ചെന്നൈ: ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയ്ക്കു പിന്നാലെ എ.ഐ.എ.ഡി.എം.കെയില്‍ പൊട്ടിത്തറി. ടി.ടി.വി ദിനകരനെ പിന്തുണച്ച ആറ് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ഉപതിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് മന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. കടമ്പൂര്‍ രാജു, ദണ്ഡിഗല്‍ ശ്രീനിവാസന്‍, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്.
പാര്‍ട്ടി വക്താവ് സി.ആര്‍ സരസ്വതി, പുഗഴേന്തി പി.വെട്രിവേല്‍, തങ്ക തമിള്‍സെല്‍വന്‍ എന്നിവര്‍ക്ക് പൂറമെ ദിനകരനുമായി ഏറ്റവും അടുപ്പം പുലര്‍ത്തുന്ന രണ്ട് ജില്ലാ സെക്രട്ടറിമാര്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന്‍ 40,707 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തമിഴ്‌നാട്ടിലെ എടപ്പാടി പളനിസാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തിലാണ് അടിയന്തര യോഗം നടന്നത്.
47115 വോട്ടുകള്‍ നേടിയ അണ്ണാ ഡി.എം.കെയുടെ വി.മധുസൂദനനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ദിനകരന്റെ വിജയം. 24075 വോട്ട് നേടിയ ഡി.എം.കെ മൂന്നാമതായിരുന്നു.