| Wednesday, 6th May 2026, 12:49 pm

വിജയ്‌യെ പിന്തുണയ്ക്കാന്‍ ബി.ജെ.പി സമ്മര്‍ദം?; ടി.വി.കെയുമായി സഖ്യമുണ്ടാക്കുന്നതില്‍ എ.ഐ.എ.ഡി.എം.കെയില്‍ ഭിന്നത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവേ പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയില്‍ വിള്ളല്‍.

കേവല ഭൂരിപക്ഷത്തിന് (118 സീറ്റുകള്‍) പത്ത് സീറ്റുകള്‍ മാത്രം അകലെയുള്ള വിജയ്‌യുടെ ടി.വി.കെയെ പിന്തുണയ്ക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭിന്നത.

ഈ നീക്കത്തിന് പിന്നില്‍ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലുകളാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ മുന്നേറ്റത്തിന് പിന്നാലെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലും കോണ്‍ഗ്രസ് പിന്തുണയുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ടി.വി.കെയ്ക്ക് ലഭിച്ച 108 സീറ്റുകള്‍ക്ക് പുറമെ ഭൂരിപക്ഷം തികയ്ക്കാന്‍ കോണ്‍ഗ്രസിനെയോ ഇടതുകക്ഷികളെയോ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും ഇതിനായി എ.ഐ.എ.ഡി.എം.കെ.യെ ടി.വി.കെ പാളയത്തില്‍ എത്തിക്കാനാണ് ദല്‍ഹിയില്‍ നിന്നുള്ള നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍ നിയമമന്ത്രി സി.വി. ഷണ്‍മുഖമാണ് ടി.വി.കെ അനുകൂല ഗ്രൂപ്പിനെ നയിക്കുന്നതെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ സൂത്രധാരന്‍ തമിഴ്നാട്ടിലെ കരുത്തനായ എസ്.പി. വേലുമണിയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

21 ഓളം എം.എല്‍.എമാരുടെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. ബി.ജെ.പി കേന്ദ്രനേതൃത്വവുമായി നേരിട്ട് ബന്ധമുള്ള വേലുമണിയാണ് സഖ്യത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ആരോഗ്യ മന്ത്രി സി. വിജയഭാസ്‌കര്‍, എം.എല്‍.എ കാമരാജ് എന്നിവരും വിജയ്‌യെ പിന്തുണയ്ക്കണമെന്ന പക്ഷത്താണ്. ടി.വി.കെയുടെ രാഷ്ട്രീയ പരിചയക്കുറവ് മുതലെടുത്ത് ഭരണത്തില്‍ പങ്കാളികളാകാനും മന്ത്രിസ്ഥാനങ്ങള്‍ കൈക്കലാക്കാനുമുള്ള സുവര്‍ണ്ണാവസരമായാണ് വിമതര്‍ ഇതിനെ കാണുന്നതെന്നാണ് സൂചന.

ചൊവ്വാഴ്ച രാത്രി ടി.വി.കെയും എ.ഐ.എ.ഡി.എം.കെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായി മുതിര്‍ന്ന നേതാവ് ലീമ റോസ് മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മരുമകന്‍ ആധവ് അര്‍ജുന വിജയ്യുടെ വിശ്വസ്തനായ വ്യക്തികൂടിയാണ്. ഈ വെളിപ്പെടുത്തലോടെ സഖ്യസാധ്യതകള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്.

എന്നാല്‍ മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍, പുതുതായി രാഷ്ട്രീയത്തിലിറങ്ങിയ വിജയ്യുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഇ.പി.എസ് വിമുഖത കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ 47 എം.എല്‍.എമാരില്‍ 10 പേര്‍ മാത്രമാണ് ഇ.പി.എസിനൊപ്പം ഉറച്ചുനില്‍ക്കുന്നത്.

ബുധനാഴ്ച നടക്കുന്ന നിര്‍ണായക യോഗത്തില്‍ സഖ്യ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍, വേലുമണിയുടെയും ഷണ്‍മുഖത്തിന്റെയും നേതൃത്വത്തില്‍ 31ലധികം എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 10 എം.എല്‍.എമാരുടെ മാത്രം പിന്തുണ ആവശ്യമുള്ള വിജയ് ഇത് സ്വീകരിക്കുമോയെന്നാണ് അറിയേണ്ടത്.

Content Highlight: AIADMK faces split threat as BJP pushes for alliance with Vijay’s TVK

We use cookies to give you the best possible experience. Learn more