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിന് മുമ്പ് വ്യവസ്ഥകളൊന്നുമില്ലെന്നും എ.ഐ.എ.ഡി.എം.കെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. നീറ്റ്, ത്രിഭാഷാ നയം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടികളുടെ നിലപാട് വ്യത്യസ്തമാണെങ്കിലും, സംസ്ഥാനത്തിനായുള്ള പൊതു നയത്തിനായി ഇരുവിഭാഗവും കൂടിയാലോചിച്ച് തീരുമാനമെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നണി പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ.യെയും അമിത് ഷാ വിമര്‍ശിച്ചു. തമിഴ്നാട്ടില്‍ സനാതത ധര്‍മം, ത്രിഭാഷാ നയം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഡി.എം.കെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ വിമര്‍ശിച്ചു.

2021 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും സഖ്യത്തിലായിരുന്നു. അന്ന് ബി.ജെ.പി നാല് സീറ്റുകള്‍ നേടി. എന്നാല്‍ 2023 ല്‍ എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ പോയതോടെ തമിഴ്നാട്ടിലെ സ്വാധീനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി

അതേസമയം കെ. അണ്ണാമലൈക്ക് പകരം നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്നാട് ബി.ജെ.പി അധ്യക്ഷനായി ചുമതലയേക്കും എന്ന സുപ്രധാന തീരുമാനവും ഇന്ന് ബി.ജെ.പി കൈക്കൊണ്ടിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് (വെള്ളിയാഴ്ച്ച) നാല് മണിയോടേ അവസാനിച്ചതോടെ നാഗേന്ദ്രന്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്.

മുന്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകനായ നൈനാര്‍ നാഗേന്ദ്രന്‍ ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് ബി.ജെ.പിയില്‍ എത്തുന്നത്. നിലവില്‍ ബി.ജെ.പിയുടെ നിയമസഭ കക്ഷി നേതാവാണ് നൈനാര്‍ നാഗേന്ദ്രന്‍. തമിഴ്നാട്ടിലെ തേവര്‍ വിഭാഗത്തില്‍പ്പെട്ട നേതാവായതിനാല്‍ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Content Highlight: AIADMK joins NDA alliance again

We use cookies to give you the best possible experience. Learn more